നിയമനങ്ങളില്‍ തെറ്റിധാരണ പടര്‍ത്താന്‍ ശ്രമം; അടിയന്തര പ്രമേയ നോട്ടീസിന് മറുപടിയുമായി എം.ബി രാജേഷ്

തിരുവനന്തപുരം: സര്‍ക്കാര്‍ തസ്തികകളിലെ നിയമനത്തില്‍ ജനങ്ങള്‍ക്കിടയില്‍ തെറ്റിധാരണ സൃഷ്ടിക്കാന്‍ വ്യാജ പ്രചരണമെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ്. പിന്‍വാതില്‍ നിയമനങ്ങള്‍ സംബന്ധിച്ച് പി സി വിഷ്ണുനാഥ് എംഎല്‍എ നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

‘ഉദ്യോഗാര്‍ത്ഥികളോട് എന്തോ അനീതി ചെയ്യാന്‍ ശ്രമിച്ചു എന്നതായിരുന്നു ആരോപണം. എന്നാല്‍ ഉദ്യോഗാര്‍ത്ഥികള്‍ ഇതു തള്ളിക്കളഞ്ഞു എന്നതിന്റെ തെളിവായിരുന്നു തെരഞ്ഞെടുപ്പ് ഫലം. യുഡിഎഫ് സര്‍ക്കാരിനേക്കാള്‍ 18,000 അധികം നിയമനങ്ങള്‍ ഒന്നാം പിണറായി സര്‍ക്കാര്‍ നടത്തി. 35,840 നിയമനം രണ്ടാം പിണറായി സര്‍ക്കാര്‍ ഇതുവരെ നടത്തി.

ലോക്ക് ഡൗണിന്റെ കാലത്ത് കേരളത്തില്‍ മാത്രമാണ് പി എസ് സി യിലൂടെ നിയമനങ്ങള്‍ നടന്നിട്ടുള്ളത്. 55 റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിച്ചു. എല്ലാം അടഞ്ഞുകിടന്നപ്പോഴും പിഎസ് സി ഉദ്യോഗാര്‍ത്ഥികള്‍ക്കായി പ്രവര്‍ത്തിച്ചു. മേയര്‍ എഴുതിയിട്ടില്ലെന്ന് പറയുന്നതും കിട്ടേണ്ട ആള്‍ കിട്ടിയിട്ടില്ലെന്ന് പറയുന്നതുമായ ഒരു കത്തിന്റെ പേരിലാണ് കോലാഹലമെന്നും എം ബി രാജേഷ് സഭയില്‍ പറഞ്ഞു.

പിഎസ്സിയെയും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനെയും നോക്കുത്തിയാക്കിയെന്നാണ് അടിയന്തര പ്രമേയ നോട്ടീസിലൂടെ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണം. സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങങ്ങളില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ യുവജനങ്ങള്‍ ആശങ്കയിലെന്നും പ്രതിപക്ഷം ആരോപിച്ചു. ഗവര്‍ണറും വിഴിഞ്ഞവും നിയമന വിവാദവുമൊക്കെ സര്‍ക്കാരിന് വെല്ലുവിളി ഉയര്‍ത്തവെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനം ആരംഭിച്ചത്. 2022 ഡിസംബർ 15 വരെയാണ് നിയമസഭ സമ്മേളിക്കുക.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →