തോറ്റത് കലക്കവെള്ളത്തില്‍ മീന്‍പിടിച്ച യു.ഡി.എഫ്: സി.പി.എം.

തിരുവനന്തപുരം: വിഴിഞ്ഞം സമരത്തില്‍ പരാജയപ്പെട്ടത് കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനിറങ്ങിയ യു.ഡി.എഫാണെന്ന് സി.പി.എം. മത്സ്യത്തൊഴിലാളികളുടെ സമരത്തോട് സി.പി.എമ്മിന് അനുകൂല നിലപാടു മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതുകൊണ്ടാണ് തുറമുഖനിര്‍മാണം നിര്‍ത്തിവയ്ക്കണം എന്നതൊഴികെയുള്ള ആവശ്യങ്ങളെല്ലാം ആദ്യമേ അംഗീകരിച്ചത്. സമരം അക്രമാസക്തമായതിനു പിന്നില്‍ സഭയാണെന്നു പാര്‍ട്ടി പറഞ്ഞിട്ടില്ലെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പറഞ്ഞു.

മത്സ്യത്തൊഴിലാളികളുമായി ബന്ധപ്പെട്ടാണു സമരം ആരംഭിച്ചത്. ജനാധിപത്യപരമായാണ് അതിനെ കണ്ടത്. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ ജനാധിപത്യപരമായി ഏതു കോണില്‍നിന്നും വരുന്ന സമരത്തെയും സ്വാഗതം ചെയ്തു. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ സമരം അക്രമാസക്തമായ നിലയിലേക്കു പോയി. അതിനു പിന്നില്‍ സഭയാണെന്ന് അന്നും ഇന്നും പറഞ്ഞിട്ടില്ല. ചില ആളുകള്‍ അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചു. അതിന്റെ ഭാഗമായാണ് വര്‍ഗീയ പ്രസ്താവനപോലും ഇറക്കിയത്. മത്സ്യത്തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതല്ല ഒരു മന്ത്രിയുടെ പേര് ചൂണ്ടിക്കാട്ടി വര്‍ഗീയ പ്രസ്താവന നടത്തുന്നത്. സഭയും സഭാനേതൃത്വവും പിന്നീട് ഫലപ്രദമായി ഇടപെട്ടു. അതോടെ സമരം അവസാനിച്ചു.

അവിടെയും യു.ഡി.എഫ് പരാജയപ്പെടുകയായിരുന്നു. കലക്കവെള്ളത്തില്‍ മിന്‍പിടിക്കാനാണ് അവര്‍ ശ്രമിച്ചത്. ഈ പ്രശ്‌നം ഫലപ്രദമായി എങ്ങനെ പരിഹരിക്കാമെന്നു നോക്കുന്നതിനു പകരം വഷളാക്കാനാണ് അവര്‍ ശ്രമിച്ചത്. പക്ഷേ ആ സമരം അവസാനിപ്പിച്ചു. മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരംകാണാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഇത് സമരക്കാരുടെയോ സര്‍ക്കാരിന്റെയോ പരാജയമോ വിജയമോ അല്ല. മത്സ്യത്തൊഴിലാളികളുടെ നിരവധി പ്രശ്‌നങ്ങളോട് ക്രിയാത്മകമായ നിലപാട് സ്വീകരിച്ചാണു മുന്നോട്ടുപോകുന്നതെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →