ന്യൂഡല്‍ഹി: കള്ളപ്പണക്കേസില്‍ അറസ്റ്റിലായ ഡല്‍ഹി മന്ത്രി സത്യേന്ദര്‍ ജെയിനിന് തിഹാര്‍ ജയിലില്‍ വി.ഐ.പി. പരിഗണനയാണ് ലഭിക്കുന്നതെന്ന ആരോപണത്തിന് തെളിവായി കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്തുവന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ 12 നു രാത്രി എട്ടിനുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. സെല്ലില്‍ അതിഥികളുമായി സത്യേന്ദര്‍ ജെയിന്‍ ചര്‍ച്ച നടത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. സസ്‌പെന്‍ഷനിലായ ജയില്‍ സൂപ്രണ്ട് അജിത് കുമാറും വീഡിയോയിലുണ്ട്.
സാധാരണ വേഷത്തിലാണ് ജയില്‍സെല്ലില്‍ മൂന്ന് അതിഥികള്‍ പ്രവേശിക്കുന്നത്. അല്‍പ സമയത്തിന് ശേഷം അജിത് കുമാര്‍ സെല്ലിലെത്തി. അപ്പോള്‍ അതിഥികള്‍ സെല്ലില്‍ നിന്നു പുറത്തേക്കിറങ്ങുന്നതും ദൃശ്യത്തിലുണ്ട്.
ഡല്‍ഹി ജയില്‍ വകുപ്പിന്റെ കൂടി ചുമതലയുള്ള സത്യേന്ദര്‍ ജെയിനിനു തിഹാര്‍ ജയിലില്‍ പ്രത്യേക പരിഗണന ലഭിക്കുന്നതായി ഇ.ഡി. ഉദ്യോഗസ്ഥര്‍ വിചാരണ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണത്തിനൊടുവില്‍ ഈ മാസം പതിനാലിന് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ജെയിന്‍ പുറത്തുനിന്നു കൊണ്ടുവന്ന ആഹാരം കഴിക്കുന്നതും ജയിലിലെ അന്തേവാസിയെക്കൊണ്ട് മസാജ് ചെയ്യിക്കുന്നതും ഉള്‍പ്പെടെയുള്ള ദൃശ്യങ്ങള്‍ നേരത്തേ പുറത്തുവന്നിരുന്നു.
അടുത്ത മാസം ഡല്‍ഹിയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വീഡിയോ ദൃശ്യങ്ങള്‍ എ.എ.പിയെ പ്രതിരോധത്തിലാക്കി. ഇതുവരെ പുറത്തുവന്ന ദൃശ്യങ്ങള്‍ ജെയിനിന് ഫിസിയോ തെറാപ്പി നടത്തുന്നതിന്റേതാണെന്നായിരുന്നു എ.എ.പിയുടെ വിശദീകരണം.

