കൃഷ്ണപുരം സാംസ്‌കാരിക കേന്ദ്രത്തിന് മൂന്ന് കോടിയുടെ അനുമതി

ആലപ്പുഴ: കൃഷ്ണപുരം സാംസ്ക്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി മൂന്ന് കോടി രൂപയുടെ പദ്ധതികൾക്ക് തുക അനുവദിച്ചതായി യു. പ്രതിഭ എം.എൽ എ.  498 മീറ്റർ ചുറ്റളവിൽ ചുറ്റുമതിൽ, മതിലിൽ സ്റ്റീൽ വർക്കുകൾ, ക്ലാഡിംഗ് ആറ് മീറ്റർ ഉയരത്തിൽ കമാനങ്ങൾ, ഗേറ്റുകൾ, കമാനത്തിൽ മ്യൂറൽ പെയിന്റിംഗ്, ആർട്ട് വർക്കുകൾ, 328 മീറ്റർ നീളത്തിൽ ഡ്രെയിനേജ്, കുളത്തിന് ചുറ്റും ഇന്റർലോക്ക് പാകൽ, കോമ്പൗണ്ട് ലവലിംഗ്, ടർഫ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ചുറ്റുമതിലും കമാനവും രൂപകല്പന ചെയ്തിരിക്കുന്നത് ആറൻമുള വാസ്തു വിദ്യാഗുരുകുലമാണ്. തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയിൽ നിന്നും ടണൽ മാർഗ്ഗം ഒഴുകിയെത്തുന്ന വലിയ അളവിലുള്ള വെള്ളം സാംസ്ക്കാരിക വിനോദ കേന്ദ്രത്തെ സാരമായി ബാധിച്ചിരുന്നു. ഡ്രെയിനേജിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ ഇവിടുത്തെ വെള്ള കെട്ടിന് ശാശ്വത പരിഹാരമാകും. അഡ്‌വെഞ്ചർ ടൂറിസത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വെള്ളക്കെട്ട് തടസമായിരുന്നു.

സാംസ്ക്കാരിക വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്ന കൃഷ്ണപുരം സാംസ്ക്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിന് വേണ്ടി ജില്ല ടൂറിസം പ്രോമോഷൻ കൗൺസിലിന് കൈമാറിയിട്ടുണ്ട്. ജലകേളി വിനോദങ്ങൾ അടക്കമുള്ള പാർക്കായി ഏറ്റെടുത്ത് നടത്തുന്നതിലേക്ക് സ്വകാര്യ സംരംഭകരിൽ നിന്നും അനുയോജ്യമായ ടൂറിസം പ്രോപ്പോസലുകൾ ക്ഷണിക്കുന്നതിന് 
ഡി.ടി.പി.സി നടപടികൾ സ്വീകരിച്ച് വരുന്നതായും എം.എൽ.എ. അറിയിച്ചു. 50 ലക്ഷം രൂപ വിനിയോഗിച്ച്, ചതുപ്പായി കിടന്നിരുന്ന തടാകത്തിന്റെ വശങ്ങളിൽ മണ്ണിട്ട് കൃത്യമ തടാകം ഉണ്ടാക്കി ചുറ്റുമുള്ള സ്ഥലം കരഭൂമിയാക്കി ഉയർത്തുകയും ചെയ്തിരുന്നു. മൂന്ന് കോടി രൂപ വിനിയോഗിച്ചാണ് തടാകത്തിന് ചുറ്റും കൽപ്പടവുകൾ, നടപ്പാത, സൈക്ലിംഗ് ട്രാക്ക്, ഓപ്പൺ ഗ്യാലറി, ഓഫീസ് കെട്ടിടങ്ങൾ, മണ്ഡപങ്ങൾ, പടനായകന്റെ പ്രതിമ എന്നിവ സ്ഥാപിച്ചിട്ടുള്ളത്. കൂടാതെ 15 ലക്ഷം രൂപ വിനിയോഗിച്ച് ഒരു ഓപ്പൺ സ്റ്റേജും 23 ലക്ഷം രൂപ വിനിയോഗിച്ച് കെ.പി.എ.സി. സുലോചനയുടെ പേരിൽ ഒരു ഗ്രന്ഥശാലയും സ്ഥാപിച്ചിട്ടുണ്ട്. ഇപ്പോൾ ടെൻഡർ ചെയ്തിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുമ്പോൾ സാംസ്ക്കാരിക-ടൂറിസം പദ്ധതികൾ പൊതുജനങ്ങൾക്ക് ആകർഷകമാകുന്ന രീതിയിൽ നടത്തിക്കൊണ്ട് പോകുവാൻ കഴിയുമെന്നും എം.എൽ.എ അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →