അരുണാചല്‍ പ്രദേശിലെ യഥാര്‍ഥ നിയന്ത്രണ രേഖയില്‍ (എല്‍.എ.സി)ചൈനീസ് സൈന്യം ആക്രമണോത്സുക നീക്കത്തിലാണെന്നാണ് റിപ്പോര്‍ട്ട്.മാസങ്ങളായി ഈ നിലയാണ്. ഡിസംബര്‍ ഒമ്പതിന് തവാങ് സെക്ടറിലെ എല്‍.എ.സിയില്‍ ഇന്ത്യന്‍-ചൈനീസ് സൈനികര്‍ ഏറ്റുമുട്ടിയിരുന്നു. അരുണാചലിലെ സംഘര്‍ഷഭരിതമായ യാങ്സെ പ്രദേശത്തുള്ള ഇന്ത്യന്‍ സൈനികവിന്യാസം നീക്കിക്കിട്ടാനുള്ള സമ്മര്‍ദ്ദമാണ് ചൈന ചെലുത്തുന്നതെന്നും റിപ്പോര്‍ട്ടുണ്ട്. കിഴക്കന്‍ ലഡാക്കില്‍ രണ്ടരവര്‍ഷത്തിലേറെയായി തുടരുന്ന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണു യാങ്സെ നദിക്കു സമീപം കഴിഞ്ഞദിവസം വീണ്ടും ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന്, ഇരു സൈന്യവും സംഘര്‍ഷമേഖലയില്‍നിന്നു പിന്മാറി. ഇന്ത്യ- ചൈന മേഖലാ കമാന്‍ഡര്‍മാര്‍ ഫ്ളാഗ് മീറ്റിങ് നടത്തി സമാധാനശ്രമങ്ങള്‍ക്കു തുടക്കമിട്ടതായും സൈന്യം അറിയിച്ചു. 2006 മുതല്‍ ഇരുെസെന്യവും റോന്തുചുറ്റുന്ന മേഖലയിലാണു ചൈനീസ് പ്രകോപനമുണ്ടായത്. കിഴക്കന്‍ ലഡാക്കിലെ റിഞ്ചന്‍ ലാ മേഖലയില്‍ 2020 ഓഗസ്റ്റിലുണ്ടായ സംഘര്‍ഷത്തിനുശേഷം നടന്ന ഏറ്റവും വലിയ ഏറ്റുമുട്ടലാണിത്. അരുണാചല്‍പ്രദേശില്‍ യാങ്സെ നദിക്കപ്പുറം ചൈന നിര്‍മിച്ച റോഡുകളുടെയും ഗ്രാമങ്ങളുടെയും ഉപഗ്രഹചിത്രങ്ങള്‍ പുറത്തുവന്നിരുന്നു.
മുന്നേറ്റ നിരയൊരുക്കി ഇന്ത്യ
2020 ജൂണില്‍ കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയപ്പോഴത്തെ സ്ഥിതിയല്ല ഇപ്പോഴത്തേതെന്ന് ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. ഒന്നിലധികം മുന്നേറ്റ നിരകളിലായി പ്രദേശത്ത് വ്യാപിച്ചുകിടക്കുന്ന ഇന്ത്യന്‍ സാന്നിധ്യം തവാങ്ങില്‍ നുഴഞ്ഞുകയറിയ ചൈനീസ് െസെനികരെ അമ്പരപ്പിച്ചതായി വേണം കരുതാന്‍. െചെനീസ് പട്ടാളക്കാര്‍ തുരത്തിയോടിക്കപ്പെട്ട ഏറ്റുമുട്ടലില്‍ ഒരു ഇന്ത്യന്‍ െസെനികനുപോലും സാരമായി പരിക്കേറ്റിട്ടില്ല. പ്രതിരോധമന്ത്രി രാജ്നാഥ് സിങ് ഇക്കാര്യം പാര്‍ലമെന്റില്‍ ഇന്നലെ വ്യക്തമാക്കുകയും ചെയ്തു.ബഹിരാകാശ സ്ഥാപനമായ പ്ലാനറ്റ് ലാബ്സ് പി.ബി.സി. ഉപഗ്രഹങ്ങള്‍ ഡിസംബര്‍ 9 ന് തവാങ്ങിലെ യാങ്സെ പ്രദേശത്തിനു സമീപത്തുനിന്ന് ഒപ്പിയെടുത്ത ചിത്രങ്ങള്‍ പ്രദേശത്തെ സൈനിക വിന്യാസങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. സംഘര്‍ഷമുണ്ടായതിന്റെ തൊട്ടടുത്ത പ്രദേശമാണിതെന്നാണു കരുതപ്പെടുന്നത്.നിയന്ത്രണരേഖയുടെ നിലവിലെ സ്ഥിതി ഏകപക്ഷീയമായി മാറ്റാനുള്ള ചൈനയുടെ ശ്രമമാണ് ഇന്ത്യന്‍ സൈന്യം ചെറുത്തുതോല്‍പ്പിച്ചത്.
കിഴക്കന്‍ മേഖലയിലെ തന്ത്രപ്രധാനമായ ഉയര്‍ന്ന പ്രദേശങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു ചൈനയുടെ ലക്ഷ്യം. 17,000 അടി വരെ ഉയരമുള്ള, മഞ്ഞുമൂടിക്കിടക്കുന്ന മലനിരകളാണ് ഇവിടെയുള്ളത്. ജനവാസമില്ലാത്ത ഈ ഉയര്‍ന്ന മേഖലകള്‍ തവാങ് ഭാഗത്തെ ഇന്ത്യയുടെ സംഭവവികാസങ്ങള്‍ നിരീക്ഷിക്കാനുതകുന്ന ഒരു പ്രധാന പോയിന്റാണ്.നിയന്ത്രണരേഖയുടെ വടക്ക് തങ്ങളുടെ െസെനിക ഗ്രാമം വിപുലീകരിക്കാന്‍ ചൈന നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഈ പ്രദേശത്തെ നവീകരണപ്രവര്‍ത്തനങ്ങള്‍ അവര്‍ തുടരുകയും ചെയ്യുന്നു. നിയന്ത്രണരേഖയിലേക്കു പോകുന്ന വീതിയേറിയ ഒരു പുതിയ റോഡ് താങ്ലയ്ക്കു സമീപമുള്ള ഒരു പോസ്റ്റില്‍ അവസാനിക്കുന്നതായി കാണാന്‍ കഴിയും. എന്നാല്‍ ഗാല്‍വാനില്‍ കണ്ടതുപോലെ ചൈനീസ് പാളയങ്ങളുടെയോ െസെനിക വാഹനങ്ങളുടെയോ സാന്നിധ്യം ഇവിടെ ദൃശ്യമല്ല. എന്നാല്‍ ഈ സ്ഥലത്തിനു സമീപം സ്ഥിരമായി നിലയുറപ്പിട്ടുള്ള ഇന്ത്യയുടെ കൃത്യമായ സൈനികവിന്യാസം ഉപഗ്രഹചിത്രങ്ങളില്‍ വ്യക്തമാണ്.
ചൈനീസ് ഡ്രോണുകളെ പ്രതിരോധിച്ച് ഇന്ത്യ: യുദ്ധവിമാനങ്ങളയച്ച് മറുപടി
ചൈനീസ് ഡ്രോണുകള്‍ ഇന്ത്യന്‍ ഭാഗത്തേക്കു തുരുതുരാ അയയ്ക്കുന്നുണ്ട്. ഈ ഭീഷണി എസ്.യു-30 യുദ്ധവിമാനങ്ങള്‍ പറത്തിയാണ് ഇന്ത്യ പ്രതിരോധിച്ചത്.മുമ്പും അരുണാചലിലെ നിയന്ത്രണരേഖയ്ക്ക് അടുത്തുള്ള ഇന്ത്യന്‍ ഭാഗങ്ങളിലേക്ക് ചൈനീസ് ഡ്രോണുകള്‍ ആക്രമണാത്മകമായി നീങ്ങിയിരുന്നു. അന്നും യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചാണ് വ്യോമസേന പ്രതിരോധം തീര്‍ത്തത്. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ രണ്ടോ മൂന്നോ വട്ടം യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ചുള്ള നീക്കം നടത്തേണ്ടിവന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള ചൈനീസ് ഭീഷണി നേരിടാന്‍ അതേ രീതിയില്‍ ഡ്രോണുകള്‍ അയച്ചും ഇന്ത്യന്‍ വ്യോമസേന തിരിച്ചടിച്ചു.ചൈനയുടെ വ്യോമാതിര്‍ത്തി ലംഘനം തടയാന്‍ അതിര്‍ത്തിയില്‍ ഇന്ത്യ എയര്‍ പട്രോളിങ് ശക്തമാക്കിയെന്നും വ്യോമസേനാ അധികൃതര്‍ അറിയിച്ചു. വടക്കുകിഴക്കന്‍ പ്രദേശത്തെ നിയമന്ത്രണമേഖലയില്‍ ചൈനീസ് ഡ്രോണുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ വ്യോമസേന സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. ഡ്രോണുകളോ വിമാനങ്ങളോ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ശ്രമിച്ചാല്‍ അത് തടയുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.നിയന്ത്രണരേഖയ്ക്കു സമാന്തരമായി ഡ്രോണുകള്‍ പറക്കുന്നത് ഇന്ത്യയ്ക്ക് പ്രശ്നങ്ങളൊന്നും സൃഷ്ടിക്കുന്നില്ലെന്നും എന്നാല്‍ അതിര്‍ത്തി കടന്ന് പറക്കുന്ന വിമാനങ്ങളും ഡ്രോണുകളും റഡാര്‍ നിരീക്ഷണത്തിലായിരിക്കുമെന്നും വ്യോമസേനാ വൃത്തങ്ങള്‍ അറിയിച്ചു.
ചൈനീസ് സേനയെ തുരത്തിയത് പാര്‍ലമെന്റിലും
അരുണാചല്‍പ്രദേശിലെ തവാങ് മേഖലയില്‍ കഴിഞ്ഞ ഒന്പതിനു കടന്നുകയറാന്‍ ശ്രമിച്ച ചൈനീസ് സൈനികരെ ഇന്ത്യന്‍ സേന തുരത്തിയതായി പ്രതിരോധമന്ത്രി രാജ്നാഥ് സിങാണ് ലോക്സഭയില്‍ വ്യക്തമാക്കിയത്.ഏറ്റുമുട്ടലില്‍ ഇന്ത്യന്‍ സൈനികര്‍ക്കു ജീവാപായമോ ഗുരുതരപരുക്കുകളോ ഉണ്ടായിട്ടില്ലെന്നു മന്ത്രി വ്യക്തമാക്കി. അതിര്‍ത്തി പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പുറത്തുവന്ന വിവരങ്ങളല്ലാതെ കൂടുതലൊന്നും പ്രസ്താവനയില്‍ അദ്ദേഹം ഉള്‍പ്പെടുത്തിയിട്ടില്ല. സംഭവത്തില്‍ ഹ്രസ്വ പ്രസ്താവനയാണ് ലോക്സഭയില്‍ നടത്തിയത്. തവാങ് മേഖലയിലെ യഥാര്‍ഥ നിയന്ത്രണരേഖയില്‍ െചെനീസ് െസെന്യവുമായി ഏറ്റുമുട്ടലുണ്ടായെന്ന് ഇന്ത്യന്‍ സൈന്യവും സ്ഥിരീകരിച്ചു. ഏറ്റുമുട്ടലില്‍ ഇരുഭാഗത്തെയും െസെനികര്‍ക്കു നിസാരപരുക്കേറ്റതായും െസെന്യം പ്രസ്താവനയില്‍ വ്യക്തമാക്കി.
മുള്ളാണികള്‍ ഘടിപ്പിച്ച ദണ്ഡുകളും വടികളുമായി ആക്രമണം നടത്തിയ ഇരുനൂറോളം ചൈനീസ് പട്ടാളക്കാരെ ഇന്ത്യന്‍ സേന തുരത്തിയോടിക്കുകയായിരുന്നു. ചൈനീസ് ഭാഗത്തു പരുക്കേറ്റവരുടെ എണ്ണം വളരെക്കൂടുതലാണെന്നു വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍, കൃത്യമായ എണ്ണം ലഭിച്ചിട്ടില്ല. അതേസമയം, പരുക്കേറ്റ ആറ് ഇന്ത്യന്‍ സൈനികരെ ഹെലികോപ്ടറില്‍ ഗുവാഹത്തിയിലെ ബസിസ്തായിലുള്ള 151 ബേസ് ആശുപത്രിയില്‍ എത്തിച്ചു.നയതന്ത്രതലത്തില്‍ ചൈനയുമായി പ്രശ്നം ചര്‍ച്ചചെയ്തുവരുകയാണ്. ഇത്തരം പ്രവൃത്തികളില്‍ നിന്നു പിന്മാറണമെന്നും അതിര്‍ത്തിയില്‍ സമാധാനം പാലിക്കണമെന്നും ചൈനയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

