ലോകകപ്പ്: ഹോളണ്ട് -സെനഗല്‍ മല്‍സരം വാശിയേറും

ദോഹ: അല്‍ തുമ്മാന സ്റ്റേഡിയത്തില്‍ എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരം ശരിക്കും വാശിയേറിയതാകും.യൂറോപ്പിലെ പ്രബല ശക്തിയായ ഹോളണ്ടും ആഫ്രിക്കന്‍ കപ്പ് ഓഫ് നേഷന്‍സ് ജേതാവ് സെനഗലുമാണ് ഏറ്റുമുട്ടുന്നത്.ഹോളണ്ടും സെനഗലും തമ്മില്‍ ആദ്യമായാണ് ഏറ്റുമുട്ടുന്നത്. ലോകകപ്പില്‍ ആഫ്രിക്കക്കാരോടു തോറ്റിട്ടില്ലെന്ന റെക്കോഡുമായാണ് ഡച്ചുകാര്‍ കളിക്കുന്നത്. ഇതുവരെ നടന്ന നാല് മത്സരങ്ങളില്‍ മൂന്നിലും അവര്‍ ജയിച്ചു. സെനഗലിനും ലോകകപ്പില്‍ യൂറോപ്യന്‍ ടീമുകള്‍ക്കെതിരേ മികച്ച റെക്കോഡാണ്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഒരിക്കലും യൂറോപ്പുകാര്‍ക്ക് അവരെ തോല്‍പ്പിക്കാനായില്ല. രണ്ട് ജയവും ഒരു സമനിലയുമാണ് അവരുടെ നേട്ടം. ലോകകപ്പിലെ കഴിഞ്ഞ എട്ട് മത്സരങ്ങളിലും ഹോളണ്ടുകാര്‍ അപരാജിതരായി (ആറ് ജയവും രണ്ട് സമനിലയും).2002 ലോകകപ്പില്‍ നിലവിലെ ചാമ്പ്യനായ ഫ്രാന്‍സിനെയും (10) 2018 ല്‍ പോളണ്ടിനെയും (21) അട്ടിമറിച്ച പാരമ്പര്യം സെനഗലിനുണ്ട്. 2010 ലോകകപ്പ് ഫൈനലില്‍ കടന്നതാണ് ഹോളണ്ടിന്റെ ഏറ്റവും മികച്ച പ്രകടനം. സ്പെയിനെതിരേ അധിക സമയത്തു വഴങ്ങിയ ഗോളിലാണ് അവര്‍ തോറ്റത്. ശേഷം നടന്ന 14 മത്സരങ്ങളില്‍ 11 ലും ഡച്ചുകാര്‍ ജയിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ അവസാനം തോറ്റത് ബെല്‍ജിയത്തോടാണ് (1994 ലോകകപ്പില്‍ 1-0 ത്തിന്).

സെനഗല്‍ ഇതുവരെ അടിച്ചിട്ട 25 ഗോളുകളില്‍ 12 ലും സാദിയോ മാനെയുടെ ഇടപെടലുണ്ടായി. പരുക്കില്‍നിന്നു പൂര്‍ണമായും മോചിതനാകാത്ത മാനെ ഇന്നു കളിക്കില്ലെന്ന പ്രതീക്ഷയിലാണു ഹോളണ്ട് കോച്ച് ലൂയിസ് വാന്‍ഗാലും നായകന്‍ വിര്‍ജില്‍ വാന്‍ ഡീകും. മാനെ കളിക്കുന്നതില്‍ സെനഗല്‍ കോച്ച് അലിയു സിസെ ഇതുവരെ മനസു തുറന്നില്ല.

താരമായും കോച്ചായും സെനഗലിനു വേണ്ടി ലോകകപ്പില്‍ പങ്കെടുക്കാന്‍ സിസെയ്ക്കായി (താരമായി നാലും കോച്ചായി മൂന്നും). ലൂയിസ് വാന്‍ഗാല്‍ മൂന്നാം വട്ടമാണു ഹോളണ്ട് കോച്ചായി ലോകകപ്പിനെത്തുന്നത്.സ്ട്രൈക്കര്‍ മെഫിംസ് ഡിപായുടെ മികച്ച ഫോമാണു ഡച്ചുകാരുടെ പ്ലസ് പോയിന്റ്. യോഗ്യതാ റൗണ്ടിലെ പത്ത് മത്സരങ്ങളിലായി 12 ഗോളുകളും ആറ് അസിസ്റ്റുകളും കുറിക്കാന്‍ ഡിപായ്ക്കായി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →