ഗാന്ധിനഗര്‍: മകളുടെ അശ്‌ളീല വീഡിയോ പ്രചരിപ്പിച്ചതു ചോദ്യം ചെയ്യാനെത്തിയ ബി.എസ്.എഫ്. ജവാന്‍ കുറ്റാരോപിതന്റെയും കുടുംബാംഗങ്ങളുടെയും മര്‍ദനമേറ്റു മരിച്ചു. ഗുജറാത്തിലെ ചക്്‌ലാസി ഗ്രാമത്തില്‍ ക്രിസ്മസ് തലേന്നാണ് സംഭവം.സാമൂഹിക മാധ്യമങ്ങളിലൂടെ മകളുടെ വീഡിയോ പ്രചരിച്ചതിനു പിന്നിലെ സൂത്രധാരനെന്ന് കരുതുന്ന പതിനഞ്ചുകാരന്റെ വീട്ടിലെത്തിയ ജവാനാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടി പഠിക്കുന്ന അതേ സ്‌കൂളിലെ വിദ്യാര്‍ഥിയാണ് പതിനഞ്ചുകാരന്‍. ഇരുവരും തമ്മില്‍ പ്രണയത്തിലായിരുന്നെന്നും പറയുന്നു. മകളുടെ സ്വകാര്യനിമിഷങ്ങള്‍ അടങ്ങുന്ന വീഡിയോ പ്രചരിപ്പിച്ചതിനു പിന്നില്‍ പതിനഞ്ചുകാരനാണെന്നു ബോധ്യമായതിന്റെ അടിസ്ഥാനത്തില്‍ ഇക്കാര്യം ചോദിക്കാനാണ് ബി.എസ്.എഫ്. ജവാനെത്തിയത്.
ഭാര്യ, രണ്ടു മക്കള്‍, അനന്തരവന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. വിവരങ്ങള്‍ ആരായുന്നതിനിടെ പതിനഞ്ചുകാരനും കുടുംബാംഗങ്ങളും ജവാനെയും സംഘത്തെയും അപമാനിച്ചു സംസാരിച്ചു. ഇതു ചോദ്യം ചെയ്തതിനു പിന്നാലെ ജവാന്‍ ഉള്‍പ്പെടെയുള്ളവരെ എതിര്‍പക്ഷം ക്രൂരമായി ആക്രമിച്ചു. മര്‍ദനമേറ്റ് ജവാന്‍ മരിച്ചെന്നാണ് പോലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

