തൃശ്ശൂർ: തൃശ്ശൂർ നഗരത്തിൽ നിന്ന് ഓട്ടം വിളിച്ചുകൊണ്ടുപോയി ഡ്രൈവരെ മർദിച്ച് ഓട്ടോറിക്ഷ തട്ടിയെടുത്ത് കടന്നുകളഞ്ഞ നാലു പേരെ മണിക്കൂറുകൾക്കകം പൊലീസ് പിടികൂടി. ഓട്ടോ പൊളിച്ചു വിൽക്കാൻ കോയമ്പത്തൂരിലേക്കുപോയ പ്രതികളെ പൊലീസ് പാലക്കാട് നിന്നാണ് പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയായ ഹരിദത്തൻ, വടൂക്കര സ്വദേശിയായ മുഹമ്മദ്, നെടുപുഴ സ്വദേശി കെ എസ് ശ്രീനി, കാട്ടൂർ സ്വദേശി ലിനീഷ് എന്നിവരായിരുന്നു ഓട്ടോ തട്ടിയെടുത്തത്.
2022 ഡിസംബർ 22ന് രാതി ഒൻപതരയോടെ നഗരത്തിലെ ബാറിന് സമീപത്തുനിന്ന് വളർകാവ് സ്വദേശി കിരണിനെ നാലുപേർ ഓട്ടം വിളിച്ചത്. കുട്ടനെല്ലൂർ ദേശീയ പാതയിലെത്തിയപ്പോഴേക്കും കിരണിനെ മർദ്ദിച്ചവശനാക്കി പുറന്തള്ളിയശേഷം ഓട്ടോയുമായി കടന്നു കളഞ്ഞു. പതിനൊന്നു മണിയോടെ തൃശൂർ ഈസ്റ്റ് പൊലീസിൽ കിരൺ പരാതി നൽകി. ബാറിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച സിഐ പി.ലാൽ കുമാറിൻറെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ തിരിച്ചറിഞ്ഞു.
മുമ്പും പിടിച്ചുപറിക്കേസിലെ പ്രതികളായിരുന്നു ഇവർ. അതിലൊരാളുടെ ഫോൺ നമ്പർ സ്റ്റേഷനിലുണ്ടായിരുന്നു. നമ്പർ പരിശോധിച്ചതില് പട്ടിക്കാട് ഭാഗത്തേക്കാണ് പോയതെന്ന് വ്യക്തമായി. പന്നിയങ്കര ടോൾ പ്ലാസയിൽ നിന്നും പ്രതികൾ സഞ്ചരിച്ചിരുന്ന ഓട്ടോ റിക്ഷയുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് കിട്ടി.
പിന്നാലെ പാഞ്ഞ പൊലീസ് സംഘമെത്തിയത് കണ്ണാടിയിലെ ക്ഷേത്ര മൈതാനത്തായിരുന്നു. അവിടെ ഓട്ടോ പാർക്ക് ചെയ്ത് വിശ്രമിക്കുകയായിരുന്നു പ്രതികൾ. ഒരാളെ ഓട്ടോ റിക്ഷയിൽ നിന്നും മറ്റുള്ളവരെ തൊട്ടടുത്ത ആൽത്തറയിൽ നിന്നും കസ്റ്റഡിയിലെടുത്തു. കോയമ്പത്തൂരിലേക്ക് കൊണ്ടുപോയി ഓട്ടോ വിൽപന നടത്താനായിരുന്നു പ്ലാൻ. വാഹനങ്ങൾ പൊളിച്ചു വിൽക്കുന്നവരെ പ്രതികൾക്ക് പരിചയമുണ്ടായിരുന്നു

