ആയുര്‍വേദത്തനിമ ഉള്‍ക്കൊണ്ട ഗവേഷണവികസനങ്ങള്‍ വര്‍ത്തമാന-ഭാവികാലങ്ങളുടെ ആവശ്യം: ഡോ.മോഹന്‍ ഭാഗവത്

നാഗ്പൂര്‍: ആയുര്‍വേദത്തിന്റെ തനിമ നിലനിറുത്തിക്കൊണ്ടുളള ഗവേഷണത്തിലൂന്നിയ വികസനം വര്‍ത്തമാനകാലത്തിന്റേയും ഭാവിയുടേയും ആവശ്യമാണെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത് അഭിപ്രായപ്പെട്ടു. അഖിലേന്ത്യാതലത്തില്‍ അംഗീകൃത ആയുര്‍വേദ ചികിത്സകരുടെ പ്രമുഖ സംഘടനയായ ആയുര്‍വേദ് വ്യാസ് പീഠ് നാഗ്പൂരില്‍ നടത്തിയ അന്താരാഷ്ട്ര ആയുര്‍വേദ കോണ്‍ഫറന്‍സില്‍ മുഖ്യാതിഥിയായി സംസാരിക്കവേയാണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്. നവംബര്‍ 11, 12,13 തിയ്യതികളിലായിരുന്നു പരിപാടി.

ദേശീയ കമ്മിറ്റിയില്‍ കേരള പ്രതിനിധികളായി ഡോ.ഡി.ഇന്ദുചൂഡനും ഡോ.ബി.ജി.ഗോകുലനും

കേരളമടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി ആയുര്‍വേദ ചികിത്സകര്‍, മരുന്നുല്പാദകര്‍, ഗവേഷകര്‍, ആയുര്‍വേദ കോളേജ് അദ്ധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ മുതലായ വിഭാഗങ്ങളില്‍ നിന്നായി അയ്യായിരത്തോളം പ്രതിനിധികള്‍ പങ്കെടുത്ത ചടങ്ങില്‍ വച്ച്, കേരള പ്രതിനിധികളായ ഡോ.ബി.ജി.ഗോകുലന്‍, ഡോ.ഡി.ഇന്ദുചൂഡന്‍ എന്നിവരടങ്ങുന്ന വിവിധ സംസ്ഥാനങ്ങളിലെ ആയുര്‍വേദ വിദഗ്ധരുടെ ദേശീയ തലത്തിലെ ഇരുപതംഗ ആയുര്‍വേദ കോര്‍ഡിനേഷന്‍ കമ്മിറ്റിയേയും തെരഞ്ഞെടുത്തു. കേന്ദ്ര ആയുഷ് വകുപ്പുമന്ത്രി സര്‍ബാനന്ദ് സോനോവാള്‍, ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, കേന്ദ്ര ആയുഷ് സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച്ച, കേന്ദ്ര ഭാരതീയ ചികിത്സാ സമിതി അദ്ധ്യക്ഷന്‍ ഡോ.ജയന്ത് ദേവ് പൂജാരി മുതലായവര്‍ ചടങ്ങില്‍ പങ്കെടുത്തു. ആയുര്‍വേദ വ്യാസ് പീഠ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലായി പുറത്തിറക്കുന്ന ആയുര്‍വേദ ശാസ്ത്ര ഗ്രന്ഥങ്ങളുടെ പ്രകാശനം വിശിഷ്ടാതിഥികള്‍ നിര്‍വഹിക്കുകയും അതോടൊപ്പം പ്രമുഖ ആയുര്‍വേദ ചികിത്സകരെ ആദരിക്കുകയും ചെയ്തു.

ആയുഷ് രംഗം 23 ബില്യന്‍ ഡോളര്‍ വിറ്റുവരവിലേക്ക്

ഇന്ത്യന്‍ ആയുഷ് രംഗം അടുത്ത വര്‍ഷത്തോടെ 23 ബില്യന്‍ യു.എസ്. ഡോളര്‍ വിറ്റുവരവിലേക്ക് എത്തിച്ചേരുമെന്ന് കരുതുന്നതായും ഈ ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനായി കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നതായും കേന്ദ്ര ആയുഷ് വകുപ്പുമന്ത്രി ശ്രീ. സര്‍ബാനന്ദ് സോനോവാള്‍ അഭിപ്രായപ്പെട്ടു. അഖിലേന്ത്യാതലത്തില്‍ അംഗീകൃത ആയുര്‍വേദ ചികിത്സകരുടെ പ്രമുഖ സംഘടനയായ ആയുര്‍വേദ് വ്യാസ് പീഠ് നാഗ്പൂരില്‍ നടത്തിയ അന്താരാഷ്ട്ര ആയുര്‍വേദ കോണ്‍ഫറന്‍സില്‍ സംസാരിക്കവേയാണ് ഇപ്രകാരം അഭിപ്രായപ്പെട്ടത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ‘വോക്കല്‍ ഫോര്‍ ലോക്കല്‍’ എന്ന ആഹ്വാനം ആയുര്‍വേദമടക്കമുളള തദ്ദേശീയ ചികിത്സാ ശാസ്ത്രങ്ങള്‍ക്ക് ഉണര്‍വ്വുനല്‍കാന്‍ വളരെയധികം സഹായിച്ചതായി അദ്ദേഹം അറിയിച്ചു. ചടങ്ങിന് ആശംസകളര്‍പ്പിച്ച് സംസാരിച്ച ആയുര്‍വേദ ഡോക്ടര്‍ കൂടിയായ ഗോവ മുഖ്യമന്ത്രി ഡോ.പ്രമോദ് സാവന്ത്, ഇപ്പോഴത്തെ കേന്ദ്ര ഗവണ്മെന്റ് ആയുര്‍വേദത്തിന് അനുകൂലമായി അനേകം നടപടികളെടുത്തതും അതിന്റെ ഫലമായി വിവിധ രംഗങ്ങളില്‍ ആയുര്‍വേദത്തിനുണ്ടായ ഉയര്‍ച്ചയും വിശദീകരിച്ചു.

Share
അഭിപ്രായം എഴുതാം