ഫാഷന്‍ റാമ്പില്‍ മോഡലിങ് കമ്പനികളുടെ പുത്തന്‍ തട്ടിപ്പ്

കൊച്ചി: ഫാഷന്‍ ഷോയുടെ മറവില്‍ മോഡലിങ് കമ്പനികളുടെ ചൂഷണവും തട്ടിപ്പും വ്യാപകം. വ്യാജ ലോകറെക്കോര്‍ഡിന്റെ കൂട്ടുപിടിച്ചാണു ഫാഷന്റാമ്പില്‍ മോഡലിങ് കമ്പനികള്‍ പുത്തന്‍ തട്ടിപ്പ് നടത്തുന്നത്. മത്സരാര്‍ഥികളായ മോഡലുകളില്‍നിന്നും മേക്കപ്പ് ആര്‍ട്ടിസ്റ്റുകളില്‍നിന്നും പണംവാങ്ങി എറണാകുളത്തെ ഫ്രണ്ട്‌സ് ആന്‍ഡ് ബ്യൂട്ടി ഗ്രൂപ്പ് സംഘടിപ്പിച്ച ഷോയില്‍ നല്‍കിയത് കടലാസിന്റെ വിലപോലുമില്ലാത്ത ലോകറെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റുകളാണെന്നു പരാതിയുയര്‍ന്നു. സംഘാടകര്‍ക്കെതിരേ മുഖ്യമന്ത്രിക്കടക്കം പരാതി നല്‍കുമെന്നു വഞ്ചിതരായവര്‍ പറഞ്ഞു. യൂണിവേഴ്‌സല്‍ അച്ചീവേഴ്‌സ് ബുക്ക് ഓഫ് റെക്കോര്‍ഡ്, ഫ്യൂച്ചര്‍ കലാംസ് ബുക്ക് ഓഫ് റെക്കോര്‍ഡ് എന്നീ ബഹുമതികളായിരുന്നു വാഗ്ദാനം. ഇവ ലഭിക്കാതെ കുട്ടിമോഡലുകളടക്കം തട്ടിപ്പിനിരയായതായി പരാതിക്കാര്‍ പറയുന്നു.

ഇതിനിടെ, പണം വാങ്ങിയശേഷം റാംപില്‍നിന്ന് ഒഴിവാക്കിയതായി കൊച്ചിയിലെ ലിസാറോ മോഡലിങ് കമ്പനിക്കെതിരേയും മോഡലുകള്‍ പരാതി നല്‍കിയിരുന്നു. മോഡലായ ട്രാന്‍സ്‌വുമണിനോട് പരസ്യമായി അധിക്ഷേപിച്ച കമ്പനിയുടെ സ്ഥാപകനെ കഴിഞ്ഞമാസം സിറ്റി പോലീസ് അറസ്റ്റു ചെയ്തിരുന്നു. കൊച്ചിയില്‍ നടന്ന എമിറേറ്റ്‌സ് ഫാഷന്‍ വീക്ക് ലിസാറോ, എമിറേറ്റ്‌സ് മോഡലിങ് കമ്പനികളാണു സംഘടിപ്പിച്ചിരുന്നത്. ഷോയെക്കുറിച്ചു നാളുകള്‍ക്കു മുമ്പേ പരസ്യം നല്‍കി. സംസ്ഥാനത്തിനകത്തും പുറത്തും നിന്ന് കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ നൂറുകണക്കിനു മോഡലുകള്‍ പണം നല്‍കി രജിസ്റ്റര്‍ ചെയ്‌തെങ്കിലും ഭൂരിഭാഗം പേര്‍ക്കും റാമ്പില്‍ അവസരം നല്‍കിയില്ല. തട്ടിപ്പു ചോദ്യംചെയ്ത പ്രമുഖ ട്രാന്‍സ്‌വുമണ്‍ മോഡലിനെ ലിസാറോ കമ്പനിയുടമ ജെനില്‍ പരസ്യമായി അധിക്ഷേപിച്ചു. മോഡലിന്റെ പരാതിയില്‍ ജെനിലിനെ സെന്‍ട്രല്‍ പോലീസ് പിന്നീട് അറസ്റ്റു ചെയ്യുകയായിരുന്നു. പെണ്‍കുട്ടികളെ ഉള്‍പ്പെടെ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന കമ്പനികള്‍ക്കെതിരേ കാര്യമായ നടപടികളൊന്നും ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →