പി.പി.ഇ. കിറ്റ്: ലോകായുക്ത അന്വേഷണത്തിനെതിരായ ഹര്‍ജി തള്ളി

കൊച്ചി: സര്‍വകലാശാലകളുമായി ബന്ധപ്പെട്ട്, ഗവര്‍ണറുമായുള്ള പോരില്‍ കോടതിയില്‍ നിന്നു നിരന്തരം തിരിച്ചടിയേറ്റുവാങ്ങുന്ന സംസ്ഥാനസര്‍ക്കാരിന് ഒരേ ദിവസം രണ്ട് കേസുകളില്‍ക്കൂടി പ്രഹരം. പി.പി. കിറ്റ് അഴിമതിക്കേസില്‍ ലോകായുക്തയുടെ അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്ന് ചോദിച്ച കോടതി, മന്ത്രിമാരുടേതുള്‍പ്പെടെ പഴ്‌സണല്‍ സ്റ്റാഫിന്റെ എണ്ണം പരിമിതപ്പെടുത്തണമെന്ന നിരീക്ഷണവും നടത്തി.

ദുരന്തങ്ങള്‍ അഴിമതിക്ക് മറയാക്കരുത്

കോവിഡ് കാലത്തെ പി.പി.ഇ. കിറ്റ് അഴിമതിക്കേസില്‍ സര്‍ക്കാരിനെതിരേ രൂക്ഷവിമര്‍ശനങ്ങളുമായി ഹൈക്കോടതി. അഴിമതിക്കും സ്വജനപക്ഷപാതത്തിനും ദുരന്തങ്ങള്‍ മറയാക്കരുതെന്നു ചീഫ് ജസ്റ്റിസ് എസ്. മണികുമാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് താക്കീത് നല്‍കി. പി.പി.ഇ. കിറ്റുകളും മെഡിക്കല്‍ ഉപകരണങ്ങളും വാങ്ങിയതില്‍ അഴിമതി ആരോപിച്ചുള്ള പരാതി ലോകായുക്ത പരിഗണിക്കുന്നതു ചോദ്യംചെയ്തുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി.

അഴിമതി സംബന്ധിച്ച പരാതി പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമുണ്ടെന്നു കോടതി വ്യക്തമാക്കി. ദുരന്തനിവാരണനിയമപ്രകാരമാണു പി.പി.ഇ. കിറ്റ് ഉള്‍പ്പെടെ വാങ്ങിയതെന്നും അഴിമതി നിരോധനനിയമപ്രകാരം കേസ് പരിഗണിക്കാന്‍ ലോകായുക്തയ്ക്ക് അധികാരമില്ലെന്നും ആരോഗ്യവകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ ഉള്‍പ്പെടെ ഹര്‍ജിക്കാര്‍ വാദിച്ചു. എന്നാല്‍, അന്വേഷണത്തെ എന്തിനു ഭയക്കുന്നുവെന്നായിരുന്നു കോടതിയുടെ ചോദ്യം. ദുരന്തകാലത്ത് ആളുകളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനാണു സര്‍ക്കാരും ഉദ്യോഗസ്ഥരും നിലകൊള്ളേണ്ടതെന്നും ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. പി.പി.ഇ. കിറ്റ് അഴിമതി സംബന്ധിച്ച് കോണ്‍ഗ്രസ് നേതാവ് വീണ എസ്. നായരാണു ലോകായുക്തയ്ക്കു പരാതി നല്‍കിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →