കൊച്ചി : നാടിനെയാകെ ഞെട്ടിച്ച ഇലന്തൂർ ഇരട്ട നരബലി കേസിൽ കുറ്റപത്രം രണ്ടാഴ്ചക്കുള്ളിൽ നൽകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. ഇലന്തൂരിൽ നടന്നത് നരബലിയാണെന്ന് സ്ഥിരീകരിച്ചതായും കൊല്ലപ്പെട്ട പദ്മയുടെ മൃതദേഹം 56 കഷണങ്ങളാക്കി പ്രതികൾ കുഴിച്ചിട്ടെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഇത്രയും ശരീരഭാഗങ്ങൾ എങ്ങനെയാണ് പുറത്തെടുത്തതെന്ന് കോടതി ആരാഞ്ഞു. പ്ലാസ്റ്റിക് ബാഗിലാക്കിയായിരുന്നു മൃതദേഹം കുഴിച്ചിട്ടതെന്ന് സർക്കാർ മറുപടി നൽകി.
കേസിലെ മൂന്നാം പ്രതി ലൈലയുടെ ജാമ്യ ഹർജിയെ സർക്കാർ കോടതിയിൽ എതിർത്തു. നരബലിയിൽ ലൈലയ്ക്ക് സജീവ പങ്കാളിത്തമുണ്ടെന്നും സമൂഹത്തെ ഞെട്ടിച്ച കൊലപാതകമാണെന്നനും സർക്കാർ കോടതിയെ അറിയിച്ചു. എന്നാൽ എല്ലാ മരണവും സമൂഹത്തിന് ഷോക്കാണെന്നായിരുന്നു കോടതിയുടെ മറുപടി. പ്രതിക്ക് എതിരെ നിരവധി ശാസ്ത്രീയ തെളിവുകളുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.