കൊലക്കേസ് പ്രതിക്കുനേരേ ആസിഡ് ആക്രമണം നടത്തിയ ആള്‍ 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍

ചേര്‍ത്തല: ആസിഡ് ആക്രമണക്കേസിലെ പ്രതി 22 വര്‍ഷത്തിനുശേഷം അറസ്റ്റില്‍. കൊലക്കേസ് പ്രതിയുടെ കണ്ണില്‍ ആസിഡ് ഒഴിച്ചു കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുത്തിയ കേസിലെ പ്രതി കോട്ടയം കടനാട് കാവതിയാന്‍ കുന്നേല്‍ വീട്ടില്‍ സുനിലി (41)നെയാണു ചേര്‍ത്തല പോലീസ് സൈബര്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ പിടികൂടിയത്.

കൊലക്കേസ് പ്രതിയും കോട്ടയം പാലാ കുളക്കാട് സ്വദേശിയും ചേര്‍ത്തല നഗരസഭ നാലാം വാര്‍ഡ് നടുവിലേമുറിയിലെ താമസക്കാരനും ആയ പ്രസാദി (ഉണ്ണി-57)നു നേരേയായിരുന്നു വാരനാട് ക്ഷേത്രത്തിനു സമീപത്തുവച്ച് 2000 ഒക്‌ടോബറില്‍ ആസിഡ് ഒഴിച്ചത്. വൈക്കം സ്വദേശിയെ തണ്ണീര്‍മുക്കം ബണ്ടില്‍ ചുറ്റികയ്ക്ക് അടിച്ചുകൊന്ന കേസിലെ പ്രതിയാണ് പ്രസാദ്.

ചേര്‍ത്തല പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് എറണാകുളം രാമമംഗലത്തുനിന്നാണ് സുനിലിനെ അറസ്റ്റ് ചെയ്തത്. 22 വര്‍ഷമായി പല സ്ഥലങ്ങളില്‍ ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നെന്നു പോലീസ് പറഞ്ഞു. സി.ഐ: പി.വിനോദ് കുമാര്‍, സബ് ഇന്‍സ്‌പെക്ടറുമാരായ ആര്‍.വിനോദ്, വി.ജെ.ആന്റണി, സി.പി.ഒമാരായ സെയ്ഫുദ്ദീന്‍, ബിനുമോന്‍, സിനോ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →