പാസിംഗ് ഔട്ട് പരേഡ് പൂര്‍ത്തിയാക്കി നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍

വിതുര ഗവണ്‍മെന്റ് വി എച്ച്.എസ്.എസില്‍ നടന്ന നെടുമങ്ങാട്-കാട്ടാക്കട സബ് ഡിവിഷനുകളിലെ സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡ് പ്രൌഢ ഗംഭീരമായി. സൂപ്പര്‍ സീനിയര്‍ വിഭാഗം കേഡറ്റുകളുടെ പാസിംഗ് ഔട്ട് പരേഡില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍. ബിന്ദു സല്യൂട്ട് സ്വീകരിച്ചു. ജി. സ്റ്റീഫന്‍ എം.എല്‍.എ മുഖ്യാതിഥിയായി. വിതുര വി.എച്ച്.എസ്.എസ്, നെടുമങ്ങാട് ജി.ജി.എച്ച്.എസ്.എസ്, അരുവിക്കര ജി.എച്ച്.എസ്.എസ്, മീനാങ്കല്‍ ജി.ടി.എച്ച്.എസ്.എസ്, തൊളിക്കോട് ജി.എച്ച്.എസ്, പനവൂര്‍ എച്ച്.എസ്.എസ്, പനക്കോട് വി.കെ കാണി എച്ച്.എസ്, ഇളവട്ടം  ബി.ആര്‍.എം.എച്ച്.എസ് എന്നീ സ്‌കൂളുകളില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ 350 വിദ്യാര്‍ത്ഥികളാണ് എട്ട് പ്ലറ്റൂണുകളിലായി പരേഡിന് അണിനിരന്നത്.

നെടുമങ്ങാട് സ്‌കൂളിലെ അസിന്‍ ഷബീര്‍, അരുവിക്കര സ്‌കൂളിലെ വൈഗ കൃഷ്ണ എന്നീ കേഡറ്റുകള്‍ പരേഡ് നയിച്ചു. പതിനാറ് പോലീസ് ഉദ്യോഗസ്ഥരും പതിനാറ് അധ്യാപകരുമാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. മികച്ച പ്ലറ്റൂണുകള്‍ക്കുള്ള പുരസ്‌കാരങ്ങള്‍ മന്ത്രി വിതരണം ചെയ്തു.  പി.ടി. ഉഷ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ തുടങ്ങിയവരും പങ്കെടുത്തു.

Share
അഭിപ്രായം എഴുതാം