ജില്ലയിലെ പോസ്റ്റ് മെട്രിക് സ്ഥാപനങ്ങളിൽ പഠിക്കുന്ന പട്ടികവർഗ വിദ്യാർത്ഥിനികൾക്ക് താമസിച്ച് പഠിക്കുന്നതിനായി പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പുതുതായി ആരംഭിക്കുന്ന പോസ്റ്റ് മെട്രിക് ഹോസ്റ്റൽ നവംബർ 19ന് ഉദ്‌ഘാടനം ചെയ്യും. പുല്ലഴി ഹൌസിങ് ബോർഡ് ഹോസ്റ്റൽ കോംപ്ലക്സിൽ രാവിലെ 11 മണിക്ക് പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ ഉദ്‌ഘാടനം നിർവ്വഹിക്കും.
ഹോസ്റ്റൽ പ്രവർത്തനമാരംഭിക്കുന്നത്തോടെ തൃശൂർ നഗരപരിധിയിലും സമീപസ്ഥലങ്ങളിലുമുള്ള 40ഓളം പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം നേടുന്നതിന് സംസ്ഥാനതത്താകെയുള്ള പട്ടികവർഗ വിദ്യാർത്ഥികൾക്ക് സൗകര്യമൊരുങ്ങും. തൃശ്ശൂർ, വയനാട്, പാലക്കാട്, ഇടുക്കി,മലപ്പുറം ജില്ലകളിലെ പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഉന്നത വിദ്യാഭ്യാസത്തിൽ നാഴികക്കല്ലായി മാറുന്ന പദ്ധതിയാണിത്.
ഉദ്ഘാടന ചടങ്ങിൽ തൃശ്ശൂർ എംഎൽഎ പി ബാലചന്ദ്രൻ അധ്യക്ഷത വഹിക്കും. തൃശ്ശൂർ കോർപ്പറേഷൻ മേയർ എം കെ വർഗീസ്, സംസ്ഥാന ഭവന നിർമ്മാണ ബോർഡ് മെമ്പർ ഗീതാ ഗോപി, ജില്ലാ കളക്ടർ ഹരിത വി കുമാർ, പട്ടികവർഗ്ഗ വികസന വകുപ്പ് ഡയറക്ടർ അർജുൻ പാണ്ഡ്യൻ, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ (ഇൻ ചാർജ്) ചാലക്കുടി കെ ജി മനോജ് എന്നിവർ പങ്കെടുക്കും.

