മട്ടന്നുരില്‍ ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം ലക്ഷ്യം കണ്ടില്ല

മട്ടന്നൂര്‍: മട്ടന്നൂരിലും പരിസരങ്ങളിലും വൈദ്യുതി വിതരണം കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഭൂമിക്കടിയിലൂടെ കേബിള്‍ സ്ഥാപിച്ച് വൈദ്യുതിവിതരണം ചെയ്യുന്ന പദ്ധതി ഇനിയും പൂര്‍ത്തിയായില്ല. മട്ടന്നൂര്‍ ടൗണിലടക്കം ലൈനില്‍ മരം പൊട്ടിവീണും മറ്റുമുള്ള വൈദ്യുതിമുടക്കം ഒഴിവാക്കാനാണ് രണ്ടുവര്‍ഷം മുന്‍പ് പണി തുടങ്ങിയത്.

മട്ടന്നൂര്‍ വരെ കേബിള്‍ സ്ഥാപിച്ചെങ്കിലും വീടുകളിലേക്ക് വൈദ്യുതിയെത്തിക്കാന്‍ നടപടിയായില്ല. ഒരുവര്‍ഷത്തോളമായി ഇത് സംബന്ധിച്ച പ്രവൃത്തികളൊന്നും നടന്നിട്ടില്ലെന്നാണ് വൈദ്യുതി വകുപ്പ് അധികൃതര്‍ പറയുന്നത്.

ഭൂഗര്‍ഭ കേബിള്‍ വഴി വൈദ്യുതി വിതരണം ചെയ്യുന്ന പദ്ധതിക്ക് എട്ടരക്കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. നാലുവര്‍ഷം മുന്‍പാണ് പ്രവൃത്തി തുടങ്ങിയത്. കെ.എസ്.ടി.പി. റോഡ് നവീകരണം തുടങ്ങുന്നതിന് മുന്‍പ് മട്ടന്നൂര്‍ മുതല്‍ കളറോഡ് വരെ കേബിള്‍ സ്ഥാപിച്ചിരുന്നു. കേബിള്‍ ഇടാന്‍ കെ.എസ്.ടി.പി. അനുമതി നല്‍കാതിരുന്നതിനാല്‍ പിന്നീട് പ്രവൃത്തി വൈകി. ഒടുവില്‍ കുഴിയെടുക്കാതെ ഭൂമി തുരന്ന് കേബിളിട്ടാണ് പണി പൂര്‍ത്തിയാക്കിയത്. ചാവശ്ശേരി സബ് സ്‌റ്റേഷനില്‍നിന്ന് മട്ടന്നൂര്‍ ഗാന്ധി റോഡ് വരെയും പഴശ്ശി സബ്‌സ്‌റ്റേഷനില്‍നിന്ന് ഇടവേലിക്കല്‍, ഇല്ലംമൂലവഴി മട്ടന്നൂര്‍ ടൗണ്‍വരെയും കേബിള്‍ സ്ഥാപിച്ചിരുന്നു. ചാവശ്ശേരി സബ്‌സ്‌റ്റേഷന്‍മുതല്‍ മട്ടന്നൂര്‍വരെ 15 ട്രാന്‍സ്‌ഫോര്‍മറുകള്‍ സ്ഥാപിച്ചാണ് വീടുകളിലേക്ക് വൈദ്യുതി നല്‍കേണ്ടത്.

ഭൂഗര്‍ഭകേബിള്‍ വഴി പരീക്ഷണാടിസ്ഥാനത്തില്‍ വൈദ്യുതി കടത്തിവിടുകയും ചെയ്തിരുന്നു.തുടര്‍ന്ന് സാധാരണ ലൈന്‍ വഴി വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വൈദ്യുതി എത്തിക്കാനായിരുന്നു പദ്ധതി. എന്നാല്‍ കോവിഡ് ലോക്ക്ഡൗണ്‍ അടക്കമുള്ള പ്രതിസന്ധിഘട്ടം കഴിഞ്ഞതോടെ പദ്ധതി പാതിയില്‍ നിലച്ചിരിക്കുകയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →