നേപ്പാള്‍ തിരഞ്ഞെടുപ്പ്: സാധ്യതകളും ഇന്ത്യന്‍ പ്രതീക്ഷകളും

നേപ്പാള്‍ ദേശീയ തെരഞ്ഞെടുപ്പ് ഫലം പ്രതീക്ഷിച്ചിരിക്കുകയാണ്. 275 അംഗ പാര്‍ലമെന്റിലേക്കും 330 അംഗങ്ങളുള്ള ഏഴ് പ്രവിശ്യ സഭയിലേക്കും വോട്ടുചെയ്യാന്‍ ഏകദേശം 18 ദശലക്ഷം ആളുകള്‍ക്ക് അര്‍ഹതയുണ്ട്. കമ്യൂണിസ്റ്റ് പ്രതിപക്ഷത്തിന്റേയും റോയലിസ്റ്റിന്റേയും സഖ്യത്തിനെതിരെ നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതൃത്വത്തിലുള്ള ഭരണസഖ്യമാണ് മത്സരിക്കുന്നത്.2008ല്‍ 239 വര്‍ഷം പഴക്കമുള്ള രാജവാഴ്ച നിര്‍ത്തലാക്കിയതിനുശേഷം നേപ്പാളില്‍ 10 വ്യത്യസ്ത സര്‍ക്കാരുകളാണ് അധികാരത്തിലേറിയത്. നേപ്പാളി കോണ്‍ഗ്രസ്, കമ്മ്യൂണിസ്റ്റ് യൂണിഫൈഡ് മാര്‍ക്‌സിസ്റ്റ്-ലെനിനിസ്റ്റ് (യുഎംഎല്‍) പാര്‍ട്ടി, മാവോയിസ്റ്റ് സെന്റര്‍ എന്നിവയാണ് രാജ്യത്തെ പ്രധാന പാര്‍ട്ടികള്‍.നേപ്പാളി കോണ്‍ഗ്രസ് നിലവില്‍ നാല് കക്ഷികളുടെ പിന്തുണയോടെയാണ് അധികാരം കൈയാളുന്നത്. നേപ്പാളി കോണ്‍ഗ്രസ് പാര്‍ട്ടിയെ നയിക്കുന്ന പ്രധാനമന്ത്രി ഷേര്‍ ബഹാദൂര്‍ ദേബ മുന്‍ മാവോയിസ്റ്റ് വിമതരുടെ പ്രധാന ഗ്രൂപ്പായ മാവോയിസ്റ്റ് സെന്റര്‍ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കിട്ടുണ്ട്. അധികാരത്തില്‍ തിരിച്ചെത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം.70 കാരനായ കെപി ശര്‍മ ഒലിയുടെ നേതൃത്വത്തിലുള്ളതാണ് സി.പി.എന്‍ – യുഎംഎല്‍. അവര്‍ റോയലിസ്റ്റ് ഗ്രൂപ്പുമായി ധാരണയിലാണ്. മുന്‍കാലങ്ങളില്‍ ബെയ്ജിംഗ് അനുകൂല നിലപാടുകള്‍ക്ക് പേരുകേട്ടയാളാണ് ഒലി. ആ സഖ്യം വിജയിച്ചാല്‍ പ്രധാനമന്ത്രിയാകാന്‍ സാധ്യത ഏറ്റവും കൂടുതല്‍ രണ്ട് തവണ ആ സ്ഥാനത്ത് എത്തിയ ഒലിക്കാണ്.

എന്താണ് ഡല്‍ഹി പ്രതീക്ഷിക്കുന്നത്?

ഇന്ത്യയുടെ കാഴ്ചപ്പാടില്‍, ഇപ്പോഴത്തെ നേപ്പാള്‍ പ്രധാനമന്ത്രി ഷേര്‍ ബഹദൂര്‍ ദേബ സര്‍ക്കാരിന്റെ തുടര്‍ച്ചയാണ് ഏറ്റവും നല്ലത്. നേപ്പാളി കോണ്‍ഗ്രസിന് ഇന്ത്യയുമായി പഴയ ബന്ധമുണ്ട്. കൂടാതെ ദേബയുടെ കാലത്താണ് കെ പി ഒലിയുടെ സമയത്ത് തകര്‍ന്ന ഇന്ത്യ-നേപ്പാള്‍ ബന്ധം സൗഹദത്തിലേക്ക് തിരികെ എത്തിയത്. ദേബ ഇന്ത്യയുമായി എല്ലാമേഖലകളിലും സമഗ്രപങ്കാളിത്തവും സഹായവുമാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയുമായി പൗരാണിക ബന്ധം പുലര്‍ത്തുന്ന സാംസ്‌കാരിക രാജ്യമെന്ന പ്രത്യേകതയ്ക്കപ്പുറം ചൈനയുമായി നേരിട്ട് അതിര്‍ത്തിപങ്കിടുന്ന രാജ്യമെന്ന തന്ത്രപ്രധാന സ്ഥാനവുമാണ് നേപ്പാളിനെ ഇന്ത്യയ്ക്ക് ഏറെ പ്രധാനപ്പെട്ടതാക്കുന്നത്. നേപ്പാളില്‍ ഒലിയുടെ കാലത്ത് നടന്ന രാഷ്ട്രീയ മാറ്റങ്ങളും ഇന്ത്യയുമായി അതിര്‍ത്തിയിലുണ്ടായ തര്‍ക്കങ്ങള്‍ക്കും പിന്നില്‍ ചൈനയാണെന്ന് കണ്ടെത്തിയിരുന്നു. അനവസരത്തിലുള്ള പ്രസ്താവനകള്‍, അതിര്‍ത്തി മാറ്റിവരച്ച് ഭൂപടം പ്രസിദ്ധീകരിക്കല്‍, അയോദ്ധ്യയില്ല നേപ്പാളിലാണ് ശ്രീരാമചന്ദ്ര ഭഗവാന്‍ ജനിച്ചത് തുടങ്ങിയ പ്രസ്താവനകള്‍ ഒന്നിനുപുറകേ ഒന്നായി ഒലിയും മന്ത്രിമാരും നടത്തിയതോടെ ഇന്ത്യ എല്ലാ നയതന്ത്രബന്ധവും മരവിപ്പിക്കുന്ന ഘട്ടത്തിലേക്ക് എത്തിയിരുന്നു.നേപ്പാള്‍ പാര്‍ലമെന്റിലും മുന്‍ പ്രധാനമന്ത്രി ശര്‍മ്മ ഒലിയുടെ ഓഫീസുമായി ചൈനീസ് സ്ഥാനപതിക്കുണ്ടായിരുന്ന അമിതമായ ബന്ധവും വലിയ ആഭ്യന്തര പ്രശ്നങ്ങളാണ് സൃഷ്ടിച്ചത്. ഇതിനിടെ കൊറോണ കാലത്ത് നേപ്പാളിനെ ചൈന വേണ്ടത്ര സഹായിച്ചില്ലെന്നതും അതിര്‍ത്തി ഗ്രാമത്തില്‍ കടന്നുകയറി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതും വലിയ ജന രോഷത്തിനും കാരണമായി. ഇന്ത്യയെ പിണക്കിയതിനെതിരെ യുവജനങ്ങള്‍ പോലും ഭരണകൂടത്തിനെതിരെ രംഗത്തെത്തിയിരുന്നു. അതേസമയം, ഇന്ത്യാ-നേപ്പാള്‍ ബന്ധം ശക്തമാകുന്നതിനെ അതീവ ജാഗ്രതയോടെയാണ് ചൈന കാണുന്നത്. ഇതിനിടെ അമേരിക്ക ചൈനയെ ലക്ഷ്യമിട്ട് നേപ്പാളിന് സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിച്ചതും ചൈനയ്ക്ക് വന്‍തിരിച്ചടിയായിരിക്കുകയാണ്.

എന്തുകൊണ്ട്, എങ്ങിനെ ചൈന ഇടപെടുന്നു ?

ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധങ്ങളില്‍ എന്തുകൊണ്ട്, എങ്ങിനെ ചൈന ഇടപെടുന്നു എന്ന് ആരും ചോദിച്ചേക്കാം. അതിനുള്ള കാരണങ്ങള്‍ വ്യക്തമാണ്. അതില്‍ ആദ്യത്തേത്, ചൈന നേപ്പാളിനെ ഇപ്പോള്‍ തന്നെ കുടുക്കി വെച്ചിരിക്കുന്ന കടക്കെണി കൂടുതല്‍ വ്യാപകമാക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ്. ഇന്ത്യ നേപ്പാളില്‍ നടത്തി കൊണ്ടിരിക്കുന്ന മുതല്‍ മുടക്കുകളെ മറി കടന്നു കൊണ്ട് നേപ്പാളിനെ സഹായിക്കുക എന്ന പേരില്‍ തങ്ങളുടെ അതിര്‍ത്തി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊണ്ട് ചൈന നേപ്പാളിനു വെച്ചു നീട്ടിയിരിക്കുന്നത് വലിയ ലാഭം നേടി കൊടുക്കുന്ന തരത്തിലുള്ള വാഗ്ദാനങ്ങളാണ്. രണ്ടാമതായി, നേപ്പാളിനു മേലുള്ള തങ്ങളുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ചൈന ആഗ്രഹിക്കുന്നു എന്നതാണ്. അതുവഴി ഇന്ത്യയെ അസ്വസ്ഥരാക്കി കൊണ്ട് നേപ്പാളിനെ ചൈനയെ മാത്രം ആശ്രയിക്കുന്ന ഒരു രാജ്യമാക്കി മാറ്റുക എന്നതാണ് അവരുടെ ലക്ഷ്യം. മൂന്നാമത്തെ കാരണം, ഇന്ത്യയല്ല, മറിച്ച് ചൈനയാണ് ഈ മേഖലയെ വികസിപ്പിക്കുവാന്‍ കഴിവുള്ള രാജ്യം എന്ന് സാര്‍ക്കില്‍ ഉള്‍പ്പെട്ട എല്ലാ രാജ്യങ്ങള്‍ക്കും ഒരു സന്ദേശം നല്‍കുവാന്‍ ചൈന ആഗ്രഹിക്കുന്നു എന്നതാണ്. ഏറ്റവും ഒടുവിലത്തെ കാരണം, നേപ്പാളില്‍ മറ്റൊരു മുന്നണി തുറന്നു കൊണ്ട് ഇന്ത്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുവാന്‍ ചൈന ആഗ്രഹിക്കുന്നു എന്നതാണ്. എന്നാല്‍ അത് ഏറ്റവും ഒടുവിലത്തെ പരിഗണന അര്‍ഹിക്കുന്നത് എന്ന് പറയാന്‍ പറ്റാത്തതുമായ കാരണമാണ്. അതുവഴി വ്യാപാരം മുതല്‍ മനുഷ്യാവകാശം വരെയുള്ള വിവിധ പ്രശ്നങ്ങള്‍ സംബന്ധിച്ച് തങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വിമര്‍ശനങ്ങളില്‍ നിന്നും ആഗോള ശ്രദ്ധ തിരിച്ചു വിടാന്‍ ആഗ്രഹിക്കുന്നു ചൈന. തങ്ങള്‍ നല്‍കുന്ന കടക്കെണിയിലൂടെ നേപ്പാളിനെ ഞെരിച്ചമര്‍ത്തുകയും അതുവഴി ചൈനയുടെ കരാറുകള്‍ മാത്രം അവരെ കൊണ്ട് അംഗീകരിപ്പിക്കുകയും ചെയ്യുക എന്നതാണ് ചൈന സ്വീകരിക്കുന്ന മാര്‍ഗം. നിലവില്‍ നേപ്പാളില്‍ നിരവധി പദ്ധതികളില്‍ ചൈന പങ്കാളികളാണ്. പോഖ്രയിലെ വിമാനത്താവളം, ഒരു യൂണിവേഴ്സിറ്റി, ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയില്‍ അവസാനിക്കുന്നതടക്കമുള്ള നിരവധി റോഡുകളുടെ നിര്‍മാണങ്ങള്‍, അണക്കെട്ടുകള്‍, പര്‍വ്വത മേഖലകളിലെ നിരവധി തുരങ്കങ്ങള്‍ വഴി കാഠ്മണ്ഡുവിനെ തിബത്തുമായി ബന്ധിപ്പിക്കുന്ന ഒരു വമ്പന്‍ റെയില്‍ പദ്ധതി എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടുന്നു. ഇതില്‍ മേല്‍ പറഞ്ഞ റെയില്‍ പദ്ധതി മാത്രം ആറ് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ (660 കോടി രൂപ) ചെലവ് വരുന്നതാണ്. നിലവില്‍ ചൈനക്ക് നല്‍കാനുള്ള നേപ്പാളിന്റെ കടബാധ്യത ഏതാണ്ട് രണ്ട് ബില്ല്യണ്‍ അമേരിക്കന്‍ ഡോളര്‍ വരും. അത് ഈ റെയില്‍ പദ്ധതി കൂടി ആവുന്നതോടെ എട്ട് ബില്ല്യണ്‍ ഡോളറായി ഉയരും. 2020 ലേക്കുള്ള നേപ്പാളിന്റെ ജി ഡി പി ലക്ഷ്യത്തിന്റെ 29 ശതമാനം വരും ഇത്. ചൈന നല്‍കിയ വായ്പകള്‍ തിരിച്ചടക്കുന്ന കാര്യത്തില്‍ നേപ്പാള്‍ പിഴവ് വരുത്തുമെന്ന് മിക്കവാറും ഉറപ്പായതിനാല്‍ ഇത് ചൈനയുടെ ഒരു കടക്കെണിയായി മാറും എന്നും ഉറപ്പാണ്.

ഫലങ്ങള്‍ പറയുന്നത്

ഇതുവരെ ഫലം പ്രഖ്യാപിച്ച 152 സീറ്റില്‍ 80 എണ്ണം ദ്യൂബയുടെ സഖ്യം നേടി. ശര്‍മ്മ ഒലിയുടെ പ്രതിപക്ഷ സഖ്യം 47 സീറ്റുകള്‍ നേടി. കഴിഞ്ഞ ഞായറാഴ്ചയാണ് നേപ്പാളില്‍ തിരഞ്ഞെടുപ്പ് നടന്നത്. നേപ്പാളി കോണ്‍ഗ്രസ് ഒറ്റയ്ക്ക് 51ഉം സി.പി.എന്‍ – യു.എം.എല്‍ 39ഉം സീറ്റ് നേടി. 275 അംഗ പാര്‍ലമെന്റില്‍ 138 സീറ്റാണ് ഭൂരിപക്ഷത്തിന് വേണ്ടത്. പാര്‍ലമെന്റിലെ 165 സീറ്റില്‍ നേരിട്ടും 110 എണ്ണത്തില്‍ ആനുപാതിക പ്രാതിനിധ്യാടിസ്ഥാനത്തിലുമാണ് തിരഞ്ഞെടുപ്പ്.

Share

About ശ്രുതി ലാൽ

View all posts by ശ്രുതി ലാൽ →