സോളാര്‍ കേസ്: ‘പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ട’ മുഖ്യമന്ത്രി

ദില്ലി: സോളാര്‍ പീഡനകേസില്‍ പ്രതിപക്ഷ നേതാക്കളെ കുറ്റവിമുക്തരാക്കിയ സിബിഐ നടപടിയെ കുറിച്ചുള്ള ചോദ്യങ്ങള്‍ അവഗണിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ദില്ലിയില്‍ സിപിഎം പിബി യോഗത്തിന് എത്തിയപ്പോഴായിരുന്നു മുഖ്യമന്ത്രിയോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയത്. തണുപ്പായതു കൊണ്ടാണോ വെയിലത്ത് നില്‍ക്കുന്നതെന്ന് അദ്ദേഹം 28/12/22 ബുധനാഴ്ചയും മാധ്യമപ്രവര്‍ത്തകരോട് ചോദിച്ചു. പറയാനുള്ളപ്പോള്‍ വന്ന് പറയും, നിങ്ങള്‍ക്കാവശ്യമുള്ളത് പറയിപ്പിക്കാന്‍ ശ്രമിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

സോളാർ പീഡന കേസിൽ മുന്‍ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് സിബിഐയുടെ ക്ലീൻ ചിറ്റ്. ക്ലിഫ് ഹൗസിൽ വെച്ച് ഉമ്മൻചാണ്ടി പീഡിപ്പിച്ചെന്ന പരാതി വാസ്തവ വിരുദ്ധമാണെന്ന് കാണിച്ച് സിബിഐ തിരുവനന്തപുരം സിജെഎം കോടതിയിൽ റിപ്പോർട്ട് നൽകി. ബിജെപി നേതാവ് എ പി അബ്ദുള്ളക്കുട്ടിക്കുട്ടിക്കെതിരായ പരാതിയും സിബിഐ തള്ളി. ഇതോടെ മുഴുവൻ സോളാർ പീഡന കേസുകളിലെയും പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്.

വർഷങ്ങളായി കേരള രാഷ്ട്രീയത്തെ പിടുച്ചുകുലുക്കിയ സോളാർ പീഡന ബോംബ് ഒടുവിൽ ആവിയായി. സോളാർ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതി ഉന്നയിച്ച പീഡന പരാതിയിൽ ഏറ്റവും അധികം കല്ലേറ് കൊണ്ടത് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയാണ്. എന്നാൽ ഉമ്മൻചാണ്ടിക്കെതിരായ പരാതികൾ പൂ‍ർണ്ണമായും തള്ളുകയാണ് സിബിഐ. ചികിത്സയിലായിരിക്കെ ഉമ്മൻചാണ്ടി ക്ലിഫ് ഹൗസിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ മൊഴിയാണ് കേരള രാഷ്ട്രീയത്തിലെ അതികായനായ ഉമ്മൻചാണ്ടിക്ക് മേൽ വർഷങ്ങളായി കരിനിഴൽ വീഴ്ത്തിയിരുന്നത്. എന്നാൽ മൊഴിയിൽ പറഞ്ഞ ദിവസം പരാതിക്കാരി ക്ലിഫ് ഹൗസിൽ എത്തിയിരുന്നില്ലെന്നാണ് സിബിഐ കണ്ടെത്തൽ. പീഡിപ്പിക്കുന്നത് പി സി ജോർജ് കണ്ടെന്ന മൊഴിയും കേന്ദ്ര ഏജൻസി തള്ളി. താൻ ദൃക്സാക്ഷിയാണെന്നത് കളവെന്നായിരുന്നു ജോർജിന്റെ മൊഴി. പീഡന പരാതിയിൽ ആദ്യമെടുത്തത് ബിജെപി ദേശീയ നേതാവായ എപി അബ്ദുള്ളക്കുട്ടിക്കെതിരായ കേസ്. അബ്ദുള്ളക്കുട്ടിക്കും സിബിഐ ക്ലീൻചിറ്റ് നൽകിയിരിക്കുകയാണ്. തിരുവനന്തപുരത്ത് മാസ്ക്കറ്റ് ഹോട്ടലിൽ വെച്ച് പീഡിപ്പിച്ചെന്ന പരാതിക്കാരിയുടെ ആരോപണം വിശ്വസനീയമല്ലെന്നാണ് കണ്ടെത്തൽ. 

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →