നോക്കൗട്ട് സാധ്യത സജീവമാക്കി അര്‍ജന്റീന

ദോഹ: ലോകകപ്പ് ഫുട്ബോളില്‍ മെക്സിക്കോയ്ക്കെതിരേ ജയിച്ചതോടെ അര്‍ജന്റീനയ്ക്ക് ജീവന്‍ തിരിച്ചുകിട്ടി. അവര്‍ നോക്കൗട്ട് സാധ്യതകള്‍ സജീവവുമാക്കി. ഗ്രൂപ്പ് സിയില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തുക എളുപ്പമല്ല. രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയായപ്പോള്‍ നാല് ടീമുകള്‍ക്കും സാധ്യതയുണ്ട്.

അവസാന മത്സരങ്ങളാകും ഒന്നും രണ്ടും സ്ഥാനക്കാരെ തീരുമാനിക്കുക. അര്‍ജന്റീന നേരിടേണ്ടത് പോളണ്ടിനെയാണ്. ബുധനാഴ്ചയാണു മത്സരം. തോറ്റാല്‍ അര്‍ജന്റീന പുറത്തേക്കും പോളണ്ട് പ്രീ ക്വാര്‍ട്ടറിലേക്കും പോകും. അര്‍ജന്റീനയ്ക്ക് സാധ്യത നിലനിര്‍ത്താന്‍ ജയമോ സമനിലയോ അത്യാവശ്യമാണ്. ജയിച്ചാല്‍ ആറു പോയിന്റുമായി മറ്റു മത്സരഫലങ്ങളെ ആശ്രയിക്കാതെ പ്രീ ക്വാര്‍ട്ടറിലെത്താം. സമനിലയായാല്‍ സൗദി അറേബ്യയും മെക്സിക്കോയും തമ്മിലുള്ള മത്സരത്തെ ആശ്രയിക്കേണ്ടി വരും. സൗദി ജയിച്ചാല്‍ അര്‍ജന്റീനയും മെക്സിക്കോയും പുറത്താകും. ആറു പോയിന്റോടെ സൗദി കടക്കും. മെക്സിക്കോ ജയിച്ചാല്‍ അവര്‍ക്കും അര്‍ജന്റീനയ്ക്കും നാല് പോയിന്റ് വീതമാകും. അതോടെ ഗോള്‍ വ്യത്യാസമാകും പ്രീ ക്വാര്‍ട്ടറുകാരെ നിര്‍ണയിക്കുക.

സൗദിയും മെക്സിക്കോയും സമനില വഴങ്ങിയാലും കുഴയും. സൗദിക്കും അര്‍ജന്റീനയ്ക്കും നാല് പോയിന്റ് വീതമാകും. അവിടേയും ഗോള്‍ വ്യത്യാസം നിര്‍ണായകമാകും. രണ്ട് പോയിന്റോടെ മെക്സിക്കോ പുറത്താകും. അവസാന മത്സരത്തില്‍ സമനിലയെങ്കിലും നേടാന്‍ കഴിഞ്ഞാല്‍ മെക്‌സിക്കോ സൗദിയെ രണ്ടില്‍ കൂടുതല്‍ ഗോളിനു തോല്‍പ്പിച്ചില്ലെങ്കില്‍ അര്‍ജന്റീനയ്ക്ക് അടുത്ത റൗണ്ടിലേക്ക് കടക്കാന്‍ കഴിയും. ഗ്രൂപ്പ് ഡിയില്‍ ഒന്നാം സ്ഥാനക്കാരായ മിന്നുന്ന ഫോമിലുള്ള ഫ്രാന്‍സിനെ ഒഴിവാക്കണമെങ്കില്‍ പോളണ്ടിനെ തോല്‍പ്പിക്കുക തന്നെ വേണം. അര്‍ജന്റീനയ്ക്കെതിരേ സമനില നേടിയാല്‍ തന്നെ പോളണ്ടിനു മുന്നേറാം. അവര്‍ക്ക് അഞ്ച് പോയിന്റാകും.

സൗദി അറേബ്യയോട് 2-1 നു തോറ്റ അതേ ലുസൈല്‍ സ്‌റ്റേഡിയത്തിലാണ് അര്‍ജന്റീന 2-0 ത്തിനു മെക്‌സിക്കോയെ തോല്‍പ്പിച്ചത്. ജയത്തില്‍ കുറഞ്ഞതൊന്നും തൃപ്തി തരാത്ത മത്സരത്തില്‍ സൂപ്പര്‍ താരം ലയണല്‍ മെസിയും എന്‍സോ ഫെര്‍ണാണ്ടസും ഗോളടിച്ചു. ഒരു ഗോളടിച്ചതിനൊപ്പം രണ്ടാമത്തേതിനു ചരടു വലിക്കുകയും ചെയ്ത മെസി ടീമിനെ കൈപിടിച്ചുയര്‍ത്തി. ഒന്നാം പകുതിയില്‍ കടുകട്ടിയായ മെക്‌സിക്കന്‍ പ്രതിരോധത്തില്‍ അര്‍ജന്റീന വലഞ്ഞു. ലൂയിസ് സ്‌കലോണിയുടെ ശിഷ്യന്‍മാര്‍ രണ്ടാം പകുതിയിലാണ് ഉയര്‍ത്തെഴുന്നേറ്റത്. ഗോള്‍ കീപ്പര്‍ എമിലിയോ മാര്‍ട്ടിനസ് മുതല്‍ അവസാനം കളത്തിലെത്തിയ ക്രിസ്റ്റിയന്‍ റൊമേറോ വരെ കൈയൊപ്പ് ചാര്‍ത്തിയ ജയം.

സൗദിയോടേറ്റ തോല്‍വിയില്‍ നിന്നു പഠിച്ച സ്‌കലോണി ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. പ്രതിരോധത്തില്‍ നികോളാസ് ഒറ്റാമെന്‍ഡിയെ മാത്രം നിലനിര്‍ത്തി അഴിച്ചുപണിഞ്ഞു. നഹുവല്‍ മൊളിനയ്ക്കു പകരം ഗോണ്‍സാലോ മോണ്ടിയലും ഇടതുഭാഗത്ത് ടാഗ്‌ലിയഫിക്കോയ്ക്കു പകരം മാര്‍കോസ് അക്യുനയും വന്നു. സൗദിക്കെതിരേ പിഴവുകള്‍ വരുത്തിയ ക്രിസ്റ്റിയന്‍ റൊമേറോയെ മാറ്റി ലിസാേ്രന്ദാ മാര്‍ട്ടിസിനെ ഇറക്കി. മധ്യനിരയുടെ ചുമതല ഗായേ്ദാ റോഡ്രിഗസിനെ ഏല്‍പ്പിച്ചു. അലഹാേ്രന്ദാ ഗോമസിന്റെ പരിചയസമ്പത്തിനെ ഒഴിവാക്കിയ കോച്ച് മക് അലിസ്റ്ററില്‍ വിശ്വാസമര്‍പ്പിച്ചു. പോളണ്ടിനെതിരേ സമനില പാലിച്ച മെക്‌സിക്കോ സംഘത്തില്‍ മൂന്ന് മാറ്റങ്ങളാണ് കോച്ച് ജെറാഡോ മാര്‍ട്ടിനോ നടത്തിയത്.

മെക്‌സിക്കോയുടെ പരുക്കന്‍ പ്രതിരോധത്തിനു മുന്നില്‍ അര്‍ജന്റീന നിസഹായരായി. ഒരേയൊരു ഷോട്ടാണ് അവര്‍ ഒന്നാം പകുതിയില്‍ ഗോളിലേക്കു പായിച്ചത്. 64-ാം മിനിറ്റിലായിരുന്നു മെസിയുടെ ഗോള്‍. 87-ാം മിനിറ്റില്‍ എന്‍സോ ഫെര്‍ണാണ്ടസിന്റെ ഗോളിലൂടെ അര്‍ജന്റീന വിജയമുറപ്പിച്ചു.
ഇഞ്ചുറി ടൈമില്‍ ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസിന്റെ കിടിലന്‍ സേവ് അര്‍ജന്റീനയെ രക്ഷിച്ചു. വേഗയുടെ തകര്‍പ്പനൊരു ഫ്രീ കിക്ക് മാര്‍ട്ടിനസ് വലതു വശത്തേക്ക് മുഴുനീളെ ഡൈവ് നടത്തി പിടിച്ചെടുത്തു. കളി പുരോഗമിക്കുന്നതിനനുസരിച്ച് നിയന്ത്രണത്തിലുള്ള പന്ത് കൂടുതല്‍ വേഗത്തില്‍ നീക്കി അര്‍ജന്റീന ആധിപത്യം സ്ഥാപിച്ചു.

ഒരു മണിക്കൂറായപ്പോള്‍ റോഡ്രിഗസിനെ പിന്‍വലിച്ച് എന്‍സോ ഫെര്‍ണാണ്ടസിനെ ഇറക്കി. വൈകാതെ ഫലവുമുണ്ടായി. അതുവരെ കാര്യമായ ഫലങ്ങളുണ്ടാക്കാന്‍ കഴിയാതിരുന്ന ലൗട്ടേറോ മാര്‍ട്ടിനസിനെ വലിച്ച് ജൂലിയന്‍ അല്‍വാരസിനെ കളത്തിലിറക്കി. പിന്നാലെ മെസി ഗോളെത്തി. മെക്‌സിക്കോ ബോക്‌സില്‍ എതിരാളികള്‍ ചുറ്റും കോട്ട കെട്ടിനില്‍ക്കെ വലതുഭാഗത്ത് എന്‍സോയ്ക്ക് പന്ത് കൈമാറി മെസി മൈതാനത്തിന്റെ മധ്യഭാഗത്തേക്ക്. ഫെര്‍ണാണ്ടസ് പന്ത് വലതുഭാഗത്തു സ്വതന്ത്രനായിനിന്ന എയ്ഞ്ചല്‍ ഡി മരിയയ്ക്ക് മറിച്ചുനല്‍കി.
അതോടെ മെസിയെ ‘പൂട്ടി’യിരുന്ന മെക്‌സിക്കന്‍ മിഡ്ഫീല്‍ഡര്‍ പ്രതിരോധത്തിലേക്ക് പോയി. മിന്നല്‍ വേഗത്തില്‍ ബോക്‌സിന്റെ തൊട്ടടുത്തെത്തിയ ഡി മരിയ ഓടിക്കയറുന്ന ഡിപോളിനെ ഗൗനിക്കാതെ മധ്യത്തിലേക്ക് തിരിഞ്ഞു. മാര്‍ക്ക് ചെയ്യാതെനിന്ന മെസിയുടെ സമീപത്തേക്ക് പന്തെത്തിച്ചു. ഡി സര്‍ക്കിളിന്റെ തൊട്ടുമുന്നില്‍ മെസി പന്ത് സ്വീകരിക്കുമ്പോള്‍ പൂട്ടാന്‍ ഹെക്ടര്‍ ഹെരേര ഓടിയടുക്കുന്നതേയുണ്ടായിരുന്നുള്ളൂ. രണ്ടുമൂന്നു ചുവടുകള്‍ കൊണ്ട് ശക്തി സംഭരിച്ച് ഷോട്ട് തൊടുക്കാന്‍ മെസിക്ക് ആ സമയം ധാരാളമായി. നിലംപറ്റെയുള്ള ഷോട്ട് രണ്ട് ഫുള്‍ബാക്കുകളെയും കടന്ന ശേഷമാണ് ഒച്ചോവ കണ്ടത്. ഒച്ചോവെയുടെ ഡൈവിങ് പന്ത് കടന്നു പോയ ശേഷമായിരുന്നു.

ഒരു ഗോളില്‍ കടിച്ചുതൂങ്ങാന്‍ അവര്‍ക്കു താല്‍പര്യമില്ലായിരുന്നു. ഷോര്‍ട്ട് കോര്‍ണറിനൊടുവില്‍ മെസിയില്‍നിന്നു പാസ് സ്വീകരിച്ച ശേഷം ഇടതുമൂലയിലൂടെ ബോക്‌സിലേക്കു കയറിയ ഫെര്‍ണാണ്ടസിന്റെ ബുള്ളറ്റ് ഷോട്ട് ഒച്ചോവയ്ക്കു കാണാന്‍ പറ്റിയില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →