പുസ്തകമെഴുതും: കാണ്ഡഹാര്‍ ബന്ദികളെ മോചിപ്പിക്കാന്‍ നിര്‍ണായക ഇടപെടല്‍ നടത്തിയെന്നും ചാള്‍സ് ശോഭ്രാജ്

കാഠ്മണ്ഡു: ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിനു ശേഷം കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജ് മോചിതനായിരിക്കുകയാണ്. ശോഭ്രാജിനെ ഇയാളെ മോചിപ്പിച്ച് ഫ്രാന്‍സിലേക്ക് നാടുകടത്താന്‍ നേപ്പാള്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇനി ഇയാള്‍ എന്ത് ചെയ്യും? എന്താണ് ശോഭാരാജിന്റെ ഭാവി പദ്ധതി?

ആദ്യം കൊണ്ടുപോയത് നേപ്പാള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്ക്

കാഠ്മണ്ഡുവിലെ ജയിലില്‍നിന്ന് പുറത്തുകൊണ്ടുവന്ന ശോഭ്രാജിനെ നേപ്പാള്‍ ഇമിഗ്രേഷന്‍ വിഭാഗത്തിലേക്കാണ് കൊണ്ടുപോയത്. ഇനി വൈദ്യ പരിശോധനയാണുള്ളത്. രോഗബാധിതനായതിനാല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തും. സുരക്ഷാപ്രശ്നങ്ങള്‍ കൂടി കണക്കിലെടുത്ത് ചാള്‍സ് ശോഭ്രാജിനെ എത്രയുംവേഗം ഫ്രാന്‍സിലേക്കു നാടു കടത്തുന്നത്. ഫ്രാന്‍സിലേക്ക് വിമാനടിക്കറ്റ് എടുത്തായി അഭിഭാഷകന്‍ ഗോപാല്‍ ശിവകോടി ചിന്തന്‍ പറഞ്ഞു. ജയില്‍മോചിതനായി 15 ദിവസത്തിനുള്ളില്‍ നാടുകടത്തണമെന്നാണു സുപ്രീം കോടതിയുടെ നിര്‍ദേശം.

ഇന്ത്യന്‍- വിയറ്റ്നാമീസ് മാതാപിതാക്കള്‍, ഫ്രഞ്ച് പൗരത്വം

അമേരിക്കന്‍ വിനോദസഞ്ചാരികളെ കൊലപ്പെടുത്തിയ കേസിലാണ് 2003ല്‍ ശോഭ്രാജ് ജയിലിയായത്. ഇന്ത്യന്‍- വിയറ്റ്നാമീസ് മാതാപിതാക്കളുടെ മകനായ ശോഭ്രാജിന് ഫ്രഞ്ച് പൗരത്വമാണുള്ളത്. വ്യാജ പാസ്പോര്‍ട്ട് ഉപയോഗിച്ചാണ് അയാള്‍ നേപ്പാളിലേക്കു കടന്നത്. യു.എസ്. പൗരന്മാരായ കനേയ് ജോ ബോറന്‍സിച്(29), കാമുകി ലോറന്റ് കാരി(26) എന്നിവരെ കൊലപ്പെടുത്തിയ കേസിലാണ് നേപ്പാള്‍ ജയിലിലായത്. കൊലപാതകത്തിനു ജീവപര്യന്തം തടവുശിക്ഷയും വ്യാജപാസ്പോര്‍ട്ട് ഉണ്ടാക്കിയതിന് 2000 രൂപയും പിഴയുമാണു ശിക്ഷ ലഭിച്ചത്. കുട്ടിക്കുറ്റവാളിയെന്ന നിലയില്‍ പലതവണ ഫ്രാന്‍സിലെ ജയിലുകളില്‍ കഴിഞ്ഞിട്ടുള്ള ശോഭ്രാജ് 1970 കളിലാണു കുറ്റകൃത്യങ്ങളുടെ രാജ്യാന്തരയാത്ര തുടങ്ങിയത്. പടിഞ്ഞാറന്‍ രാജ്യങ്ങളിലെ വനിതകളെ പ്രണയക്കുരുക്കിലാക്കുകയായിരുന്നു ഇയാളുടെ രീതി. ആദ്യം ആത്മീയത പറഞ്ഞും പിന്നീട് മയക്കുമരുന്നു നല്‍കിയും ഇരകളെ പാട്ടിലാക്കും. പിന്നീട് മോഷണവും കൊലപാതകവും നടത്തി നാടുവിടുകയായിരുന്നു പതിവ്. 1975 ല്‍ പട്ടായയില്‍ അമേരിക്കന്‍ യുവതിയെ കൊലപ്പെടുത്തിയതാണു രേഖകള്‍ പ്രകാരമുള്ള ആദ്യകൊലപാതകം. പിന്നീട് 19 സ്ത്രീകളെക്കൂടി കൊലപ്പെടുത്തി.
ഫ്രഞ്ച് വിനോദസഞ്ചാരിയെ കൊലപ്പെടുത്തിയ കേസില്‍ 1976 ലാണ് ചാള്‍സ് ശോഭ്രാജ് ഡല്‍ഹിയില്‍ പോലീസ് പിടിയിലായത്. ഈ കേസില്‍ 12 വര്‍ഷം തടവ് ശിക്ഷ ലഭിച്ചു. 1986-ല്‍ ജയില്‍ ചാടിയെങ്കിലും ഗോവയില്‍നിന്നു പിടിയിലായി. 1997-ല്‍ ഇന്ത്യന്‍ ജയിലില്‍നിന്ന് മോചിതനായ ഇയാള്‍ 2003-ല്‍ ഫ്രാന്‍സിലേക്കു മടങ്ങി. പിന്നീട് നേപ്പാളില്‍ അറസ്റ്റിലാകുകയായിരുന്നു. അവിടെ ജയില്‍ ശിക്ഷ അനുഭവിക്കുന്നതിനിടെ അഭിഭാഷകയായ നിഹിത ബിശ്വാസുമായി പ്രണയത്തിലായി. ശോഭ്രാജിനേക്കാള്‍ 44 വയസ് കുറവാണ് നിഹിതയ്ക്ക്. ആ ബന്ധത്തില്‍ ഒരു മകളുണ്ട്.

പുസ്തകമെഴുതും: ശോഭ്രാജ്

ജയില്‍മോചിതനായ ശേഷം ഫ്രാന്‍സിലേക്കു പോകുമെന്നും എഴുത്തിലും ബിസിനസിലും മുഴുകി വര്‍ഷങ്ങളോളം ജീവിക്കുമെന്നാണു പ്രതീക്ഷയെന്നും കുപ്രസിദ്ധ കുറ്റവാളി ചാള്‍സ് ശോഭ്രാജ് അറിയിച്ചിരുന്നതായാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്. കാഠ്മണ്ഡു ജയിലില്‍നിന്നു പുറത്തുവന്ന ശേഷമേ പ്രസിദ്ധീകരിക്കാവൂ എന്ന നിബന്ധനയോടെ ആറുവര്‍ഷം മുമ്പാണ് ശോഭ്രാജ് ഇ-മെയിലില്‍ ഇക്കാര്യം അറിയിച്ചതെന്നാണു റിപ്പോര്‍ട്ട്.

2003 ല്‍ നേപ്പാളില്‍ അറസ്റ്റിലായതിനെക്കുറിച്ചും അതിനുമുമ്പ് ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ കഴിഞ്ഞതിനെക്കുറിച്ചുമൊക്കെ അയച്ചുകൊടുത്ത ചോദ്യങ്ങളോടു പ്രതികരിച്ച് ശോഭ്രാജ് പറഞ്ഞതിന്റെ വിശദാംശങ്ങളും റിപ്പോര്‍ട്ടിലുണ്ട്. തന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട സിനിമയെയും രചിക്കപ്പെട്ട പുസ്തകത്തെയും കുറിച്ചു പരാമര്‍ശിക്കുന്നുണ്ടെങ്കിലും 1999 ലെ കാണ്ഡഹാര്‍ വിമാന റാഞ്ചലിനെത്തുടര്‍ന്നുള്ള സംഭവവികാസങ്ങള്‍ക്കാണ് അഭിമുഖത്തില്‍ ശോഭ്രാജ് ഊന്നല്‍ നല്‍കുന്നത്.പാക് ഭീകരര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ വിമാനയാത്രക്കാരെ മോചിപ്പിക്കുന്നതില്‍ താന്‍ വഹിച്ച പങ്കിനെക്കുറിച്ച് ഇയാള്‍ ഏറെ വാചാലനാകുന്നു. ശിഷ്ടജീവിതം മകള്‍ക്കുവേണ്ടി സമര്‍പ്പിക്കുമെന്നും അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇന്ത്യന്‍ എയര്‍െലെന്‍സ് വിമാനം ഭീകരര്‍ തട്ടിക്കൊണ്ടു പോയതിനെത്തുടര്‍ന്ന് അന്നത്തെ വിദേശകാര്യ മന്ത്രി ജസ്വന്ത് സിങ് തന്നെ ബന്ധപ്പെട്ടു. യാത്രക്കാരുടെ മോചനത്തിനായി ഭീകരനേതാവ് മസൂദ് അസറിന്റെ പാര്‍ട്ടിയായ ഹര്‍കത്ത് ഉള്‍ അന്‍സാറിന്റെ അംഗങ്ങളുമായി താന്‍ സംസാരിച്ചു. ആദ്യം യാത്രക്കാരെ വിട്ടയക്കാന്‍ വിസമ്മതിച്ച അവരില്‍നിന്ന് 11 ദിവസത്തേക്ക് യാത്രക്കാരെ ഉപദ്രവിക്കില്ലെന്ന ഉറപ്പു നേടുന്നതില്‍ വിജയിച്ചു. അതിനാല്‍ ഇന്ത്യയ്ക്കു ചര്‍ച്ച നടത്താന്‍ 11 ദിവസത്തെ സമയം ലഭിച്ചു. വിമാനം കാണ്ഡഹാറിലായിരുന്നതിനാല്‍, യാത്രക്കാരെ രക്ഷിക്കാന്‍ മസൂദിനെ വിട്ടയക്കുകയല്ലാതെ ഇന്ത്യന്‍ സര്‍ക്കാരിന് മറ്റു മാര്‍ഗമില്ലായിരുന്നു-ശോഭ്രാജ് പറയുന്നു.

നേപ്പാളില്‍ ഒരു കുറ്റവും താന്‍ ചെയ്തിട്ടില്ലെന്നാണ് ശോഭ്രാജ് അഭിമുഖത്തില്‍ അവകാശപ്പെടുന്നത്. ഫ്രഞ്ച് സിനിമാ നിര്‍മാണ കമ്പനിയായ ജെന്റില്‍മാന്‍ ഫിലിംസ് പ്രൊഡക്ഷന്‍സിന്റെ അസിസ്റ്റന്റ് പ്രൊഡ്യൂസറായാണ് അവിടെ എത്തിയത്. അതൊരു നിയമപരമായ ബിസിനസ് കാര്യമായിരുന്നു. ഒരു കൂടിക്കാഴ്ച. എന്നാല്‍ കാഠ്മണ്ഡുവിലെ എന്റെ സാന്നിധ്യം ആരോ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തികൊടുത്തു. ഒന്നാം പേജില്‍ വാര്‍ത്ത വരികയും ചെയ്തു. ഇതിനിടെ നേപ്പാള്‍ ഒരു മാവോയിസ്റ്റ് കലാപത്തെ അഭിമുഖീകരിക്കുകയാണെന്നും ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് കിട്ടിയതായും ശോഭ്രാജ് പറയുന്നു.

നേപ്പാള്‍ ജയിലുകളിലെ അവസ്ഥ പ്രാകൃതവും ഭയാനകവും

നേപ്പാള്‍ ജയിലുകളിലെ അവസ്ഥ പ്രാകൃതവും ഭയാനകവുമാണെന്ന് തിഹാര്‍ ജയിലിനെയും കാഠ്മണ്ഡു ജയിലിനെയും താരതമ്യം ചെയ്ത് ശോഭ്രാജ് പറയുന്നുണ്ട്. അന്തേവാസികള്‍ പട്ടിണി കിടക്കുന്നതിനാല്‍ അവിടത്തെ മരണനിരക്ക് വളരെ ഉയര്‍ന്നതാണ്. നേപ്പാള്‍ സുപ്രീം കോടതിയോട് ഇക്കാര്യത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടുവെന്നും പ്രതിദിന ഭക്ഷണ അലവന്‍സ് വര്‍ധിപ്പിക്കാന്‍ കോടതി സര്‍ക്കാരിനോടു നിര്‍ദേശിച്ചുവെന്നുമാണ് ഇയാള്‍ തുടര്‍ന്നു പറയുന്നത്. ഫ്രാന്‍സിലേക്കു മടങ്ങുന്ന താന്‍ ജീന്‍ ചാള്‍സ് ഡെനിയുവുമായി ചേര്‍ന്ന് പുസ്തകം പ്രസിദ്ധീകരിക്കുമെന്നും ശോഭ്രാജ് വ്യക്തമാക്കുന്നു. ചില ഡോക്യുമെന്ററികളുടെ പ്രൊമോഷനിലും നിര്‍മാണത്തിലുമായി ഇനിയുള്ള സമയം തിരക്കിലായിരിക്കും. താന്‍ സുഹൃത്തുക്കളായി കരുതുന്ന മൂന്നു സഹോദരിമാരെ പൂനെയില്‍ വന്നു കാണാന്‍ ആഗ്രഹമുണ്ടെന്നും ശോഭ്രാജ് പറയുന്നുണ്ട്. എന്നാല്‍ അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായുള്ള തന്റെ ബന്ധത്തെക്കുറിച്ചു പ്രതികരിക്കാന്‍ ശോഭ്രാജ് അഭിമുഖത്തില്‍ തയാറാകുന്നില്ല.

തന്നെക്കുറിച്ചുള്ള ബോളിവുഡ് സിനിമ (മേം ഔര്‍ ചാള്‍സ്) യില്‍ നടന്‍ രണ്‍ദീപ് ഹൂഡ മികച്ച പ്രകടനമാണ് കാഴ്ചവച്ചതെന്നു പറയുന്ന ശോഭ്രാജ് കഴിഞ്ഞ ഒക്ടോബറില്‍ അദ്ദേഹത്തെ കണ്ടുമുട്ടിയ കാര്യവും അഭിമുഖത്തില്‍ അനുസ്മരിക്കുന്നു. ഒരു വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തെ ഇഷ്ടമാണ്. ഭാവിയില്‍ മറ്റൊരു ഹിന്ദിസിനിമയും ഉണ്ടായേക്കാം. അങ്ങനെയാണെങ്കില്‍ രണ്‍ദീപ് ഹൂഡ തന്നെ വീണ്ടും തന്റെ വേഷം ചെയ്യാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ശോഭ്രാജ് പറയുന്നത്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →