കൊച്ചി: കാസര്‍ഗോഡ് സ്വദേശി മോഡലിനെ ഓടുന്ന ജീപ്പില്‍ കൂട്ടബലാത്സംഗം ചെയ്‌തെന്ന കേസില്‍ എറണാകുളം എം.ജി. റോഡിലെ അറ്റ്‌ലാന്റിസ് ജങ്ഷനിലുള്ള ബാര്‍ ഹോട്ടല്‍ കേന്ദ്രീകരിച്ചും അന്വേഷണം.
ഹോട്ടല്‍ കേന്ദ്രീകരിച്ചു ലഹരിയിടപാടുകള്‍ നടന്നതു സ്ഥിരീകരിക്കാന്‍ പോലീസിനു പുറമേ എക്‌സൈസും അന്വേഷണം ആരംഭിച്ചു. ഹോട്ടലിനെതിരേ ഒരു വര്‍ഷത്തിനിടെ ആറു കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. മദ്യം വിളമ്പാന്‍ യുവതികളെ നിര്‍ത്തിയത് ഉള്‍പ്പെടെയാണ് കേസ്. ബാറിന്റെ ഉദ്ഘാടനത്തിനാണ് മദ്യം വിളമ്പാന്‍ യുവതികളെ നിയോഗിച്ചത്. അനുവദനീയ സമയം കഴിഞ്ഞു മദ്യം നല്‍കിയതിനും സ്‌റ്റോക്കിലെ പൊരുത്തക്കേടുകള്‍ക്കുമായിരുന്നു മറ്റു നടപടികള്‍.
കൂട്ടബലാത്സംഗ കേസില്‍ പെണ്‍കുട്ടി പോലീസിനു നല്‍കിയ മൊഴിയില്‍ കുടിക്കാന്‍ നല്‍കിയ ബിയറില്‍ പ്രതികള്‍ എന്തോ കലര്‍ത്തിയതായി സംശയമുണ്ടെന്നും അതു കുടിച്ചതോടെ ശരീരം തളര്‍ന്നുവെന്നും പറഞ്ഞിരുന്നു. അവശയായ തന്നെ നിര്‍ബന്ധിച്ചു കാറില്‍ കയറ്റിയെന്നും എന്നാല്‍ സുഹൃത്തായ ഡിംപിള്‍ ലാംബ കയറിയില്ലെന്നുമാണു പെണ്‍കുട്ടി മൊഴി നല്‍കിയത്.തുടര്‍ന്നു ലഹരിമരുന്നിന്റെ സാന്നിധ്യം ഉറപ്പിക്കാന്‍ വേണ്ടി റാപിഡ് ടെസ്റ്റ് നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല. എന്നാല്‍, ഈ പരിശോധനാഫലം പൂര്‍ണമായും വിശ്വാസത്തിലെടുക്കാന്‍ കഴിയാത്തതിനാല്‍ വിശദമായ പരിശോധനയ്ക്കായി സാംപിളുകള്‍ ലാബിലേക്കയച്ചു.
എക്‌സൈസ് വകുപ്പും ബാറില്‍ പരിശോധന നടത്തി. പോലീസിന്റെ രേഖകള്‍ പ്രകാരം യുവതിക്ക് 19 വയസാണു പ്രായം. 23 വയസില്‍ താഴെയുള്ളവര്‍ക്കു മദ്യം നല്‍കാന്‍ പാടില്ലെന്നാണു നിയമം. എന്നാല്‍ എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍, ബാറില്‍ യുവതി നല്‍കിയ തിരിച്ചറിയല്‍ രേഖ പ്രകാരം വയസ്് ഇരുപത്തിയഞ്ചാണ്.
പ്രായം സംബന്ധിച്ചു വ്യക്തത വരുത്തിയശേഷം കേസെടുക്കുന്നത് അടക്കം നടപടി സ്വീകരിക്കാനാണ് എക്‌സൈസിന്റെ നീക്കം. ബാറിലെ സി.സി.ടിവികള്‍ വിശദമായി പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല.അറസ്റ്റിലായ നാലു പ്രതികളെയും ഡിസംബര്‍ മൂന്നുവരെ കോടതി റിമാന്‍ഡ് ചെയ്തു. വിശദമായി ചോദ്യം ചെയ്യാനും തെളിവെടുപ്പിനുമായി പ്രതികളെ സൗത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങും. ഇന്നുതന്നെ കോടതിയില്‍ ഇതു സംബന്ധിച്ചു അപേക്ഷ നല്‍കാനാണു പോലീസിന്റെ നീക്കം.
കേസില്‍ അതിജീവിതയുടെ സുഹൃത്തും മോഡലുമായ രാജസ്ഥാന്‍ സ്വദേശിനി ഡിംപിള്‍ ലാംബ (21ഡോളി), കൊടുങ്ങല്ലൂര്‍ സ്വദേശികളായ വിവേക് സുധാകരന്‍ (26), മേത്തല നിഥിന്‍ മേഘനാഥന്‍ (35), കാവില്‍കടവ് ടി.ആര്‍. സുധീപ് (34) എന്നിവരെയാണു സിറ്റി പോലീസ് അറസ്റ്റ് ചെയ്തത്. ഡി.ജെ. പാര്‍ട്ടിക്കു പോകാമെന്നു പറഞ്ഞു ഡിംപിള്‍ ലാംബയാണു തന്നെ ബാറിലേക്കു കൂട്ടിക്കൊണ്ടുവന്നതെന്ന് അതിജീവിത മൊഴി നല്‍കിയിരുന്നു.
അതേസമയം, പെണ്‍കുട്ടി ആശുപത്രിയില്‍ തുടരുകയാണ്. കാസര്‍ഗോട്ടെ വീട്ടുകാരുമായി യുവതി ഫോണില്‍ ബന്ധപ്പെടുന്നുണ്ടെങ്കിലും അവരാരും ഇതുവരെ ആശുപത്രിയിലെത്തിയിട്ടില്ല. ഡിംപിള്‍ ലാമ്പയുടെ വീട്ടിലും വിവരം അറിയിച്ചിട്ടുണ്ട്.

