കൊച്ചി: ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസോ വിഐപി ദർശനമോ വാഗ്ദാനം ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവ്. സന്നിധാനത്ത് ആർക്കും പ്രത്യേക പരിഗണന നൽകാൻ പാടില്ലെന്നും ദേവസ്വം ബോർഡ് ഇക്കാര്യം ഉറപ്പുവരുത്തണമെന്നും കോടതി ഉത്തരവിട്ടു.നിലയ്ക്കൽ എത്തിക്കഴിഞ്ഞാൽ എല്ലാവരും സാധാരണ അയ്യപ്പഭക്തരാണ്. അവിടെ ആർക്കും പ്രത്യേക പരിഗണന നൽകേണ്ട ആവശ്യമില്ലെന്നാണ് ഹൈക്കോടതിയുടെ നിരീക്ഷണം.
വിഐപി ദർശനത്തിനോ അല്ലെങ്കിൽ ഹെലികോപ്റ്റർ സർവീസിനോ വേണ്ടിയുള്ള പരിഗണനയോ അതിനുള്ള സാധ്യതകളോ ഉണ്ടാകാരുതെന്നും അനാവശ്യമായ ഇത്തരം സൗകര്യങ്ങൾ ഏർപ്പെടുത്തുന്നത് വിലക്കണമെന്നും കോടതി പറഞ്ഞു.സ്വകാര്യ ഏവിയേഷൻ ഓപ്പറേറ്റർ ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്ത സംഭവത്തിലാണ് കോടതിയുടെ ഇടപെടൽ.
എൻഹാൻസ് ഏവിയേഷൻ എന്ന സ്വകാര്യസ്ഥാപനം എറണാകുളത്തുനിന്നും ശബരിമലയിലേക്ക് ഹെലികോപ്റ്റർ സർവീസ് വാഗ്ദാനം ചെയ്ത് പരസ്യം നൽകിയ സംഭവത്തിൽ ഹൈക്കോടതി നേരത്തെ സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തിൽ സ്ഥാപനത്തോടും സർക്കാരിനോടും വിശദീകരണം തേടിയതിന് പിന്നാലെയാണ് കോടതിയുടെ ഉത്തരവ്.

