കോട്ടയം : സംസ്ഥാന കോൺഗ്രസിൽ ബദൽ ശക്തിയായി വളരുന്ന ശശി തരൂരിനെ കേരള പുത്രനെന്നും, വിശ്വപൗരനെന്നും പുകഴ്ത്തി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. മന്നം ജയന്തി ആഘോഷത്തിന്റെ ഭാഗമായി പെരുന്നയിൽ നടന്ന നായർ സമ്മേളനത്തിൽ സ്വാഗതം ആശംസിക്കവെയാണ് ഉദ്ഘാടകനായ തരൂരിനെ അദ്ദേഹം പുകഴ്ത്തിയത്. ഡൽഹി നായരെന്ന് മുൻപ് താൻ വിളിച്ചത് തെറ്റായിപ്പോയെന്ന് തുറന്നു പറഞ്ഞ സുകുമാരൻ നായർ, തെറ്റ് തിരുത്താനാണ് സമ്മേളനത്തിന് ക്ഷണിച്ചതെന്നും, മന്നം ജയന്തി ഉദ്ഘാടനം ചെയ്യാൻ തരൂരിനോളം അർഹനായ മറ്റൊരാളില്ലെന്നും പറഞ്ഞു.മന്നം ജയന്തി സമ്മേളനത്തിലെ പരാമർശത്തിന് പിന്നാലെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ച് ശശി തരൂർ എം പി.
തിരുവനന്തപുരത്ത് ആദ്യമായി മത്സരിക്കാനെത്തിയപ്പോഴാണ് തരൂരിനെ ഡൽഹി നായരെന്ന് സുകുമാരൻ നായർ കളിയാക്കിയത്. തരൂരിന്റെ സ്ഥാനാർത്ഥിത്വം നായർ ക്വാട്ടയിൽപ്പെടുത്തേണ്ടെന്നും പറഞ്ഞിരുന്നു. അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി.സതീശനെയുൾപ്പെടെ കൊള്ളിച്ചായിരുന്നു ശശി തരൂരിന്റെ പ്രസംഗം. നായന്മാരെ സംഘടിപ്പിക്കാൻ എളുപ്പമല്ല. ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടെന്ന് മന്നത്ത് പത്മനാഭൻ 80 വർഷം മുമ്പ് പറഞ്ഞത് രാഷ്ട്രീയത്തിൽ താൻ ഇടക്കിടയ്ക്ക് അനുഭവിക്കുന്നുണ്ടെന്ന് തരൂർ പറഞ്ഞു.
സുകുമാരൻ നായരുടെ പ്രവർത്തനങ്ങളെ മന്നത്തിനൊപ്പം താരതമ്യപ്പെടുത്തിയ തരൂർ, എൻ.എസ് എസിന്റെ സമദൂര നിലപാടിനെയും പ്രശംസിച്ചു. ഒരു മണിക്കൂർ ഇരുപതു മിനിറ്റ് നീണ്ട തരൂരിന്റെ പ്രസംഗം. ജയന്തി സമ്മേളന നഗർ തിങ്ങിനിറഞ്ഞ ഇരുപതിനായിരത്തോളം കരയോഗാംഗങ്ങൾ വലിയ കൈയടിയോടെയാണ് ശ്രവിച്ചത്.
എ.കെ.ആന്റണി 10 വർഷം മുമ്പ് മന്നം ജയന്തി സമ്മേളനത്തിൽ പങ്കെടുത്ത ശേഷം കോൺഗ്രസ് നേതാക്കളെ പെരുന്നയിൽ ക്ഷണിച്ചിരുന്നില്ല. ഏറെ നാളത്തെ അകൽച്ച അവസാനിപ്പിച്ച് തരൂരിനെ ഇക്കുറി ഉദ്ഘാടകനാക്കുകയായിരുന്നു. കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാൻഡിന്റെ ഔദ്യോഗിക സ്ഥാനാർത്ഥിക്കെതിരെ മത്സരിച്ച തരൂർ, സംസ്ഥാന നേതൃത്വത്തിന്റെ എതിർപ്പ് തള്ളി മലബാർ പര്യടനം നടത്തിയ വേളയിലായിരുന്നു പെരുന്നയിൽ നിന്നുള്ള ക്ഷണം. തുടർന്ന് കേരളത്തിൽ പലയിടത്തും ഉജ്ജ്വല സ്വീകരണം നേടി നിൽക്കുമ്പോഴാണ് എൻ.എസ്.എസ് ജനറൽ സെക്രട്ടറി തരൂരിനെ പുകഴ്ത്തിയത്.
വി.ഡി. സതീശനെതിരെ അടുത്ത കാലത്ത് സുകുമാരൻ നായർ രൂക്ഷവിമർശനമുന്നയിച്ചിരുന്നു.രമേശ് നേരത്തേ മടങ്ങി,സതീശൻ എത്തിയില്ല. ജയന്തി സമ്മേളനങ്ങളിൽ എൻ.എസ്.എസ് നേതൃത്വത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റാൻ മുൻനിര സീറ്റിനായി കോൺഗ്രസ് നേതാക്കൾ ഇടിച്ചുകയറുന്ന സ്ഥിരം കാഴ്ചയും ഇക്കുറി ഉണ്ടായില്ല. തരൂർ പ്രസംഗിക്കുമ്പോൾ സദസിലുണ്ടായിരുന്നത് കൊടിക്കുന്നിൽ സുരേഷ്, എം.കെ.രാഘവൻ, കെ.മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, വി.എസ്.ശിവകുമാർ തുടങ്ങിയവർ മാത്രം. രമേശ് ചെന്നിത്തല തരൂരെത്തുന്നതിന് മുമ്പ് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തി മടങ്ങി. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ എത്തിയില്ല.
. കാലാതീതനായ കർമ്മയോഗിയായിരുന്നു മന്നത്ത് പത്മനാഭനെന്നും, പിന്നാക്കം പോയ നായർ സമുദായത്തെ വിദ്യാഭ്യാസരംഗത്തെ മികവിലൂടെയാണ് അദ്ദേഹം മുൻനിരയിൽ എത്തിച്ചതെന്നും 146-ാമത് മന്നം ജയന്തി സമ്മേളനം പെരുന്നയിൽ ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡോ.ശശി തരൂർ എം.പി പറഞ്ഞു..ഫീസ് കൊടുക്കാൻ പണമില്ലാതെ സ്കൂൾ പഠനം നിറുത്തേണ്ടിവന്ന മന്നത്തിന് രണ്ട് വർഷം വീട്ടിൽ ഇരിക്കേണ്ടിവന്നിട്ടുണ്ട്. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാനുള്ള ആഗ്രഹവും സാധിച്ചില്ല. ഇത് സമുദായംഗങ്ങൾക്കും ഉണ്ടാകാതിരിക്കാൻ മറ്റുള്ള സമുദായങ്ങൾക്കു കൂടി പ്രയോജനകരമാകുന്ന തരത്തിൽ 135 സ്കൂളുകൾക്കും 25 കോളേജുകൾക്കും തുടക്കമിടാൻ അദ്ദേഹത്തിന് സാധിച്ചു. മന്നത്തിന്റെ സത്യസന്ധതയും ആത്മാർത്ഥതയും ജനങ്ങളിലുണ്ടാക്കിയ വിശ്വാസവുമാണ് ഈ നേട്ടത്തിന് കാരണം.
മാനവസേവ മാധവസേവയാകണമെന്ന വിശ്വാസത്തോടെയുള്ള പ്രവർത്തനത്തിലൂടെ കർമ്മയോഗിയും ധ്യാനയോഗിയും ഭക്തിയോഗിയുമായി അദ്ദേഹം മാറി. സവർണ - അവർണ മേധാവിത്വത്തിനെതിരെ ശബ്ദിച്ച് സമൂഹത്തെ ഒന്നിപ്പിക്കാനും ശ്രമിച്ചു. വൈക്കം, ഗുരുവായൂർ സത്യഗ്രഹത്തിൽ നേതൃത്വപരമായ പങ്കുവഹിച്ച് അയിത്തത്തിനെതിരെ പോരാടിയ അദ്ദേഹം കുടുംബ ക്ഷേത്രം എല്ലാവർക്കുമായി തുറന്നുകൊടുത്തു. ഒരു ജാതിയെയും മതത്തെയും ആക്ഷേപിക്കാതെ എല്ലാവരുടെയും വിശ്വാസം നേടിയെടുത്തു.
ഇന്ന് പുതിയ തലമുറ ഉയർന്ന വിദ്യാഭ്യാസത്തിനായി വിദേശരാജ്യങ്ങളിൽ കുടിയേറുന്നത് സർക്കാരുകളുടെ വീഴ്ചയും പരാജയവുമാണ്. കേരളം ഓൾഡ് ഏജ് ഹോമായി മാറിയെന്നാണ് യുവതലമുറയുടെ പരാതി. തൊഴിലില്ലായ്മ രൂക്ഷമായതോടെയാണ് ജോലി തേടി വിദേശത്തേക്കുള്ള ഒഴുക്ക് ശക്തമായത്. മന്നത്തെപ്പോലെ വഴികാട്ടിയാകാൻ ഇന്ന് ആളില്ല. എൻ.എസ്.എസിന്റെ സമദൂരസിദ്ധാന്തത്തിന് നേതൃത്വം കൊടുക്കുന്ന ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ സഞ്ചരിക്കുന്നത് മന്നത്തിന്റെ പാതയിലൂടെയാണെന്നും അദ്ദേഹം പറഞ്ഞു.
.ശൂന്യതയിൽ നിന്ന് അത്ഭുതം സൃഷ്ടിച്ച അവതാര പുരുഷനായിരുന്നു മന്നത്തുപത്മനാഭനെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ പറഞ്ഞു. . മന്നത്തിന്റെ ദർശനമാണ് എൻ.എസ്.എസിന്റെ കൈമുതൽ. സ്വന്തം സമുദായത്തിലെ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാടിയതിന് പുറമെ എൻ.എസ്.എസിനെ സാമൂഹ്യനന്മയ്ക്കായി പ്രവർത്തിക്കുന്ന സംഘടനയാക്കി. ഈശ്വര വിശ്വാസം, മതേതരസംരക്ഷണം, ജനാധിപത്യം, സാമൂഹ്യനീതി എന്നീ അടിസ്ഥാന മൂല്യങ്ങളിലൂന്നി എൻ.എസ്.എസ് ഇന്നും പ്രവർത്തിക്കുന്നത് മന്നത്തിന്റെ പാത പിന്തുടർന്നാണ്. തന്റെ കർമ്മമണ്ഡലത്തിലൂടെ സഞ്ചരിക്കാൻ സമുദായത്തെ പ്രാപ്തമാക്കിയ അദ്ദേഹം മറ്റു സമുദായങ്ങളെയോ നേതാക്കളെയോ കുറ്റം പറയാതെയാണ് കേരളത്തിന്റെ സാമൂഹ്യ - സാംസ്കാരിക രംഗത്ത് നിറഞ്ഞുനിന്നത്. മന്നത്തിന്റെ പ്രശസ്തിയും പ്രസക്തിയും കാലാതീതമായി വർദ്ധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു

