മലപ്പുറം: മോഷണത്തെ തുടർന്ന് കടയിലെ ജോലിയിൽ നിന്നും പിരിച്ചുവിട്ട അതിഥി തൊഴിലാളി കട തീവെച്ച് നശിപ്പിച്ചെന്ന് പരാതി.തിരൂരങ്ങാടി ചന്തപ്പടിയിലെ ടയർ പഞ്ചർ കടയിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ബിഹാർ സ്വദേശി ആലം ആണ് കടയ്ക്ക് തീയിട്ട ശേഷം നാട്ടിലേക്ക് മുങ്ങിയതെന്നാണ് പരാതി. കടയുടമ കെ ടി അമാനുള്ളയാണ് ആലത്തിനെതിരെ പരാതി നൽകിയിരിക്കുന്നത്. ഇതിന് ശേഷം ഇയാൾ നാട്ടിലേക്ക് മുങ്ങിയെന്നും പരാതിയിൽ പറയുന്നു. കടയിൽ നിന്നും പണം മോഷ്ടിക്കുന്നത് കൈയോടെ പിടികൂടിയതിനെ തുടർന്ന് ഇയാളെ നേരത്തെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടിരുന്നു. അതിനോടുള്ള പ്രതികാരം ആയിട്ടാണ് രാത്രിയിൽ കടയ്ക്ക് തീകൊളുത്തിയ ശേഷം നാട്ടിലേക്ക് മുങ്ങിയത്.
.കടയിൽ ജോലി ചെയ്തിരുന്ന സ്ഥിരം ജീവനക്കാരൻ അവധിയിലായതിനെ തുടർന്ന് പകരക്കാരനായെത്തിയതായിരുന്നു ആലം. ഇയാൾ കടയിലെത്തിയത് മുതൽ കടയിൽ നിന്ന് പണം നഷ്ടമാകുന്നത് ശ്രദ്ധയിൽപ്പെട്ട കടയുടമ ഇയാളെ നിരീക്ഷിക്കാൻ തുടങ്ങിയിരുന്നു. തുടർന്ന് പണമെടുക്കുന്നത് ഇയാളാണെന്ന് കണ്ടെത്തി ജോലിയിൽ നിന്ന് പിരിച്ചുവിടുകയായിരുന്നു. ഇതേ തുടർന്നുണ്ടായ വൈരാഗ്യത്തിൽ ആലം ഇന്നലെ രാത്രി കടയ്ക്ക് തീയിടുകയായിരുന്നു. കൂടെയുള്ളവരെ മുറിയിൽ പൂട്ടിയിട്ട ശേഷം കടയുടെ താക്കോൽ കൈവശപ്പെടുത്തി ബൈക്കുമെടുത്ത് തിരൂരങ്ങാടിയിലെത്തിയാണ് കടയ്ക്ക് തീവെച്ചത്. കടയ്ക്കു തീയിട്ട ശേഷം ആലം ബൈക്കിൽ പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷനിലെത്തി ട്രെയിൻ കയറി പോയി.
പുലർച്ചെ ഫുട്ബോൾ കളി കണ്ട് തിരികെ വന്നവരാണ് തീപിടിത്തം കണ്ടത്. ഇവർ വിവരമറിയിച്ചതിനുസരിച്ച് പൊലീസും താനൂരിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്. തീപിടിത്തത്തിൽ ടയറുകളും ട്യൂബുകളും യന്ത്രവും കത്തി നശിച്ചതായി ഉടമ പറഞ്ഞു. പ്രതിയെ കണ്ടെത്താനുള്ള നടപടി തുടങ്ങിയെന്നാണ് പൊലീസ് പറയുന്നത്

