പെരിന്തല്‍മണ്ണ: മതിയായ രേഖകളില്ലാതെ കാറിന്റെ രഹസ്യ അറയിലാക്കി കൊണ്ടു വന്ന 4,59,99,000 രൂപ അങ്ങാടിപ്പുറം മേല്‍പ്പാലത്തിനു സമീപത്ത് നിന്നു പിടികൂടി. കോഴിക്കോട് താമരശേരി ചുണ്ടയില്‍ ഫിദ ഫഹദ്(27), താമരശേരി രാരോത്ത് പരപ്പന്‍പൊയില്‍ പാണമ്പ്ര വീട്ടില്‍ അഹമ്മദ് അനീസ്(26) എന്നിവരാണ് കാറിലുണ്ടായിരുന്നത്.
ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘത്തിന്റെ നേതൃത്വത്തില്‍ പെരിന്തല്‍മണ്ണ പോലീസും ചേര്‍ന്നാണ് വാഹനം പിടികൂടിയത്. രഹസ്യവിവരത്തെത്തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഞായറാഴ്ച രാവിലെ 5.15-ഓടെയാണ് വാഹനം പിടികൂടിയത്. പരിശോധനയില്‍ കാറിന്റെ മുന്‍സീറ്റിനടിയിലുണ്ടാക്കിയ അറയില്‍ കെട്ടുകളാക്കി സൂക്ഷിച്ച നിലയിലായിരുന്നു പണം. അഞ്ഞൂറു രൂപയുടെ നോട്ടുകളാണ് കെട്ടുകളാക്കിയിരുന്നത്. ബംഗളൂരു രജിസ്‌ട്രേഷനിലുള്ളതാണു കാര്‍. അവിടെ നിന്നു മലപ്പുറം ജില്ലയിലേക്കും കൊടുവള്ളിയിലേക്കും ഹവാല ഇടപാടുകള്‍ക്കായി കൊണ്ടുവന്നതാണു പണമെന്നാണു സൂചന. മലപ്പുറം ജില്ലയില്‍ രേഖകളില്ലാത്ത ഏറ്റവും കൂടുതല്‍ തുക പിടികൂടിയ സംഭവവും ഇതാണെന്ന് പോലീസ് പറഞ്ഞു.
പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കും. കൂടാതെ ആദായനികുതി, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്രേ്ടറ്റ് തുടങ്ങിയവര്‍ക്കും റിപ്പോര്‍ട്ട് നല്‍കും. പിടികൂടിയ പണത്തിന് രേഖകള്‍ ഹാജരാക്കിയാല്‍ നിശ്ചിത പിഴ ഈടാക്കി പണം വിട്ടുനല്‍കും.

