തൊടുപുഴ: പാൽ വില വർദ്ധിപ്പിച്ചതിന്റെ ഗുണം ലഭിക്കുന്നില്ലെന്ന പരാതിയുമായി ക്ഷീര കർഷകർ. കാരണം കാലിതീറ്റയുടെ പൊള്ളുന്ന വിലയാണെന്ന് ഇവർ പറയുന്നു. പാൽ വിലയുടെ വർദ്ധനവിനൊപ്പം സംസ്ഥാനത്ത് കാലിത്തീറ്റയുടെ വിലയും കുത്തനെ കൂടിയതിനാൽ പരിഹാരമായി കാലിത്തീറ്റ വിപണി സർക്കാർ നേരിട്ട് നിയന്ത്രിക്കണമെന്നാവശ്യപെട്ട് വകുപ്പുമന്ത്രിയെ സമീപിക്കാനൊരുങ്ങുകയാണ് വിവിധ കർഷക സംഘടനകൾ.
പാലിന് വില കൂടുമെന്നറിഞ്ഞപ്പോഴേക്കും 150മുതൽ 250 രുപവരെയാണ് 50കിലോയുടെ ഓരോ ചാക്കിനും വിവിധ കമ്പനികൾ കൂട്ടിയത്. ഇതോടെ കിട്ടുന്ന അധിക പണം മൊത്തം കാലീതീറ്റക്കും അനുബന്ധ ഉൽപ്പന്നങ്ങൾക്കും നല്കേണ്ട ഗതികേടിലായി ക്ഷീര കർഷകർ. പാലിന് ആറു രൂപയാണ് കൂടിയത്. ഇതിൽ 5 രൂപയോളം കർഷകർക്ക് നൽകാനും തുടങ്ങി. ക്ഷീര കർഷകരുടെ നിലവിലെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ ഇത് സഹായിക്കുമെന്നാണ് സർക്കാരിന്റെ വാതം. പക്ഷെ ഇതിൻറെ മെച്ചമൊന്നും കർഷകർക്ക് കിട്ടുന്നില്ല.
നേരത്തെ കാലികൾക്ക് സർക്കാർ ഇൻഷ്യൂറൻസ് പരിരക്ഷ നൽകിയിരുന്നു. ഇതും ഇപ്പോഴില്ല. വർഷം തോറും ഓരോ കാലികൾക്കും 3000ത്തിലധികം രൂപയാണ് ഇതിനായി ഇപ്പോൾ കർഷകൻ മുടക്കേണ്ടിവരുന്നത്. കാലിത്തീറ്റയുടെ വിലനിയന്ത്രിച്ച് നിർത്തിയ ഇൻഷ്യൂറൻസ് പരിരക്ഷ പുനസ്ഥാപിച്ച് നിലവിലെ പ്രതിസന്ധി പരിഹരിക്കണമെന്നാണ് ക്ഷീര കർഷകരുടെ ആവശ്യം. ഇതുന്നയിച്ച് വിവിധ കർഷക സംഘനടകൾ ഉടൻ വകുപ്പ് മന്ത്രിയെ സമീപിക്കും

