രണ്ടാം ഭാര്യയെ 50 കഷണങ്ങളാക്കി: ഭര്‍ത്താവും ബന്ധുക്കളും പിടിയില്‍

പട്‌ന: ഡല്‍ഹിയിലെ ശ്രദ്ധ വാക്കര്‍ കേസിനു സമാനമായി വീണ്ടും അരുംകൊല. ഝാര്‍ഖണ്ഡിലെ സാഹിബ്ഗഞ്ച് ജില്ലയില്‍ 22 കാരിയെ കൊന്ന് മൃതദേഹം അന്‍പതോളം കഷണങ്ങളാക്കി. ഇതുവരെ കണ്ടെടുത്തത് 18 മൃതദേഹ ഭാഗങ്ങള്‍. ഭര്‍ത്താവും കുടുംബാംഗങ്ങളും പോലീസ് കസ്റ്റഡിയില്‍. കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി സംശയിക്കുന്ന ആയുധങ്ങള്‍ കണ്ടെടുത്തതായും പോലീസ് അറിയിച്ചു.

ആദിവാസി യുവതിയായ റൂബിക പഹാഡിനാണു ദാരുണമായി കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ദില്‍ദാര്‍ അന്‍സാരിയും അമ്മയും അമ്മാവനും ഉള്‍പ്പെടെയുള്ളവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. ദില്‍ദാറിന്റെ രണ്ടാം ഭാര്യയാണ് കൊല്ലപ്പെട്ട റൂബിക പഹാഡിന്‍.

ബോറിയോ സന്താലി ഭാഗത്ത് നിര്‍മാണത്തിലിരിക്കുന്ന അങ്കണവാടിക്ക് പിന്നില്‍ മനുഷ്യശരീരഭാഗങ്ങള്‍ നായകള്‍ ഭക്ഷിക്കുന്നതു ശ്രദ്ധയില്‍പ്പെട്ടതോടെയാണു അതിക്രൂര കൊലപാതകത്തിന്റെ ചുരുളഴിച്ചത്. തുടര്‍ന്നു നടത്തിയ അന്വേഷണത്തില്‍ കാലിന്റെ ഭാഗമടക്കം കണ്ടെത്തി. ഗ്രാമീണര്‍ വിവരം പോലീസില്‍ അറിയിച്ചു. പോലീസ് നടത്തിയ തെരച്ചിലില്‍ കൂടുതല്‍ ശരീരഭാഗങ്ങള്‍ ഉപേക്ഷിച്ച നിലയില്‍ പലയിടത്തുനിന്നായി വീണ്ടെടുത്തു.

ഭാര്യയെ കാണ്‍മാനില്ലെന്നു കാട്ടി ദില്‍ദാര്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ശരീരഭാഗങ്ങളില്‍നിന്ന് കൊല്ലപ്പെട്ടത് റൂബികയാെണെന്ന് ഇയാള്‍ തിരിച്ചറിയുകയും ചെയ്തു. അന്വേഷണം ഊര്‍ജിതമാക്കിയ പോലീസ് അധികം െവെകാതെ ദില്‍ദാറാണു പ്രതിയെന്നു കണ്ടെത്തി. ഇയാളുടെ ഉറ്റബന്ധുക്കള്‍ക്കും കൊലപാതകത്തില്‍ പങ്കുണ്ടെന്നു സംശയിക്കുന്നതായാണു പോലീസ് നല്‍കുന്ന വിവരം. രണ്ടുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് ദില്‍ദാറും റൂബികയും വിവാഹിതരായത്. ദില്‍ദാറിന്റെ രണ്ടാം വിവാഹത്തെ ആദ്യഭാര്യ എതിര്‍ത്തിരുന്നു. ദില്‍ദാറിന്റെ കുടുംബാംഗങ്ങള്‍ക്കും റൂബിക കണ്ണിലെ കരടായിരുന്നുവെന്നാണ് അനുമാനം.

വിവാഹത്തിന്റെ ആദ്യനാളുകള്‍ക്കുശേഷം ദില്‍ദാറും റൂബികയുമായി വഴക്ക് പതിവായിരുന്നു. തുടര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കൊലപാതകമെന്നു പോലീസ് പറയുന്നു. വെള്ളിയാഴ്ച റൂബികയെ ദില്‍ദാറിന്റെ മാതാവ് അവരുടെ സഹോദരന്റെ വസതിയിലെത്തിച്ച് കൊന്നതായാണു പോലീസ് ഭാഷ്യം. അതിനുശേഷം കട്ടിങ് മെഷീന്‍ ഉപയോഗിച്ച് ശരീരം അന്‍പതോളം കഷണങ്ങളാക്കി പലയിടത്തായി ഉപേക്ഷിച്ചു. ദില്‍ദാറിന്റെ ഉറ്റബന്ധുക്കളുടെ വീടുകളില്‍ ഉള്‍പ്പെടെ നടത്തിയ തെരച്ചിലില്‍ ഇക്കാര്യം സ്ഥാപിക്കാന്‍ ആവശ്യമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശനിയാഴ്ച നടത്തിയ തെരച്ചിലില്‍ ശ്വാസകോശം, തോള്‍, വയറിന്റെ ഭാഗങ്ങള്‍, െകെവിരല്‍, െകെ എന്നിവ കണ്ടെടുത്തിരുന്നു. ദില്‍ദാറിന്റെ മാതാവിന്റെ സഹോദരന്റെ വസതിയില്‍ നടത്തിയ പരിശോധനയില്‍ രക്തക്കറ ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണത്തില്‍ സമീപത്തെ അടച്ചിട്ട വീട്ടില്‍നിന്ന് ചാക്കില്‍ സൂക്ഷിച്ചിരുന്ന മൃതദേഹത്തിന്റെ ഒരു ഭാഗം കണ്ടെത്തി.

ദില്‍ദാറും റൂബികയുമായി പ്രണയവിവാഹമായിരുന്നെന്ന് റൂബികയുടെ മൂത്തസഹോദരി പറഞ്ഞു. സംഭവസമയത്ത് വീട്ടിലുണ്ടായിരുന്നില്ലെന്നാണ് ദില്‍ദാര്‍ പറഞ്ഞത്. കുടുംബാംഗങ്ങളാണ് കൊലയ്ക്കു പിന്നിലെന്നും ദില്‍ദാര്‍ പറഞ്ഞത്രേ. കുടുംബത്തിലെ മറ്റുള്ളവരെയും ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചേക്കാം. അതുകൊണ്ട് എല്ലാവരെയും തൂക്കിലേറ്റണമെന്നും റൂബികയുടെ സഹോദരി പറഞ്ഞു. അജ്ഞാത സ്ഥലത്താണ് പ്രതികളെ പോലീസ് ചോദ്യംചെയ്യുന്നത്. ശരീരഭാഗങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. സമാധാന അന്തരീക്ഷം ഉറപ്പാക്കാന്‍ ഒട്ടേറെ പോലീസുകാരെ മേഖലയില്‍ വിന്യസിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ ശ്രദ്ധ വാക്കറെന്ന യുവതിയെ പങ്കാളി അഫ്താബ് അമീന്‍ പൂനാവാല കഴുത്തുഞെരിച്ചു കൊന്ന് 35 കഷണങ്ങളാക്കി വനമേഖലയില്‍ ഉപേക്ഷിച്ച സംഭവത്തിനു സമാനമാണ് ഝാര്‍ഖണ്ഡിലും അരങ്ങേറിയത്. ഒരുമാസത്തിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത എട്ടാമത്തെ കേസാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →