ന്യൂഡല്‍ഹി: ലോകജനസംഖ്യ 15/11/2022 ചൊവ്വാഴ്ച 800 കോടിയിലെത്തിയപ്പോള്‍, ആ നാഴികക്കല്ലു പിന്നിടാന്‍ ഏറ്റവും വലിയ സംഭാവന നല്‍കിയത് ഇന്ത്യയെന്നു യു.എന്‍. 17.7 കോടിയാണ് ഈ കാലയളവില്‍ ഇന്ത്യയിലെ ജനസംഖ്യാ വര്‍ധന. ആഗോളതലത്തില്‍ അടുത്ത നൂറുകോടിയിലേക്ക് ജനസംഖ്യ എത്തുമ്പോള്‍ ചൈനയുടെ സംഭാവന നെഗറ്റീവ് ആയിരിക്കുമെന്നും യു.എന്‍. കണക്കുകൂട്ടുന്നു. അടുത്ത വര്‍ഷം ആദ്യംതന്നെ ചൈനയുടെ ജനസംഖ്യാനിരക്കില്‍ വലിയ കുറവുണ്ടാകും. അടുത്ത വര്‍ഷം ചൈനയെ മറികടന്ന് ഇന്ത്യ ലോകത്തെ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള രാജ്യമാകുമെന്നും വിലയിരുത്തല്‍.
12 വര്‍ഷം കൊണ്ടാണ് ലോക ജനസംഖ്യ 700 കോടിയില്‍ നിന്ന് 800 കോടിയിലെത്തിയത്. 14.5 വര്‍ഷത്തിനു ശേഷം 2037 ല്‍ ആകും അടുത്ത നൂറുകോടി കൂടി കൂട്ടിച്ചേര്‍ക്കപ്പെടുക. ആഗോളനിരക്ക് കുറയുന്നതിന്റെ സൂചനയാണിത്. ഏഷ്യയിലും ആഫ്രിക്കയിലുമാകും ജനസംഖ്യാ വര്‍ധന കൂടുതല്‍. യുറോപ്പില്‍ വര്‍ധനാനിരക്ക് കുറയും.ജനസംഖ്യ 2030 ല്‍ 850 കോടിയിലും 2050 ല്‍ 970 കോടിയിലുമെത്തും. 2080 ല്‍ ജനസംഖ്യ 1040 കോടിയിലെത്തും. 2100 വരെ അതേ നിലയില്‍ തുടരുമെന്നും യു.എന്‍. പ്രവചിക്കുന്നു.

