തളിപ്പറമ്പ്: ഫേസ്ബുക്കില്‍ ആത്മഹത്യാകുറിപ്പും ഫോട്ടോയും പോസ്റ്റ് ചെയ്ത് ക്ഷേത്രകമ്മറ്റി ചെയര്‍മാന്‍ ക്ഷേത്രത്തിനകത്ത് വിഷംകഴിച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. തളിപ്പറമ്പ് പാലകുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ.സി. മണികണ്ഠന്‍ നായരാണ് (70) ആത്മഹത്യക്ക് ശ്രമിച്ചത്. ഇദ്ദേഹത്തെ ഗുരുതരാവസ്ഥയില്‍ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.20/11/2022 പുലര്‍ച്ചെയാണ് പാലകുളങ്ങര ധര്‍മ്മശാസ്താക്ഷേത്ര ക്ഷേത്രത്തിനകത്ത് ഇദ്ദേഹത്തെ അവശനിലയില്‍ കണ്ടെത്തിയത്.
ഉടന്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നരയോടെ ഫേസ്ബുക്കില്‍ വിട എന്ന അടിക്കുറിപ്പുമായി മണികണ്ഠന്‍നായര്‍ സ്വന്തം ഫോട്ടോയും അതിനുതാഴെ ഒന്‍പതു പേജുവരുന്ന അത്മഹത്യാകുറിപ്പും പോസ്റ്റ് ചെയ്തിരുന്നു. ശ്രദ്ധയില്‍പെട്ട ഒരു സുഹൃത്തിന്റെ ഇടപെടലാണ് ക്ഷേത്രത്തിനകത്തു വിഷംകഴിച്ച നിലയില്‍ കണ്ട കെ.സി. മണികണ്ഠന്‍നായരെ ഉടന്‍ ആശുപത്രിയിലെത്തിക്കാന്‍ സഹായിച്ചത്. പോസ്റ്റ് കണ്ട ഉടനെ ഇദ്ദേഹം മണികണ്ഠന്‍നായുടെ സുഹൃത്തും പരിസ്ഥിതിപ്രവര്‍ത്തകനുമായ വിജയ് നീലകണ്ഠനെ വിവരമറിയിക്കുന്നു. മരണം ക്ഷേത്രത്തിലായിരിക്കുമെന്ന ഫേസ്ബുക്ക് പോസ്റ്റിലെ കുറിപ്പ് കണ്ടതിനാല്‍ ഇരുവരും ക്ഷേത്രപരിസരത്തെത്തി നടത്തിയ അന്വേഷണത്തിലാണ് ക്ഷേത്രമതില്‍ക്കെട്ടിനകത്ത് വരാന്തയില്‍ കിടക്കുന്ന നിലയില്‍ മണികണ്ഠന്‍നായരെ കണ്ടത്. ഉടനെ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയ ശേഷമാണ് ആംബുലന്‍സില്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ മിംസ് ആശുപത്രിയിലും എത്തിച്ചത്. ഇദ്ദേഹം അപകടനില തരണംചെയ്തതായാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
ഒന്‍പത് പേജുകളില്‍ ഫേസ്ബുക്കില്‍ പ്രസിദ്ധീകരിച്ച ആത്മഹത്യാകുറിപ്പില്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ചില നിസാരപ്രശ്‌നങ്ങളാണ് അത്മഹത്യചെയ്യാന്‍ കാരണമെന്ന് കാണുന്നുണ്ട്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് വി. രാഹുല്‍ തളിപ്പറമ്പ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

