കണ്ണൂർ : സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനും ലഹരി മാഫിയയിലെ കണ്ണിയുമെന്ന് സിപിഎം വിശേഷിപ്പിച്ച ആകാശ് തില്ലങ്കരിയുമായി ഡിവൈഎഫ്ഐ നേതാവ് വേദി പങ്കിട്ടത് വലിയ വിവാദമായിരുന്നു. സംസ്ഥാന ജോയിന്റ് സെക്രട്ടറി എം ഷാജർ, ആകാശ് തില്ലങ്കേരിക്ക് ക്രിക്കറ്റ് മത്സരത്തിലെ ട്രോഫി നൽകുന്ന ദൃശ്യം വിവാദമായെങ്കിലും നേതാക്കളാരും പ്രതികരിക്കാൻ തയ്യാറായിരുന്നില്ല.
ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകിയ സംഭവത്തിൽ സംഘാടകർക്ക് വീഴ്ച പറ്റിയെന്ന് സിപിഎം പ്രാദേശിക നേതൃത്വം. പരിപാടി സംഘടിപ്പിച്ചവർക്ക് വീഴ്ച പറ്റിയെന്ന് തില്ലങ്കേരി ലോക്കൽ കമ്മറ്റി. കളങ്കിതരായിട്ടുള്ളവരും ഫോട്ടോ ഉപയോഗിച്ച് ദുഷ്പ്രചാരണം നടത്തുന്നു. വീഴ്ച സംഭവിച്ചവർക്കെതിരെ പാർട്ടി നടപടിയെടുത്തെന്ന് വാർത്താകുറിപ്പ്. എന്നാൽ ആർക്കെതിരെ എന്ത് നടപടിയെന്നൊന്നും വിശദീകരണമില്ല.
സിപിഎം സൈബർ പ്രചാരകനായി വേഷമിട്ട് സ്വർണം പൊട്ടിക്കൽ ക്വട്ടേഷൻ നടത്തുന്ന ആകാശ് തില്ലങ്കേരിയുടെ ഫേസ്ബുക്ക് പോസ്റ്റിന് കമന്റിട്ടാൽ പോലും നടപടിയുണ്ടാകുമെന്നായിരുന്നു സിപിഎം ബ്രാഞ്ചുകളിൽ റിപ്പോർട്ട് ചെയ്തത്. അന്ന് റഹീമും സതീഷും സനോജും എന്നുവേണ്ട സകല ഡിവൈഎഫ്ഐ നേതാക്കളും കണ്ണൂരിലെമ്പാടും കാൽനട ജാഥ നടത്തി പേരെടുത്ത് വിമർശിച്ചു.
അതേ ആകാശ് തില്ലങ്കേരിക്ക് ട്രോഫി നൽകി പുഞ്ചിരിച്ച് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നത് ഡിവൈഎഫ്ഐ കേന്ദ്ര കമ്മറ്റി അംഗവും സംസ്ഥാന ജോയിന്റ് സെക്രട്ടറിയുമായ എം ഷാജർ. തില്ലങ്കേരിയിൽ നടന്ന ക്രിക്കറ്റ് ടൂർണമെന്റിലെ വിജയിക്കുള്ള കപ്പാണ് നൽകിയത്. ക്വട്ടേഷൻ തലവനെ തള്ളിപ്പറയുകയും ഒപ്പം നിർത്തുകയും ചെയ്യുന്ന ഈ ഇരട്ടത്താപ്പിൽ സമൂഹമാധ്യമങ്ങളിൽ വൻ വിമർശനം ഉയരുമ്പോഴും ഒരു ഡിവൈഎഫ്ഐ നേതാവും പ്രതികരിക്കുന്നില്ല