കൊച്ചി: ഡോക്ടര്‍മാര്‍ അടക്കമുള്ള ആശുപത്രി ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഒരു മണിക്കൂറിനകം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഹൈക്കോടതി നിര്‍ദേശം.
കേസ് രജിസ്റ്റര്‍ ചെയ്തു എത്രയും പെട്ടെന്ന് നടപടികള്‍ സ്വീകരിക്കണം. കര്‍ശന നടപടികള്‍ പെട്ടെന്നുണ്ടാകുമെന്ന് കേസില്‍ പ്രതിയാകുന്നവര്‍ക്ക് മനസിലാകണമെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
ആശുപത്രികളില്‍ പോലീസ് എയിഡ് പോസ്റ്റില്ലേയെന്നും ഇത്തരം സംഭവങ്ങള്‍ എങ്ങനെ നിയന്ത്രിക്കുമെന്നു വ്യക്തമാക്കണമെന്നും കോടതി പറഞ്ഞു. എയിഡ് പോസ്റ്റുകളില്ലാത്ത ആശുപത്രികളുടെ വിവരങ്ങള്‍ ബോധിപ്പിക്കണം. ഡോക്ടര്‍, നഴ്‌സ്, സെക്യൂരിറ്റി ജീവനക്കാര്‍, മറ്റ് ജീവനക്കാര്‍ ആക്രമിക്കപ്പെട്ടാല്‍ ഉടന്‍ നടപടി വേണം. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും.
സ്വകാര്യ ആശുപത്രികളില്‍ ആക്രമണങ്ങള്‍ ആവര്‍ത്തിക്കുന്നതു ചൂണ്ടിക്കാട്ടി സ്വകാര്യ ആശുപത്രിയിലെ ഒരു കൂട്ടം ഡോക്ടര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. 137 കേസുകളാണ് ഈ വര്‍ഷം മാത്രം ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഡോക്ടര്‍മാരുടെ സുരക്ഷയ്ക്കായി എന്ത് നടപടിയാണ് സ്വീകരിക്കുന്നതെന്ന് അറിയിക്കണമെന്നു കോടതി നിര്‍ദേശിച്ചു. ജസ്റ്റീസ് ദേവന്‍ രാമചന്ദ്രനും ജസ്റ്റീസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് സര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്.
വളരെ വിഷമകരമാണ് നിലവിലെ സ്ഥിതി. ആശുപത്രി ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ സുരക്ഷ ഉറപ്പാക്കം. ശരാശരി ഓരോ ദിവസവും പത്ത് സംഭവങ്ങള്‍ എന്ന നിലയിലാണ് റിപ്പോര്‍ട്ട് ചെയ്തുവരുന്നത്. വനിതാ ഡോക്ടര്‍മാര്‍ക്കെതിരേ ലൈംഗികാതിക്രമങ്ങള്‍ വരെ നടക്കുന്നു. ഇത്തരം അഞ്ച് കേസുകളുണ്ട്.-കോടതി ചൂണ്ടിക്കാട്ടി. ആശുപത്രികളില്‍ മുഴുവന്‍ ഞരമ്പു രോഗികളാണോയെന്നും കോടതി ചോദിച്ചു.

