ദോഹ: ഫുട്ബോള്‍ ലോകകപ്പ് കിരീടത്തില്‍ കുറഞ്ഞ കിനാവ് കാണാത്ത ടീമുകളുടെ ഉറക്കം കെടുത്ത ചില പരുക്കുകളുണ്ട്. അര്‍ജന്റീനയ്ക്കും ഫ്രാന്‍സിനും പോര്‍ചുഗലിനും ജര്‍മനിക്കും പരുക്ക് പ്രശ്നമാണ്. ഫ്രാന്‍സിന്റെ എന്‍ഗോളോ കാന്റെ, ഡിഗോ ജോട്ട എന്നിവര്‍ പരുക്കു മൂലം ലോകകപ്പ് ടീമില്‍ തന്നെയില്ല. ജര്‍മന്‍ താരം ലിറോയ് സാനെയും ലോകകപ്പ് കളിക്കുന്ന കാര്യം സംശയത്തിലാണ്. സെനഗലിന്റെ സൂപ്പര്‍ താരം സാദിയോ മാനെയും കളത്തിനു പുറത്തിരിക്കേണ്ട അവസ്ഥയിലാണ്. ടീമിലുണ്ടെങ്കിലും മാനെയ്ക്കു ലോകകപ്പില്‍ കളിക്കാനാകില്ലെന്നു സെനഗല്‍ ഫെഡറേഷന്‍ ഔദ്യോഗികമായി പുറത്ത് വിട്ടു. ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ഇത് വലിയ നിരാശയുണ്ടാക്കും.
ആദ്യ മത്സരങ്ങള്‍ നഷ്ടപ്പെട്ടാലും മാനെ കളിക്കത്തിലേക്ക് മടങ്ങിയെത്തുമെന്നായിരുന്നു പ്രതീക്ഷ. ലോക ഫുട്‌ബോളിലെ ഇപ്പോളത്തെ ഏറ്റവും മികച്ച മുന്നേറ്റ താരങ്ങളില്‍ ഒരാളാണ് മുപ്പതുകാരനായ മാനെ. മാനെ സെനഗലിനായി 92 മത്സരങ്ങളില്‍നിന്നു 33 ഗോളുകളടിച്ചു. ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എ യിലാണ് സെനഗല്‍ കളിക്കുന്നത്. ഹോളണ്ട്, ആതിഥേയരായ ഖത്തര്‍, ഇക്വഡോര്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റുള്ളവര്‍.
സ്പെയിന്റെ ഡിഫന്‍ഡര്‍ ഹൊസെ ഗായയുടെ പരുക്കാണ് ഏറ്റവും ഒടുവിലത്തേത്. ജോര്‍ദാനിലെ അമ്മാനിലുള്ള പരിശീലന ക്യാമ്പില്‍ വച്ചാണു ഗായയ്ക്കു പരുക്കേറ്റത്. വലതു കാല്‍മുട്ടിനാണു പരുക്ക്. താരത്തെ നാട്ടിലേക്കു മടക്കിയയച്ചതായി കോച്ച് ലൂയിസ് എന്റിക്വെ പറഞ്ഞു. ജോര്‍ദാനെതിരേ നടന്ന സന്നാഹ മത്സരത്തില്‍ സ്പെയിന്‍ 3-1 നു ജയിച്ചിരുന്നു. ലോകകപ്പ് ഇ ഗ്രൂപ്പില്‍ കോസ്റ്ററിക്ക, ജര്‍മനി, ജപ്പാന്‍ എന്നിവര്‍ക്കൊപ്പമാണ് സ്പെയിന്‍. 19 വയസുകാരന്‍ അലഹാന്‍ഡ്രോ ബാല്‍ഡെയാണു ഗായയുടെ പകരക്കാരന്‍. ആദ്യമായാണു ബാല്‍ഡെ ദേശീയ ടീമിലേക്കെത്തുന്നത്. ഫ്രാന്‍സിന് കനത്ത തിരിച്ചടിയാണ് കാന്റെയുടെ പരുക്ക്.പിന്‍തുടയിലെ പരുക്കിന് ശസ്ത്രക്രിയ വേണ്ടിവന്നതാണ് ചെല്‍സി താരമായ കാന്റെയ്ക്ക് തിരിച്ചടിയായത്. മുപ്പത്തിയൊന്നുകാരനായ കാന്റെയ്ക്ക് ഡോക്ടര്‍മാര്‍ നിരേദേശിച്ചത് നാലുമാസത്തെ വിശ്രമമാണ്. പരുക്കുമൂലം ഈ സീസണില്‍ രണ്ടു മല്‍സരങ്ങളിലായി 175 മിനിറ്റ് മാത്രമാണ് കാന്റെ കളിച്ചത്. അര്‍ജന്റീനയുടെ യുവ താരം പൗലോ ഡിബാല ലോകകപ്പില്‍ കളിക്കുമെന്ന പ്രതീക്ഷയിലാണ്. കോച്ച് ലയണല്‍ സ്‌കലോണി യു.എ.ഇക്കെതിരേ നടന്ന സൗഹൃദ മത്സരത്തില്‍ ഡിബാലയെ കളിപ്പിക്കാതിരുന്നതു സന്ദേഹമുണര്‍ത്തി. ഇറ്റാലിയന്‍ ക്ലബ് എ.എസ്. റോമയ്ക്കു വേണ്ടി തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു കൊണ്ടിരിക്കേയാണു ഡിബാലയ്ക്കു പരുക്കേറ്റത്. സീസണില്‍ എട്ടു മത്സരങ്ങളില്‍ നിന്ന് അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമായി തകര്‍പ്പന്‍ ഫോമിലായിരുന്നു ഡിബാല. ഒരു പെനാല്‍റ്റി എടുക്കുന്നതിനിടെ കാല്‍ത്തുടയ്‌ക്കേറ്റ പരുക്ക് വിനയായി. എട്ടാഴ്ച വരെയാണ് താരത്തിന് വിശ്രമം നിര്‍ദേശിച്ചത്. സ്‌കലോണി ഡിബാലയെ എഴുതിത്തള്ളിയിട്ടില്ല.

