യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിൽ അഞ്ച് വയസുകാരൻ: കേസെടുക്കണമെന്ന് ശിശുക്ഷേമസമിതി

കൊച്ചി: കൊച്ചി കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ സമരത്തിനിടെ അഞ്ച് വയസുകാരനെ പ്രതിഷേധത്തിൽ പങ്കെടുപ്പിച്ച സംഭവത്തിൽ എറണാകുളം ശിശുക്ഷേമസമിതി പൊലീസിൽ പരാതി നൽകി. ജുവനൈൽ ജസ്റ്റിസ് നിയമാപകാരം കേസ് എടുക്കണമെന്നാണ് ആവശ്യം.

കൊച്ചിയിൽ മൂന്ന് വയസുകാരൻ ഓടയിൽ വീണ സംഭവത്തിൽ യൂത്ത് കോണ്‍ഗ്രസിന്റേത് അതിര് കടന്ന പ്രതിഷേധമായെന്ന് വിമർശനം ഉയർന്നിരുന്നു. അഞ്ച് വയസുകാരനെ ഉടുപ്പിടാതെ നിലത്ത് കിടത്തിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. അഞ്ച് വയസുകാരന്റെ മേൽ പ്ലാസ്റ്റിക്കും ചുള്ളിക്കമ്പും ഇട്ട് അമ്മയുടെ അടുക്കലാണ് കിടത്തിയത്.

നിയമ പ്രശ്നങ്ങൾ അറിഞ്ഞ് തന്നെയാണ് കുട്ടിയെ സമരത്തിന് കൊണ്ടു വന്നതെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പ്രതികരിച്ചിരുന്നു. ഇതിന് മുമ്പ് വാട്ടർ അതോറിറ്റി സമരത്തിൽ ഇതെ കുട്ടിയെ വെള്ളത്തിൽ കുളിപ്പിച്ച് സമരം ചെയ്യിച്ചിട്ടുണ്ടെന്നും നേതാക്കൾ പറഞ്ഞു. ഒരു മണിക്കൂർ സമയമാണ് കോർപ്പറേഷൻ കവാടത്തിൽ കുട്ടിയെ കിടത്തിയത്.

കൊച്ചി പനമ്പിള്ളി നഗറിൽ തുറന്ന് കിടക്കുന്ന കാനയിൽ വീണ് മൂന്ന് വയസ്സുകാരന് നവംബർ 17നാണ് പരിക്കേറ്റത്. പത്ത് വർഷമായി കൊച്ചിയിൽ താമസിക്കുന്ന കോട്ടയം സ്വദേശികളായ ഹർഷന്‍റെയും ആതിരയുടെയും മകനാണ് മെട്രോ നഗരത്തിൽ വെച്ച് അപകടത്തിൽപ്പെട്ടത്. വീഴ്ചയിൽ കുഞ്ഞിന്‍റെ തലയ്ക്ക് പരിക്കുണ്ട്. അഴുക്കുവെള്ളം കയറിയതിനാൽ നെഞ്ചിൽ അണുബാധയുടെ ലക്ഷണങ്ങളുമുണ്ട്. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് കുഞ്ഞ്.

ചെളിവെള്ളത്തിൽ മൂക്കറ്റം മുങ്ങിയ കുരുന്നിനെ അമ്മയുടെയും നാട്ടുകാരുടെയും സമയോചിത ഇടപെടല്‍ മൂലമാണ് രക്ഷിക്കാനായത്. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനാണ് തോടിന് മുകളിൽ സ്ലാബിടാത്തതെന്നാണ് കോർപ്പറേഷൻ പറയുന്നത്. പ്രശ്നപരിഹാരത്തിന് പല പദ്ധതികളും അവതരിപ്പിച്ചെങ്കിലും ഫണ്ടില്ലെന്ന കാരണം പറഞ്ഞ് കോർപ്പറേഷൻ മുടക്കിയെന്നും കൗൺസിലർ പറയന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →