കുഫോസ് വി.സിയുടെ ഹര്‍ജി അടുത്താഴ്ച പരിഗണിക്കും

കൊച്ചി: കുഫോസ് വൈസ്ചാന്‍സലര്‍ സ്ഥാനത്തുനിന്നു നീക്കിയ ഹൈക്കോടതി ഉത്തരവിനെതിരേ ഡോ. റിജി ജോണ്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി അടുത്താഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് സംസ്ഥാന സര്‍ക്കാര്‍, ചാന്‍സലര്‍, രജിസ്ട്രാര്‍, സെര്‍ച്ച് കമ്മിറ്റി തുടങ്ങിയവര്‍ക്കു നോട്ടീസ് അയച്ചിട്ടുണ്ട്. ‘ അവര്‍ സത്യവാങ്മൂലം നല്‍കണം. അടുത്താഴ്ച വീണ്ടും പരിഗണിക്കുമ്പോള്‍ ഹര്‍ജി തീര്‍പ്പാക്കാമെന്നാണു കോടതി അറിയിച്ചിട്ടുള്ളത്. ഹൈക്കോടതി ഉത്തരവ് ഇപ്പോള്‍ സ്‌റ്റേ ചെയ്യുന്നില്ലെന്നു സുപ്രീംകോടതി ഹര്‍ജി ആദ്യം പരിഗണിച്ചപ്പോള്‍ വ്യക്തമാക്കിയിരുന്നു.

സുപ്രീംകോടതി അന്തിമവിധി പുറപ്പെടുവിക്കുംവരെ വി സി സ്ഥാനത്തു സ്ഥിരം നിയമനം നടത്തരുതെന്നു നിര്‍ദേശിക്കണമെന്നു റിജി ജോണിനുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത ആവശ്യപ്പെട്ടു. പുതിയ നിയമനം നടന്നാലും ഹൈക്കോടതി വിധി റദ്ദാക്കിയാല്‍ റിജി ജോണിനു വി സിയായി തുടരാമെന്നായിരുന്നു ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിരീക്ഷിച്ചത്.

കുഫോസ് വി സി നിയമനാധികാരം സംസ്ഥാന സര്‍ക്കാരിനാണെന്ന വാദമാണ് റിജി ജോണ്‍ ഉന്നയിച്ചത്. കാര്‍ഷിക സര്‍വകലാശാലകള്‍ യു.ജി.സി. റെഗുലേഷന്റെ പ്രയോഗപരിധിക്കു പുറത്തായതിനാല്‍ നിയമനങ്ങള്‍ സര്‍വകലാശാല നിയമപ്രകാരമാണു നടത്തേണ്ടതെന്നും ചൂണ്ടിക്കാട്ടി. ഹൈക്കോടതി ഉത്തരവില്‍ പിഴവുകളുണ്ടെന്ന വാദത്തെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകന്‍ കെ.കെ. വേണുഗോപാല്‍ പിന്തുണച്ചിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →