ഝാര്‍ഖണ്ഡ് നടി ബംഗാളില്‍ വെടിയേറ്റു മരിച്ചു

കൊല്‍ക്കത്ത: ഝാര്‍ഖണ്ഡ് നടി ഇഷ ആല്യ (റിയാ കുമാരി) വെടിയേറ്റു മരിച്ചു. കുടുംബത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവേ ബംഗാളിലെ ഹൗറയിലാണ് സംഭവം. ദേശീയപാതയില്‍ മോഷണശ്രമം ചെറുക്കുന്നതിനിടെ നടിക്കു വെടിയേറ്റെന്നാണ് ഭര്‍ത്താവിന്റെ മൊഴി.ഭര്‍ത്താവും സംവിധായകനുമായ പ്രകാശ് കുമാര്‍, മൂന്നു വയസുള്ള മകള്‍ എന്നിവര്‍ക്കൊപ്പം റാഞ്ചിയില്‍നിന്ന് കൊല്‍ക്കത്തയിലേക്ക് പോകുമ്പോഴായിരുന്നു ദുരന്തം. പ്രകാശ് കുമാറിന്റെ പരാതിയില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. പോലീസ് ഇദ്ദേഹത്തെ ചോദ്യം ചെയ്യുകയും സംഭവം നടന്ന സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു. കുറ്റകൃത്യം നടന്ന സ്ഥലത്തിന് സമീപത്തെ ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവിയുടെ ദൃശ്യങ്ങളും പോലീസ് ശേഖരിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നു: കൊല്‍ക്കത്തയിലേക്ക് പോകുകയായിരുന്നു ഇഷയും കുടുംബവും. ഇന്നലെ രാവിലെ ആറുമണിയോടെ മാഹിശ്രേഖയിലെ വിജനമായ ഒരിടത്തെത്തിയപ്പോള്‍ വിശ്രമിക്കാനായി കാര്‍ നിര്‍ത്തി. ഈ സമയത്ത് മൂന്നുപേര്‍ ചേര്‍ന്ന് ഇവരെ ആക്രമിക്കുകയായിരുന്നു. ആക്രമണം ചെറുക്കുന്നതിനിടെ തൊട്ടടുത്തുവെച്ചുതന്നെ ഇഷയ്ക്ക് വെടിയേല്‍ക്കുകയായിരുന്നു.

ആക്രമണം നടക്കുമ്പോള്‍ ഇഷയും കുഞ്ഞും കാറിലായിരുന്നുവെന്ന് പ്രകാശ് കുമാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. തന്റെ പഴ്‌സ് തട്ടിപ്പറിക്കാന്‍ ശ്രമിക്കുന്നത് കണ്ട് തടയാന്‍ ശ്രമിച്ചപ്പോഴാണ് അവര്‍ക്ക് വെടിയേറ്റതെന്നും അദ്ദേഹം പറഞ്ഞു. സംഭവം നടന്നത് വിജനമായ സ്ഥലത്തായതിനാല്‍ സഹായം ലഭിക്കാന്‍ പ്രകാശിന് മൂന്നു കിലോമീറ്റര്‍ സഞ്ചരിക്കേണ്ടിവന്നു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ യുവതിയെ സമീപത്തെ എസ്.സി.സി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.ഝാര്‍ഖണ്ഡിലെ പ്രമുഖനടിയാണ് ഇഷ ആല്യ. ഒട്ടനവധി ആല്‍ബങ്ങളിലും അഭിനയിച്ചിട്ടുണ്ട്. റിയാ കുമാരി എന്നാണ് യഥാര്‍ത്ഥ പേര്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →