തൃശൂര്‍: ദക്ഷിണേന്ത്യയിലേക്ക് എം.ഡി.എം.എ. ഉള്‍പ്പെടെ മാരക സിന്തറ്റിക് മയക്കുമരുന്നുകള്‍ കടത്തുന്ന ശൃംഖലയിലെ കണ്ണിയായ നൈജീരിയന്‍ പൗരന്‍ ഡല്‍ഹിയില്‍ പിടിയില്‍. മയക്കുമരുന്ന് ചില്ലറവില്‍പ്പനക്കാര്‍ക്കിടയില്‍ കെന്‍ എന്നു വിളിപ്പേരുള്ള എബൂക്ക വിക്ടര്‍ അനയോ (27) യെയാണ് ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍നിന്നു തൃശൂര്‍ സിറ്റി പോലീസ് ലഹരിവിരുദ്ധ വിഭാഗം പിടികൂടിയത്.
കഴിഞ്ഞ മേയ് 13 ന് മണ്ണുത്തിയില്‍ വാഹന പരിശോധനയ്ക്കിടെ ചാവക്കാട് സ്വദേശി ബുര്‍ഹാനുദീന്‍ എന്നയാളില്‍നിന്ന് 196 ഗ്രാം എം.ഡി.എം.എ. പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോള്‍ മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാന്‍ സ്വദേശി മുഹമ്മദ് ബാബിക്കര്‍ അലി, പലസ്തീന്‍ സ്വദേശി ഹസന്‍ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. അന്വേഷണത്തില്‍ ഇരുവരേയും ബംഗളുരുവില്‍ നിന്ന് 300 ഗ്രാം എം.ഡി.എം.എ. സഹിതം പിടികൂടി.
അലിയെ ചോദ്യം ചെയ്തതില്‍ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന ഡല്‍ഹി കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന നൈജീരിയന്‍ സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്. കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നീ സംസ്ഥാനങ്ങളിലേക്കുള്ള ലഹരിക്കടത്തിനു പിന്നില്‍ കെന്‍ ആണെന്നും അറിഞ്ഞു.
തുടര്‍ന്ന് ഡല്‍ഹിയില്‍ വേഷം മാറിയും വിവിധ പേരുകള്‍ സ്വീകരിച്ചും സംഘത്തെ സിറ്റി പോലീസ് നിരന്തര നിരീക്ഷണത്തിനു വിധേയമാക്കി. പിന്നീട് ഡല്‍ഹി പോലീസിന്റെ സഹായത്തോടെ അതിസാഹസികമായി നടത്തിയ മിന്നല്‍ പരിശോധനയിലാണ് കുപ്രസിദ്ധരുടെ കേന്ദ്രമായ ന്യൂഡല്‍ഹി നൈജീരിയന്‍ കോളനിയില്‍ നിന്ന് കെന്നിനെ അറസ്റ്റ്‌ചെയ്തത്. പ്രതിയെ ന്യൂഡല്‍ഹി സാകേത് കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസം തിഹാര്‍ ജയിലില്‍ പാര്‍പ്പിച്ചതിനു ശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ അനുമതി ലഭിച്ചത്.
മണ്ണുത്തി പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ എന്‍. പ്രദീപ്, ജില്ലാ പോലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍.ജി. സുവ്രതകുമാര്‍, പി. രാഗേഷ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ടി.വി. ജീവന്‍, സിവില്‍ പോലീസ് ഓഫീസര്‍ കെ.വി. വിപിന്‍ദാസ് എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതിയെ വലയിലാക്കിയത്.

