കണ്ണൂര്‍: ഉളിക്കല്‍ ജനവാസകേന്ദ്രത്തിലിറങ്ങിയ കടുവ ആറളം ഫാമിലേക്കു കടന്നതോടെ വെട്ടിലായതു ഫാമില്‍ ജോലി ചെയ്യുന്ന തൊഴിലാളികളും ഇവിടെ വസിക്കുന്ന നൂറുകണക്കിന് ദളിത് കുടുംബങ്ങളും. ഫാമില്‍ കടുവ കയറിയതിനാല്‍ ഇനി തെരച്ചില്‍ നടത്തേണ്ടതില്ലെന്ന തൊടുന്യായവുമായി വനംവകുപ്പ് കഴിഞ്ഞദിവസം ഉച്ചയോടെ തെരച്ചില്‍ മതിയാക്കിപോയി.
ഇതോടെ കാട്ടാനപ്പേടി കൂടാതെ കടുവയെയും ഭയക്കേണ്ട അവസ്ഥയിലായി ഇവിടെയുള്ള പാവങ്ങള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ പന്ത്രണ്ടു പേരാണ് ആറളം ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇപ്പോഴും ഇവര്‍ ജീവഭയത്തിലാണു കഴിയുന്നത്. തൊട്ടടുത്ത കര്‍ണാടക വനത്തില്‍നിന്നാണ് കാട്ടാനകളിറങ്ങി ഫാമില്‍ തമ്പടിക്കുന്നത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫാമില്‍ വ്യാപകമായ കൃഷിനാശമാണു വരുത്തിവയ്ക്കുന്നത്.
ഇതുകാരണം കൃഷിയിറക്കാന്‍ കഴിയാത്ത സ്ഥലങ്ങള്‍ മൂന്നാള്‍പൊക്കത്തിലുള്ള ഈറ്റക്കാടുകളായി മാറിയിരിക്കുകയാണ്. ഇതിനിടെയില്‍ കടുവ കയറിപ്പറ്റിയാല്‍ ഡ്രോണ്‍ പറത്തിയാല്‍ പോലും കണ്ടെത്താനാവില്ല. എന്നാല്‍ ഫാം വഴി പത്തുകിലോ മീറ്റര്‍ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയിക്കൊള്ളുമെന്ന ശുഭാപ്തിവിശ്വാസത്തിലാണ് വനംവകുപ്പ്. തുടക്കത്തിലെ കടുവയെ മയക്കുമരുന്ന് വെടിവച്ചുപിടികൂടാന്‍ വനംവകുപ്പിനു കഴിഞ്ഞില്ലെന്ന ആരോപണം പ്രദേശവാസികള്‍ ഉയര്‍ത്തിയിരുന്നു. പടക്കം പൊട്ടിച്ചു കടുവയെ വനത്തിലേക്കു തുരത്താന്‍ ശ്രമിച്ചതാണ് ജനവാസകേന്ദ്രങ്ങളില്‍ കൂടുതല്‍ ദിവസങ്ങളില്‍ കടുവ തങ്ങാന്‍ ഇടയാക്കിയത്. എട്ടു ദിവസം ജനവാസമേഖലയെ ഭീതിയിലാഴ്ത്തിയ കടുവ ആറളം വന്യജീവി സങ്കേതത്തിലേക്കു പോയെന്ന നിഗമനത്തില്‍ വനംവകുപ്പ് തെരച്ചില്‍ അവസാനിപ്പിച്ചു മടങ്ങുമ്പോള്‍ ജനങ്ങളില്‍ ആശങ്ക ഇപ്പോഴും മാറിയിട്ടില്ല. കടുവയുടെ കാല്‍പ്പാട് പിന്തുടര്‍ന്നശേഷമാണ് ഈ നിഗമനത്തിലെത്തിയതെന്നു കൊട്ടിയൂര്‍ റേഞ്ചര്‍ സുധീര്‍ നരോത്ത് അറിയിച്ചു.
വ്യാഴാഴ്ച രാത്രി എടൂര്‍ ടൗണ്‍ റോഡില്‍ കടുവയുടെ കാല്‍പ്പാട് കണ്ടിരുന്നു. വെള്ളിയാഴ്ച ചെടിക്കുളത്തെ കൊക്കോട്ടെ വയലിങ്കല്‍ ജിജിയുടെ പാടവരമ്പിലെ ചെളിയില്‍ പുതഞ്ഞനിലയിലും കാല്‍പ്പാടുകള്‍ കണ്ടെത്തി. വനപാലകര്‍ നടത്തിയ തെരച്ചിലില്‍ കൊക്കോട് പുഴയിറമ്പിലും അടയാളങ്ങള്‍ കണ്ടെത്തി. ഇതോടെ ആറളം ഫാം വഴി പത്ത് കിലോമീറ്റര്‍ അകലെയുള്ള വന്യജീവി സങ്കേതത്തിലേക്ക് കടുവ പോയെന്ന് അനുമാനിക്കാമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥരുടെ വിശദീകരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച പകല്‍ പതിനൊന്നരയോടെയാണു തെരച്ചില്‍ നിര്‍ത്തിയത്. എട്ടുദിവസംമുമ്പ് ഉളിക്കല്‍ പീടികക്കുന്നിലാണ് ആദ്യ കടുവാ സാന്നിധ്യമുണ്ടായത്. പായം, അയ്യങ്കുന്ന് പഞ്ചായത്ത് മേഖല വഴിയാണ് ആറളത്തെത്തിയത്.