തിരുവനന്തപുരം: ഇടുക്കിയില്‍ അവസാന ആള്‍ക്കും ഭൂമി പതിച്ചുനല്‍കാതെ ലാന്‍ഡ് അസൈന്‍മെന്റ് ഓഫീസുകള്‍ അടച്ചുപൂട്ടില്ലെന്ന് മന്ത്രി കെ. രാജന്‍ നിയമസഭയില്‍ ഉറപ്പുനല്‍കി. നടപടിക്രമങ്ങളുടെ ഭാഗമായാണ് ചില നോട്ടീസുകള്‍ നല്‍കുന്നത്. അതു കാര്യമാക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ ഉപക്ഷേപത്തിനു മറുപടി നല്‍കുകയായിരുന്നു മന്ത്രി.
കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് മൂന്നാര്‍ മേഖലയിലെ നിര്‍മാണങ്ങളില്‍ പ്രശ്‌നങ്ങളുണ്ടായിട്ടുള്ളതെന്ന് മന്ത്രി വിശദീകരിച്ചു. ഇതു പരിഹരിക്കാന്‍ ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചിട്ടുണ്ട്. ചട്ടഭേദഗതിയല്ല, നിയമമേഭദഗതി തന്നെ ആവശ്യമാണെന്ന നിയമോപദേശം ലഭിച്ചു. വിശദമായ നിയമോപദേശം എ.ജിയാടു ചോദിച്ചിട്ടുണ്ടെന്നും മന്ത്രി വിശദീകരിച്ചു.
ഇടുക്കിയിലെ ജനങ്ങളോട് ശത്രുതാപരമായ നിലപാടില്ല. കോടതി പറഞ്ഞതുകൊണ്ടു മാത്രമാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവുകള്‍ ഇറക്കിയത്. ജനങ്ങളെ ഒരു കാരണവശാലും ബുദ്ധിമുട്ടിക്കുന്ന നടപടി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകില്ലെന്നും മന്ത്രി വ്യക്തമാക്കി.