സമരക്കാര്‍ക്കെതിരേ കടുത്ത നടപടി: കൊവിഡ് പ്രതിഷേധക്കാരെ നിശബ്ദരാക്കി ചൈന

ബെയ്ജിങ്: പ്രസിഡന്റ് ഷീ ചിന്‍പിങ്ങിനും കടുത്ത കോവിഡ് ലോക്ക്ഡൗണ്‍ നടപടികള്‍ക്കുമെതിരേ പടര്‍ന്ന പ്രതിഷേധത്തീയണച്ച് ചൈനീസ് സര്‍ക്കാര്‍. സമരക്കാര്‍ക്കെതിരേ കടുത്ത നടപടിയെടുത്തും സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ നിരീക്ഷണം കര്‍ശനമാക്കിയുമാണ് പ്രതിഷേധക്കാരെ നിശബ്ദരാക്കിയത്. ബെയ്ജിങ്, ഷാങ്ഹായ് ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ മഫ്തിയിലുള്‍പ്പെടെ നൂറുകണക്കിനു പോലീസുകാരെ വിന്യസിച്ചായിരുന്നു പരിശോധന. ആളുകളുടെ ഫോണുകള്‍ പിടിച്ചെടുത്തും പരിശോധന നടത്തി. നിരവധിപേര്‍ അറസ്റ്റിലായതായും സൂചനയുണ്ട്. അതേസമയം, നിരവധി വിദേശരാജ്യങ്ങളില്‍ ചൈനീസ് എംബസികള്‍ക്കു പുറത്ത് പ്രതിഷേധം നടന്നു.

സമരത്തില്‍ പങ്കെടുത്തവരുടെ വ്യക്തമായ വിവരങ്ങള്‍ ശേഖരിച്ചാണ് പോലീസ് നടപടി തുടങ്ങിയത്. പലരെയും നേരിട്ടു വിളിച്ച് വിശദാംശങ്ങള്‍ ആവശ്യപ്പെട്ടു. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടെ പോലീസ് തേടി. വ്യാപകസമരം നടന്ന ദിവസങ്ങളില്‍ എവിടെയായിരുന്നു, എന്തു ചെയ്തു തുടങ്ങിയ വിവരങ്ങള്‍ നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഫോണില്‍ കിട്ടാത്തവരുടെ വീടുകളില്‍ പോലീസ് നേരിട്ടെത്തിയെന്നും സമരക്കാര്‍ പറഞ്ഞു. ടെലിഗ്രാം ആപ്ലിക്കേഷന്‍ മുഖേനെ സന്ദേശമയയ്ക്കാന്‍ ആളുകള്‍ വീണ്ടും ഒത്തുകൂടണമെന്ന് ചില ഗ്രൂപ്പുകള്‍ നിര്‍ദേശിച്ചിരുന്ന ബെയ്ജിങ്ങിലും പട്രോളിങ്ങിനായി പ്രത്യേകം പോലീസിനെ വിന്യസിച്ചിരുന്നു. തിങ്കളാഴ്ച രാത്രി തെക്കന്‍ നഗരമായ ഹാങ്ഷൗവില്‍ ചെറിയ പ്രതിഷേധം നടന്നു. എന്നാല്‍, സമരക്കാരെ അറസ്റ്റ് ചെയ്തതോടെ പ്രതിഷേധം പെട്ടെന്ന് അവസാനിപ്പിച്ചതായി രാജ്യാന്തരമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയില്‍ പ്രവര്‍ത്തനം തടഞ്ഞിരിക്കുന്ന ടെലിഗ്രാം, ട്വിറ്റര്‍ തുടങ്ങിയ ആപ്പുകളും വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കുകളും (വി.പി.എന്‍) വീണ്ടും സജ്ജീകരിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പോലീസ് ആളുകളെ തടയുകയും അവരുടെ ഫോണുകള്‍ പരിശോധിക്കുകയും ചെയ്തു. ബെയ്ജിങ്ങില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത തനിക്കും തന്റെ അഞ്ചു സുഹൃത്തുക്കള്‍ക്കും പോലീസില്‍നിന്ന് ഫോണ്‍ കോളുകള്‍ ലഭിച്ചതായി ഒരു സ്ത്രീ വാര്‍ത്താ ഏജന്‍സിയോടു പറഞ്ഞു.

അതേസമയം, കോവിഡ് വ്യാപനം തടയാന്‍ പ്രായമായവര്‍ക്ക് വാക്സിനേഷന്‍ വ്യാപകമാക്കാന്‍ ചൈനീസ് ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കി. 80 വയസിനുമേല്‍ പ്രായമുള്ളവര്‍ക്കുള്ള വാക്സിനേഷന്‍ നടപടികള്‍ ത്വരിതപ്പെടുത്തും. പ്രായമായവര്‍ക്കുള്ള വാക്സിനേഷന്‍ ഡോസുകള്‍ തമ്മിലുള്ള ഇടവേള മൂന്നു മാസമായി കുറയ്ക്കാനും നാഷണല്‍ ഹെല്‍ത്ത് കമ്മിഷന്‍ നിര്‍ദേശിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →