മലപ്പുറം: കരിപ്പൂരില്‍ മൂന്നു യാത്രക്കാരില്‍ നിന്നായി 97 ലക്ഷത്തിന്റെ സ്വര്‍ണം എയര്‍കസ്റ്റംസ് ഇന്റലിജന്‍സും കരിപ്പൂര്‍ പോലീസും പിടികൂടി. ദോഹയില്‍ നിന്ന് എയര്‍ഇന്ത്യ വിമാനത്തിലെത്തിയ കോഴിക്കോട് മലയമ്മ സ്വദേശി അയിനികുന്നുമ്മല്‍ ഷമീറലിയില്‍ (31) നിന്നു 1065 ഗ്രാം സ്വര്‍ണമിശ്രിത ക്യാപ്‌സൂളുകളാണ് കണ്ടെത്തിയത്. ശരീരത്തില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. 50 ലക്ഷം രൂപ വില വരും.
ഷാര്‍ജയില്‍ നിന്നു കരിപ്പൂരിലെത്തിയ കോഴിക്കോട് പുതുപ്പാടി അബ്ദുള്‍ റസാക്ക് (39) കാല്‍പാദത്തിനടിയില്‍ ഇന്‍സുലേഷന്‍ ടേപ്പ് ഒട്ടിച്ചു കടത്താന്‍ ശ്രമിച്ച സ്വര്‍ണമാണ് പിടികൂടിയത്. 12 ലക്ഷം രൂപ വില വരുന്ന രണ്ടു സ്വര്‍ണമാലകളാണു പിടികൂടിയത്. കള്ളക്കടത്തുസംഘം ഷമീറലിക്ക് 90,000 രൂപയും അബ്ദുള്‍ റസാക്കിന് 15,000 രൂപയുമാണ് പ്രതിഫലം വാഗ്ദാനം ചെയ്തിരുന്നത്. കരിപ്പൂര്‍ എയര്‍കസ്റ്റംസ് വിഭാഗം ഡിസംബറില്‍ മാത്രം 39 കേസുകളിലായി 16 കോടി രൂപ വില വരുന്ന 32 കിലോ സ്വര്‍ണം പിടികൂടിയത്.
അബൂദാബിയില്‍ നിന്നെത്തിയ തിരൂര്‍ സ്വദേശി മുസ്തഫ (30) കരിപ്പൂര്‍ കസ്റ്റംസിനെ വെട്ടിച്ചു കടത്തിയ 35 ലക്ഷം രൂപയുടെ സ്വര്‍ണമാണ് കരിപ്പൂര്‍ പോലീസ് പിടികൂടിയത്. 636 ഗ്രാം സ്വര്‍ണം മിശ്രിതരൂപത്തില്‍ മൂന്നു കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണം കോടതിയില്‍ സമര്‍പ്പിക്കും.

