ഹരിപ്പാട് : കോടതി വളപ്പിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം. പോക്സോ കേസ് പ്രതി ദേവരാജനാണ് (72 വയസ്) കോടതി വളപ്പിൽ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചത്. കേസിൽ വിധി പറയുന്ന ദിവസമായിരുന്നു ഇന്ന്. കത്തി കൊണ്ട് കഴുത്തിലെ ഞരമ്പ് മുറിക്കാൻ ശ്രമിക്കുകയായിരുന്നു പ്രതി ദേവരാജൻ. പ്രതിയെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ പരുക്ക് ഗുരുതരമല്ലെന്നാണ് ലഭ്യമാകുന്ന വിവരം.
എഴ് വയസ്സുകാരിയെ ഉപദ്രവിച്ച കേസിൽ കണ്ടല്ലൂർ ദ്വാരകയിൽ ദേവരാജൻ കുറ്റക്കാരനാണെന്ന് ഹരിപ്പാട് ഫാസ്റ്റ് ട്രാക്ക് പോക്സോ കേസ് കോടതി കണ്ടെത്തിയതിനെ തുടർന്നായിരുന്നു ആത്മഹത്യാശ്രമം. കോടതിയിൽ വച്ച് പ്രതി കയ്യിൽ കരുതിയിരുന്ന ആയുധം ഉപയോഗിച്ച് കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു.
2022 ഡിസംബർ 15ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. ഉടൻതന്നെ ഹരിപ്പാട് പൊലീസ് ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പ്രതി അപകട നില തരണം ചെയ്തു. ആത്മഹത്യാശ്രമത്തിന് ഹരിപ്പാട് പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു. 2020 ൽ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ രണ്ടുമാസത്തിന് ശേഷമാണ് പിടികൂടിയത്.