ഗവർണർ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാതെ മുഖ്യന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: രാജ് ഭവൻ മുറ്റത്ത് പന്തലിട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒരുക്കിയ ക്രിസ്മസ് വിരുന്നിൽ മുഖ്യന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. എന്നാൽ ചീഫ് സെക്രട്ടറി വി.പി ജോയ്, ഡി.ജി.പി അനിൽ കാന്ത് ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്പീക്കറിനും പ്രതിപക്ഷ നേതാവിനും ക്ഷണമുണ്ടായിരുന്നെങ്കിലും അവരും എത്തിയില്ല.

മതമേലദ്ധ്യക്ഷന്മാരായ കർദ്ദിനാൾ ബസേലിയോസ് ക്ളിമ്മിസ് കാതോലിക്കാ ബാവ, ജോസഫ് മാർ ഗ്രിഗറിയോസ്, ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ, മാത്യൂസ് മാർ സിൽവാനോസ് എന്നിവർ ചേർന്ന് കേക്ക് മുറിച്ചു. പാളയം ഇമാം ഡോ. സുഹൈബ് മൗലവി, ആരോഗ്യ സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ, മുസ്ലിം അസോസിയേഷൻ പ്രസിഡന്റ് കടയറ നാസർ, മുൻ ഐ.എസ്‌.ആർ.ഒ ചെയർമാൻ ജി.മാധവൻ നായർ, ജസ്റ്റിസ് സിറിയക് ജോസഫ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, മണിയൻപിള്ള രാജു, ടി.പി ശ്രീനിവാസൻ, ടി.ബാലകൃഷ്ണൻ, ഐ.എ.എസ് ഉദ്യോഗസ്ഥരായ ഡോ.ബി.അശോക്, കെ.ആർ ജ്യോതിലാൽ, മാലദ്വീപ് കോൺസലേറ്റിലെ അമീനത്ത് അബ്ദുള്ള ദീദി, ആർക്കിടെക്ട് ജി.ശങ്കർ, സൂര്യ കൃഷ്ണമൂർത്തി, ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് സുനിൽ കുമാർ, ആർ.ശ്രീകണ്ഠൻ നായർ തുടങ്ങിയവരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം