കൊച്ചി: ശബരിമല മേൽശാന്തി നിയമനത്തിലെ ജാതിവിവേചനം ചോദ്യം ചെയ്യുന്ന കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് അഡ്വക്കേറ്റ് ജനറലിനെയോ അഡിഷണൽ അഡ്വക്കേറ്റ് ജനറലിനെയോ ഹൈക്കോടതിയിൽ നിയോഗിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ രൂപീകരിച്ച നവോത്ഥാന സമിതിയുടെ ജനറൽ സെക്രട്ടറി പി. രാമഭദ്രൻ മുഖ്യമന്ത്രിക്ക് കത്ത് നൽകി. കേരള ദളിത് ഫെഡറേഷൻ നേതാവും കരകൗശല വികസന കോർപ്പറേഷൻ ചെയർമാനുമാണ് രാമഭദ്രൻ.
ദേവസ്വം ബോർഡുകളിലെ ശാന്തിനിയമനത്തിൽ ജാതി പരിഗണന പാടില്ലെന്ന സുപ്രീംകോടതി ഉത്തരവ് മാനിക്കാതെ പ്രമുഖ ക്ഷേത്രങ്ങളിൽ ശാന്തി നിയമനം നടക്കുന്നത് കോടതി അലക്ഷ്യമാണ്. ജാതി പരിഗണനയില്ലാതെ ദേവസ്വം ബോർഡുകളിൽ നിയമനം നടത്തണമെന്ന് മുൻസർക്കാർ ഉത്തരവിറക്കിയിരുന്നു. ശബരിമല മേൽശാന്തി തസ്തികയിൽ ആർക്കും കാരാണ്മ അവകാശമില്ല
.ഈ കേസിൽ ദേവസ്വം നൽകിയ സത്യവാങ്മൂലം കേരളത്തിലെ പുരോഗമന മൂല്യങ്ങളെ വെല്ലുവിളിക്കുന്നതും ചരിത്രവിരുദ്ധവും അയിത്താചരണത്തെ പിന്തുണയ്ക്കുന്നതുമാണ്. ദേവസ്വം വാദം കോടതി അംഗീകരിക്കുന്ന പക്ഷം കേരളം ഇന്നോളം കൈവരിച്ച മുഴുവൻ നവോത്ഥാന മൂല്യങ്ങളും തകരും. 2022ഡിസംബർ 17ലെ സ്പെഷ്യൽ സിറ്റിംഗിൽ എ.ജിയോ അഡി. എ.ജിയോ നേരിൽ ഹാജരാകണമെന്നാണ് രാമഭദ്രൻ കത്തിൽ ആവശ്യപ്പെട്ടത്.
അതേസമയം തന്ത്രവിദ്യ അഭ്യസിച്ച യോഗ്യരായവരെ ജാത്യാതീതമായി ശബരിമലയിലുൾപ്പെടെ മേൽശാന്തിമാരായി നിയമിക്കണമെന്ന് യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ സെക്രട്ടറി ഇ.എം. സതീശൻ എന്നിവർ ആവശ്യപ്പെട്ടു