ന്യൂയോര്‍ക്ക്: കൊടുങ്കാറ്റിനൊപ്പം അതിശൈത്യവും തുടരുന്ന യു.എസില്‍ മരണം 38 കടന്നു. സാധാരണജീവിതം ദുഷ്‌കരമാക്കി ദശലക്ഷങ്ങളുടെ ക്രിസ്മസ് രാവുകളെ ഇരുട്ടിലാഴ്ത്തിയ ശൈത്യകാല കൊടുങ്കാറ്റിന്റെ വേഗം അടുത്ത ദിവസങ്ങളില്‍ കുറഞ്ഞുതുടങ്ങുമെന്ന് യു.എസ്. ദേശീയ കാലാവസ്ഥാ വിഭാഗം. അതുവരെ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ മഞ്ഞുവീഴ്ചയും കൊടുംതണുപ്പും തുടരുമെന്നും മുന്നറിയിപ്പ്.പടിഞ്ഞാറന്‍ ന്യൂയോര്‍ക്കിലെ ബഫലോ നഗരമാണു ക്രിസ്മസ് ദിനത്തില്‍ പ്രതികൂല കാലാവസ്ഥയില്‍ ഏറ്റവുമധികം വിറങ്ങലിച്ചത്. ഹിമപാതത്തെത്തുടര്‍ന്നു കനത്ത നാശനഷ്ടമുണ്ടായ ഈ പ്രദേശത്തേക്ക് എത്തിച്ചേരാന്‍ രക്ഷാപ്രവര്‍ത്തകര്‍ പാടുപെടുകയാണ്. കൊടുംതണുപ്പില്‍ ഇവിടെമാത്രം 17 പേര്‍ മരിച്ചു.
കിഴക്കന്‍ സംസ്ഥാനങ്ങളിലെ രണ്ടുലക്ഷത്തിലേറെ യു.എസ്. പൗരന്മാര്‍ക്ക് ക്രിസ്മസ് ദിനത്തില്‍ വൈദ്യുതി ലഭ്യമായില്ല. നിരവധി പേര്‍ക്ക് അവരുടെ അവധിക്കാല യാത്രാപദ്ധതികള്‍ ഉപേക്ഷിക്കേണ്ടിയുംവന്നു. എന്നാല്‍ അഞ്ചുദിവസം നീണ്ടുനിന്ന കൊടുങ്കാറ്റിനും മഞ്ഞുവീഴ്ചയ്ക്കും ഇപ്പോള്‍ അയവുവരുന്നത് ആശ്വാസമായിട്ടുണ്ട്.
അതിരൂക്ഷമായ കാലാവസ്ഥയില്‍ യു.എസിലെ 48 സംസ്ഥാനങ്ങളും ക്രിസ്മസ് വാരാന്ത്യത്തില്‍ തണുത്തുറഞ്ഞിരുന്നു. ആയിരക്കണക്കിനു വിമാനങ്ങള്‍ റദ്ദാക്കിയതോടെ അവധിക്കാല യാത്രക്കാര്‍ മഞ്ഞുമൂടിയ കെട്ടിടങ്ങളില്‍ അകപ്പെട്ടു. ഒമ്പതു സംസ്ഥാനങ്ങളിലായി 32 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന അധികൃതരുടെ മുന്നറിയിപ്പുണ്ട്. മണിക്കൂറുകളോളം നീണ്ട തെരച്ചിലില്‍ വാഹനങ്ങളില്‍നിന്നും മഞ്ഞുപാളികള്‍ക്കിടയില്‍നിന്നുമാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മേഖലയിലെ അപകടകരമായ പരിതസ്ഥിതി രക്ഷാപ്രവര്‍ത്തനത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. ബഫലോ നഗരത്തിലെ രാജ്യാന്തര വിമാനത്താവളം ഇന്നുവരെ അടച്ചിടും. റോഡ്-റെയില്‍ ഗതാഗതവും ഈ പ്രദേശത്തു നിരോധിച്ചിട്ടുണ്ട്.
മഞ്ഞുവീഴ്ചയുള്ള മേഖലകളില്‍ ഇന്നും വൈദ്യുതി പുനഃസ്ഥാപിക്കാമെന്ന പ്രതീക്ഷയില്ല. വൈദ്യുത സബ്‌സ്‌റ്റേഷനുകള്‍ക്കുമേല്‍ കനത്ത തോതില്‍ മഞ്ഞുമൂടിക്കിടക്കുകയാണ്. ഒരിടത്ത് ഇത് 18 അടിയോളമാണെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം ഇന്നലെ രാത്രിയോടെ ചില പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിച്ചു തുടങ്ങി. ഉപയോഗം കുറയ്ക്കുന്നതു ലക്ഷ്യമിട്ട് നോര്‍ത്ത് കരോലിന, ടെന്നസി തുടങ്ങിയ സ്ഥലങ്ങളില്‍ വന്‍തോതില്‍ ഊര്‍ജനികുതി ഏര്‍പ്പെടുത്തുകയും ചെയ്തു.
ആയിരക്കണക്കിനു വിമാനങ്ങള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ക്രിസ്മസ് ദിനത്തില്‍ അറ്റ്‌ലാന്റ, ഷിക്കാഗോ, ഡെന്‍വര്‍, ഡെട്രോയിറ്റ്, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലുള്‍പ്പെടെ യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങി. തിരക്കേറിയ ഗതാഗത റൂട്ടുകളില്‍ ചിലത് താല്‍ക്കാലികമായി അടച്ചതും യാത്രികര്‍ക്കു വിനയായി.
അതിശൈത്യം കാനഡയിലും നാശനഷ്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞദിവസം ബ്രിട്ടീഷ് കൊളംബിയയില്‍ ഓടിക്കൊണ്ടിരുന്ന ബസ് കീഴ്‌മേല്‍ മറിഞ്ഞ് നാലുപേര്‍ മരിക്കുകയും 53 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഒന്റാറിയോയിലും ക്യൂബെക്കിലും ലക്ഷക്കണക്കിനാളുകള്‍ക്ക് ഇപ്പോഴും വൈദ്യുതിയില്ല. പ്രധാന നഗരങ്ങളില്‍ നിരവധി വിമാനങ്ങള്‍ റദ്ദാക്കി. ടൊറന്റോയ്ക്കും ഒട്ടാവയ്ക്കും ഇടയിലുള്ള പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവച്ചതായും റിപ്പോര്‍ട്ടുണ്ട്.