അതിരപ്പിള്ളിയെ
വിറപ്പിച്ച് വീണ്ടും കബാലിയിറങ്ങി

ചാലക്കുടി: അതിരപ്പിള്ളി റോഡില്‍ ഭീതിപരത്തി വീണ്ടും ഒറ്റയാന്റെ വിളയാട്ടം. കഴിഞ്ഞ ദിവസം മലക്കപ്പാറ റോഡില്‍ വാഹനങ്ങള്‍ മണിക്കൂറുകളോളം തടഞ്ഞിട്ടതിന് പിന്നാലെയാണ് വ്യാഴാഴ്ച കബാലിയെന്ന ഒറ്റയാന്‍ വീണ്ടും റോഡിലിറങ്ങിയത്.

രാവിലെ 6.30 ഓടെ അമ്പലപ്പാറയ്ക്ക് സമീപം റോഡിലിറങ്ങിയ കൊമ്പന്‍ അരമണിക്കൂറോളം വാഹന ഗതാഗതം സ്തംഭിപ്പിച്ചു. സംഭവമറിഞ്ഞ് വനപാലകരും പോലീസും സ്ഥലത്തെത്തിയെങ്കിലും ആനയെ കാടിനുള്ളിലേക്ക് തിരിച്ചുവിടാനായില്ല. ഇതോടെ മലക്കപ്പാറ തേയിലതോട്ടത്തിലേക്കുള്ള ലോറികളടക്കമുള്ള വാഹനങ്ങള്‍ റോഡില്‍ കുടുങ്ങി. ലോറികള്‍ക്കരികിലേക്ക് കുതിച്ച കൊമ്പനില്‍നിന്നും രക്ഷപ്പെടാനായി ലോറികള്‍ നൂറ് മീറ്ററോളം പിന്നോട്ടെടുക്കേണ്ടതായും വന്നു. റോഡില്‍ തലങ്ങും വിലങ്ങും ഓടിതിമര്‍ത്ത കൊമ്പന്‍ പിന്നീട് വനത്തിലേക്ക് കയറി പോവുകയും ചെയ്തു. ഇതോടെയാണ് ഗതാഗതം പുന:സ്ഥാപിച്ചത്. ആനയ്ക്ക് മദപ്പാടുള്ളതായാണ് വനവകുപ്പ് പറയുന്നത്.

അതുകൊണ്ടുതന്നെ ഉള്‍ക്കാട്ടിലേക്ക് പോകാനുള്ള സാധ്യതയും കുറവാണ്.
ആന ഉപദ്രവകാരിയല്ലെങ്കിലും മദപ്പാട് സമയത്ത് ആക്രമണ സ്വഭാവം ഉണ്ടാകാന്‍ സാധ്യതയുള്ളതായാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ആനയുടെ സാന്നിധ്യം റോഡില്‍ തുടര്‍ന്നാല്‍ ഇതുവഴിയുള്ള ഗതാഗതം താത്കാലികമായി നിര്‍ത്തിവയ്ക്കാനും വനംവകുപ്പ് അധികൃതര്‍ ആലോചിക്കുന്നുണ്ട്. സഞ്ചാരികള്‍ കൂടുതലായും എത്തുന്ന ശനി, ഞായര്‍ ദിവസങ്ങളില്‍ ആന ഈ അവസ്ഥ തുടര്‍ന്നാല്‍ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകും. ആദിവാസികളെ ഉള്‍പ്പെടുത്തി വനംവകുപ്പ് പട്രോളിങ്ങിന് രണ്ട് ഗ്രൂപ്പുകള്‍ക്ക് രൂപം നല്കിയിട്ടുണ്ട്. റോഡില്‍ ആനയുടെ സാന്നിധ്യമുണ്ടായാല്‍ മുന്നറിയിപ്പ് നല്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഈ മേഖലയിലുള്ള രണ്ട് ചെക്ക് പോസ്റ്റുകളില്‍ നിന്നും ലഭിക്കുന്ന വിവരമനുസരിച്ച് ഗതാഗതം നിയന്ത്രിക്കാനും ആലോചനയുണ്ട്. ഒന്നര വര്‍ഷം മുമ്പാണ് കബാനിയെ ഷോളയാര്‍ നെല്ലിക്കുന്ന് ഭാഗത്ത് ആദ്യം കണ്ടത്. പിന്നീട് ഈയടുത്താണ് ഇതിനെ വീണ്ടും കാണുന്നത്. ആളുകളെ ആക്രമിക്കുന്ന സ്വഭാവം ഇല്ലാതിരുന്ന കാബാനി കഴിഞ്ഞാഴ്ച വനംവകുപ്പിന്റെ ജീപ്പ് മറിച്ചിടാന്‍ ശ്രമം നടത്തി. കഴിഞ്ഞ ദിവസം വാഹനങ്ങള്‍ക്ക് നേരേ തിരിയുകയും ചെയ്തു. വനംവകുപ്പും പോലീസും ജാഗ്രതയിലാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →