തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്തും: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോട്ടും ക്രിസ്‌മസ് ആഘോഷം നടത്താൻ തീരുമാനവുമായി ​ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാരുമായി കടുത്ത പോര് തുടരുന്നതിനിടയിലും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും മതപുരോഹിതന്മാരെയും സമുദായ നേതാക്കളെയും പങ്കെടുപ്പിച്ച് ക്രിസ്‌മസ് ആഘോഷം നടത്താനാണ് ഗവർണറുടെ തീരുമാനം . 2022 ഡിസംബർ14ന് വൈകിട്ട് നാലിന് രാജ്ഭവനിലാണ് ആദ്യ പരിപാടി. രാജ്ഭവൻ മുറ്റത്ത് പന്തലിട്ട് 150 അതിഥികളെ സ്വീകരിക്കും. 16നു ശേഷം കൊച്ചിയിലും കോഴിക്കോട്ടും ആഘോഷം സംഘടിപ്പിക്കും..

രാജ്ഭവനിലെ ആഘോഷത്തിൽ മുഖ്യമന്ത്രി, മന്ത്രിമാർ, സ്പീക്കർ, പ്രതിപക്ഷനേതാവ്, എം.പിമാർ, എം.എൽ.എമാർ, വിവിധ മതപുരോഹിതന്മാർ, പ്രമുഖ വ്യക്തികൾ എന്നിവരെ ക്ഷണിക്കും. അതിഥികൾക്ക് സമൃദ്ധമായ ഭക്ഷണവും സംഗീതപരിപാടികളുമൊരുക്കും. കേന്ദ്രമന്ത്രിമാരും മറ്റു സംസ്ഥാനങ്ങളിലെ മന്ത്രിമാരുമടക്കം പങ്കെടുത്തേക്കും. എല്ലാ സഭാദ്ധ്യക്ഷന്മാരെയും രാജ്ഭവനിലേക്ക് ക്ഷണിക്കും. വിളിക്കേണ്ടവരുടെ പട്ടികയും ക്ഷണക്കത്തും രാജ്ഭവനിൽ തയ്യാറാവുകയാണ്. മുഖ്യമന്ത്രിയെ ഗവർണർ നേരിട്ടെത്തി ക്ഷണിച്ചേക്കാനുമിടയുണ്ട്. 16ന് കൊച്ചിയിലേക്കു പോവുന്ന ഗവർണർ അവിടത്തെ പരിപാടികൾക്കുശേഷം കോഴിക്കോട്ടുമെത്തും. ആദ്യമായാണ് ഗവർണർ സംസ്ഥാനത്ത് മൂന്നിടത്തായി ക്രിസ്‌മസ് ആഘോഷം സംഘടിപ്പിക്കുന്നത്. കഴിഞ്ഞവർഷം രാജ്ഭവനിലെ ക്രിസ്‌മസ് ആഘോഷത്തിന് ഏതാനും ക്രിസ്ത്യൻ പുരോഹിതരെത്തിയിരുന്നു.

രാജ്ഭവനിലെ പരിപാടിയിൽ ഗവർണറും മുഖ്യമന്ത്രിയും സ്പീക്കറും ചേർന്ന് കേക്കുമുറിക്കുന്നതടക്കുള്ള പരിപാടികൾ ആലോചനയിലുണ്ട്. എന്നാൽ, ഗവർണറുമായി ഇടഞ്ഞുനിൽക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും സൽക്കാരത്തിൽ പങ്കെടുക്കുമോയെന്ന് വ്യക്തമല്ല. നേരത്തേ സർക്കാരുമായുള്ള ഭിന്നതയെത്തുടർന്ന് മന്ത്രിമാർക്കും കുടുംബാംഗങ്ങൾക്കുമായി സ്വാതന്ത്ര്യ ദിനത്തിൽ രാജ്ഭവനിൽ നടത്താറുള്ള സൽക്കാരം (അറ്റ് ഹോം) ഗവർണർ ഉപേക്ഷിച്ചിരുന്നു. ഗവർണറുടെ സെക്രട്ടറിയുടെ ആവശ്യപ്രകാരം സൽക്കാരത്തിനായി സർക്കാർ 15ലക്ഷം അനുവദിച്ച ശേഷമാണ് അത് റദ്ദാക്കിയത്. മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്ക് ഈ തുക നൽകാൻ ഗവർണർതീരുമാനിക്കുക യായിരുന്നു.

. സർക്കാരിന്റെ ഓണം വാരാഘോഷത്തിന്റെ സമാപനത്തിന് തന്നെ ക്ഷണിച്ചില്ലെന്നും അന്വേഷിച്ചപ്പോൾ ഇത്തവണ ആഘോഷപരിപാടിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചിരുന്നു. സർക്കാരിന്റെ ആഘോഷദിവസം ഗവർണർ അട്ടപ്പാടിയിലെത്തി ആദിവാസികൾക്കൊപ്പമാണ് ഓണം ആഘോഷിച്ചത്.

ഓണം വാരാ ഘോഷത്തിന്റെ സമാപനമായ ഘോഷയാത്രയിൽ ഗവർണറും പത്നിയുമാണ് എല്ലാവർഷവും ഔദ്യോഗിക വിശിഷ്ടാതിഥികൾ. പാളയത്ത് പ്രത്യേക വി.ഐ.പി പവലിയൻ ഒരുക്കിയാണ് ഗവർണറെ സ്വീകരിച്ചിരുന്നത്. ഘോഷയാത്ര കാണാൻ ഉത്തരേന്ത്യയിൽ നിന്ന് ഗവർണറുടെ ബന്ധുക്കളടക്കം എത്തിയിരുന്നിട്ടും കഴിഞ്ഞ വർഷം സർക്കാർ പതിവു മാതൃക തെറ്റിച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →