വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു മോദി

ഷില്ലോങ്: വികസനരാഹിത്യവും അശാന്തിയും ഉള്‍പ്പെടെ വടക്കുകിഴക്കന്‍ മേഖലയിലെ എല്ലാ തടസങ്ങള്‍ക്കുംനേരേ തന്റെ സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് കാട്ടിയെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. മേഘാലയയിലെ ഷില്ലോങ്ങില്‍ വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

ഫുട്‌ബോള്‍ ഗ്രൗണ്ടിലെ വേദിയില്‍ കായികരംഗത്തെ ഭാഷാപ്രയോഗങ്ങള്‍ ഉപയോഗിച്ചായിരുന്നു മോദിയുടെ ആശയപ്രകടനം. ഫുട്‌ബോളില്‍ ആരെങ്കിലും ചട്ടവിരുദ്ധമായി കളിച്ചാല്‍ അവരെ ചുവപ്പു കാര്‍ഡ് നല്‍കി പുറത്താക്കാറുണ്ട്. അതുപോലെ, രാജ്യത്തിന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ അവികസിതാവസ്ഥ, അഴിമതി, അശാന്തി, രാഷ്ട്രീയപ്രീണനം തുടങ്ങിയ എല്ലാ തടസങ്ങള്‍ക്കും സര്‍ക്കാര്‍ ചുവപ്പുകാര്‍ഡ് നല്‍കിയെന്ന് അദ്ദേഹം പറഞ്ഞു.

വടക്കു കിഴക്കന്‍ മേഖലയിലെ കായികവികസനത്തില്‍ സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും രാജ്യത്തെ പ്രഥമ ദേശീയ കായിക സര്‍വകലാശാലയും പ്രധാനപ്പെട്ട 90 കായിക പദ്ധതികളും ഈ മേഖലയില്‍ നടക്കുന്നുവരുന്നുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.അവിടെ ഖത്തറില്‍ ഫുട്‌ബോള്‍ മത്സരം നടക്കുകയാണ്. ഇവിടെ ഷില്ലോങ്ങിലാകട്ടെ, നമ്മള്‍ വികസന മത്സരം നടത്തുന്നു. ലോകകപ്പ് ഫുട്‌ബോളിന്റെ െഫെനല്‍ നടക്കുന്നതിനു മുമ്പുള്ള പകല്‍ ഷില്ലോങ്ങിലെ ഫുട്‌ബോള്‍ െമെതാനത്തു തടിച്ചുകൂടിയ സദസിനോടായി അദ്ദേഹം പറഞ്ഞു.
ഇന്നു ലോകകപ്പ് ഖത്തറിലാണ്. നമ്മള്‍ വിദേശ ടീമുകള്‍ക്കായി ആഹ്ലാദിക്കുന്നു. എന്നാല്‍ ഇത്തരം ആഗോള കായിക മത്സരങ്ങള്‍ക്കു നമ്മള്‍ ആതിഥേയത്വം വഹിക്കുന്ന ദിവസം വിദൂരമല്ലെന്നു ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പുതരുന്നു.

നമ്മുടെ ത്രിവര്‍ണ പതാക ഉയരത്തില്‍ പറക്കും. നമ്മുടെ ടീമിനുവേണ്ടി നമ്മള്‍ കരഘോഷവും ആഹഌദാരവവും മുഴക്കും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വടക്കുകിഴക്കന്‍ മേഖലയില്‍ വ്യോമഗതാഗതം വര്‍ധിപ്പിച്ചതിലുള്ള അഭിമാനവും ജനങ്ങള്‍ക്കു മുമ്പാകെ പ്രധാനമന്ത്രി പങ്കുവച്ചു. 2014-നു മുമ്പ് ആഴ്ചയില്‍ 900 വിമാനങ്ങള്‍ മാത്രമേ ലഭ്യമായിരുന്നുള്ളുവെങ്കില്‍ ഇന്നിപ്പോള്‍ അത് 1,900 ആയിരിക്കുന്നു. കൃഷി ഉഡാന്‍ യോജനയിലൂടെ വ്യോമഗതാഗതം മേഖലയിലെ കര്‍ഷകര്‍ക്ക് സഹായകമാകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവിധ പ്രദേശങ്ങളിലേക്ക് വ്യോമമാര്‍ഗം കാര്‍ഷികോല്‍പന്നങ്ങള്‍ എത്തിക്കുന്നതാണ് 2020 ല്‍ ആരംഭിച്ച കൃഷി ഉഡാന്‍ യോജന.വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആറായിരം മൊെബെല്‍ ടവറുകള്‍ ലഭിക്കുന്നതിനായി 5,000 കോടി രൂപ കേന്ദ്രം ചെലവഴിക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചു. കേന്ദ്രത്തിലെ മുന്‍ സര്‍ക്കാരുകള്‍ ”വിഭജിക്കുക” എന്ന സമീപനമാണ് ഈ മേഖലയോടു പുലര്‍ത്തിയതെങ്കില്‍ തന്റെ സര്‍ക്കാരിന് ”െദെവിക” സമീപനമാണുള്ളത്. അതിര്‍ത്തി പ്രദേശങ്ങളെ നമ്മള്‍ ഏറ്റവും ശക്തമായ കോട്ടകളാക്കാന്‍ പോകുന്നു. അതിര്‍ത്തി ഗ്രാമങ്ങളിലേക്ക് മികച്ച റോഡുകളും ആശയവിനിമയ സംവിധാനങ്ങളും സജ്ജമാക്കും. മേഖലയിലെ സംഘര്‍ഷങ്ങള്‍ പരിഹരിച്ച് സമാധാനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

വരാന്‍ പോകുന്ന 150 ഏകലവ്യ മോഡല്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ ഈ മേഖലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചു വിശദീകരിച്ച പ്രധാനമന്ത്രി കഴിഞ്ഞ വര്‍ഷത്തെ വത്തിക്കാന്‍ സന്ദര്‍ശനവും പ്രസംഗത്തില്‍ പരാമര്‍ശിച്ചു. മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ച തന്നെ വളരെയധികം സ്വാധീനിച്ചതായും അദ്ദേഹത്തെ ഇന്ത്യയിലേക്കു ക്ഷണിച്ചതായും മോദി വ്യക്തമാക്കി.വടക്കുകിഴക്കന്‍ കൗണ്‍സിലിന്റെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍, ഗവര്‍ണര്‍മാര്‍ എന്നിവരും പങ്കെടുത്തു. എട്ടു വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ വികസന പദ്ധതികള്‍ ആസൂത്രണം ചെയ്യാനും നടപ്പാക്കാനുമായി 1972-ല്‍ രൂപീകരിച്ച പ്രാദേശിക ആസൂത്രണ സമിതിയാണ് വടക്കുകിഴക്കന്‍ കൗണ്‍സില്‍.

Share
അഭിപ്രായം എഴുതാം