മുംബൈ: മുംബൈയിലെ തെരുവില്‍ വീഡിയോ ചിത്രീകരിച്ച് തല്‍സമയ സംപ്രേക്ഷണം നടത്തുകയായിരുന്ന യുട്യൂബറായ ദക്ഷിണ കൊറിയന്‍ യുവതിക്കുനേരേ അതിക്രമം. രണ്ടുപേര്‍ അറസ്റ്റില്‍. ഖര്‍ തെരുവില്‍ 29/11/2022 ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെ ആയിരുന്നു അതിക്രമം. അതിക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.യുവതി വീഡിയോ എടുക്കുന്നതിനിടെ അടുത്തെത്തിയ യുവാവ് യുവതിയുടെ കൈയില്‍പിടിച്ചു വലിച്ച് തന്റെ ടൂവീലറിനടുത്തേക്കു കൊണ്ടുപോകാന്‍ ശ്രമിക്കുന്നു.യുവതി പ്രതിഷേധിച്ചിട്ടും ഇയാള്‍ പിന്‍മാറിയില്ല. ഇതിനു പിന്നാലെ യുവതിയെ കടന്നുപിടിക്കുകയും ചുംബിക്കാന്‍ ശ്രമിക്കുകയും ചെയ്തു.സ്ഥലത്തുനിന്നും യുവതി നടന്നുമാറിയപ്പോള്‍ മറ്റൊരാള്‍ക്കൊപ്പം സ്‌കൂട്ടറില്‍ എത്തിയ ഇയാള്‍ വീണ്ടും ലിഫ്റ്റ് വാഗ്ദാനം ചെയ്തു. ലൈവ് പരിപാടി കണ്ടുകൊണ്ടിരുന്ന ആയിരക്കണക്കിനാളുകള്‍ അതിക്രമത്തിനും സാക്ഷികളായി.
അറസ്റ്റിലായ യുവാക്കള്‍ക്കെതിരേ ലൈംഗിക അതിക്രമത്തിനു കേസെടുത്തതായി പോലീസ് അറിയിച്ചു. പ്രശ്നത്തില്‍ അതിവേഗം ഇടപെട്ടതിനു പോലീസിനു നന്ദി അറിയിക്കുന്നതായി വോഗര്‍ അറിയിച്ചു. മറ്റൊരു രാജ്യത്തും സമാന അക്രമം നേരിടേണ്ടിവന്നിട്ടുണ്ട്. അന്നു പരാതിപ്പെടാന്‍ പോലും കഴിഞ്ഞില്ല.അതിവേഗമാണു പോലീസ് നടപടിയുണ്ടായത്. മുംബൈയിലെത്തിയിട്ട് മൂന്ന് ആഴ്ചയായി. കൂടുതല്‍ക്കാലം തുടരും. ഇന്ത്യയില്‍ കൂടുതല്‍ പര്യടനം നടത്തുമെന്നും അവര്‍ അറിയിച്ചു.

