ഇലക്ടറല്‍ ട്രസ്റ്റിലൂടെ ലഭിച്ച സംഭാവനകളില്‍ സിംഹഭാഗവും ബി.ജെ.പിക്ക്, ലഭിച്ചത് 351.50 കോടിരൂപ

ന്യൂഡല്‍ഹി: കഴിഞ്ഞവര്‍ഷം ഇലക്ടറല്‍ ട്രസ്റ്റിലൂടെ ലഭിച്ച സംഭാവനകളില്‍ സിംഹഭാഗവും ബി.ജെ.പിക്ക്. കോണ്‍ഗ്രസിനെയും ഇതരപാര്‍ട്ടികളെയും പിന്തള്ളി സംഭാവനക്കണക്കില്‍ പിന്നിലെത്തിയത് ഭാരതീയ രാഷ്ട്രസമിതി(ബി.ആര്‍.എസ്). ആകെ ലഭിച്ച സംഭാവനയില്‍ കോണ്‍ഗ്രസ് ആറാം സ്ഥാനത്ത്.അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസാ (എ.ടി.ആര്‍) ണ് ഇലക്ടറല്‍ ട്രസ്റ്റ് വഴി 2021-22 വര്‍ഷം നേട്ടമുണ്ടാക്കിയ രാഷ്ട്രീയപ്പാര്‍ട്ടികളുടെ വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ഇതനുസരിച്ച് 351.50 കോടിരൂപ കണക്കുകള്‍ക്ക് ആധാരമായ വര്‍ഷം ബി.ജെ.പിയുടെ അക്കൗണ്ടിലെത്തി. ഇത് എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കുമായി ലഭിച്ച ഇലക്ടറല്‍ ട്രസ്റ്റ് സംഭാവനകളുടെ 72.17 ശതമാനംവരും. കോണ്‍ഗ്രസിന് ആകെ ലഭിച്ച സംഭാവനയുടെ 19 മടങ്ങാണിതെന്നതാണ് ഏറ്റവും ശ്രദ്ധേയം. തെലങ്കാന കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ബി.ആര്‍.എസാണു പട്ടികയില്‍ രണ്ടാമത്. 40 കോടി രൂപയാണ് കെ. ചന്ദ്രശേഖരറാവു നേതൃത്വം നല്‍കുന്ന പാര്‍ട്ടിക്കു ലഭിച്ചത്.

മുമ്പ് തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന പാര്‍ട്ടി അടുത്തിടെയാണു ദേശീയപ്രവേശം ലക്ഷ്യമിട്ട് ബി.ആര്‍.എസ്. എന്നു പേരുമാറ്റിയത്.
അഖിലേഷ് യാദവിന്റെ സമാജ്വാദി പാര്‍ട്ടിയാണു പട്ടികയില്‍ മൂന്നാമതെത്തിയത്. 27 കോടി രൂപ കഴിഞ്ഞവര്‍ഷം ഇലക്ടറല്‍ ട്രസ്റ്റിലൂടെ എസ്.പിക്കു കിട്ടി. 21.12 കോടിയുമായി ആം ആദ്മി പാര്‍ട്ടി നാലാമതെത്തിയപ്പോള്‍ വൈ.എസ്.ആര്‍.കോണ്‍ഗ്രസാണ് അഞ്ചാമത്. 20 കോടിരൂപ ഇക്കാലയളവില്‍ ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിക്കു സ്വന്തമാക്കാന്‍ സാധിച്ചു. ഈ പാര്‍ട്ടികള്‍ക്കു പിന്നിലാണു കോണ്‍ഗ്രസിന്റെ സ്ഥാനം. 2021-22 വര്‍ഷം പാര്‍ട്ടിക്കു കിട്ടിയത് 18.44 കോടി രൂപ മാത്രം. ശിരോമണി അകാലിദള്‍ ഏഴു കോടി നേടിയപ്പോള്‍ ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്ങിന്റെ പഞ്ചാബ് ലോക് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒരു കോടി രൂപ ലഭിച്ചു. ഗോവ ഫോര്‍വേഡ് പാര്‍ട്ടിക്കും ഡി.എം.കെയ്ക്കും 50 ലക്ഷം രൂപവീതം സമ്പാദിക്കാന്‍ കഴിഞ്ഞെന്നും എ.ഡി.ആര്‍. റിപ്പോര്‍ട്ട് പറയുന്നു. 89 കോര്‍പ്പറേറ്റ്, വന്‍കിട ബിസിനസ് സംരംഭങ്ങള്‍ 475.80 കോടി രൂപ ഇലക്ടറല്‍ ട്രസ്്റ്റിലൂടെ സംഭാവന നല്‍കി. ഇതില്‍ 62 സംരംഭങ്ങള്‍ പ്രൂഡന്റ് ഇലക്ടറല്‍ ട്രസ്റ്റിലൂടെ 456.30 കോടി രൂപ വിവിധ പാര്‍ട്ടികള്‍ക്കു കൈമാറി. ഇതില്‍ 336.50 കോടിരൂപയും ബി.ജെ.പിക്കായിരുന്നു.

70 കോടി സംഭാവന നല്‍കിയ ആര്‍സെലര്‍ മിത്തല്‍ നിപ്പോണ്‍ സ്റ്റീല്‍ ഇന്ത്യയാണ് ഈ ഗണത്തില്‍ മുന്നില്‍. എ.ബി. ജനറല്‍ ഇലക്ടറല്‍ ട്രസ്റ്റ്വഴി രണ്ടു കോര്‍പ്പറേറ്റുകള്‍ 10 കോടി രൂപവീതം സംഭാവന നല്‍കി. സമാജ് ഇലക്ടറല്‍ ട്രസ്റ്റ്, ഇന്‍ഡിപ്പെന്‍ഡന്റ് ഇലക്ടറല്‍ ട്രസ്റ്റ് എന്നിവയെയും സംഭാവന നല്‍കാന്‍ സംരംഭങ്ങള്‍ ആശ്രയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →