തിരുവനന്തപുരം: .ഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റാനുള്ള ഓർഡിനൻസ് ഗവർണർക്കെതിരെ ഏതറ്റം വരെയും പോകാനുളള കേരളത്തിന്റെ ശ്രമത്തിന്റെ ഭാഗമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഗവർണർക്ക് നിയമപരമായി ഒപ്പിട്ടേ മതിയാകൂ. രാജ്ഭവൻ മാർച്ചോടെ കേരളത്തിന്റെ മനസ് ഗവർണർക്ക് മനസിലാകുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഗവർണർക്കെതിരായ പ്രതിഷേധം കടുപ്പിക്കുന്നതിനായുള്ള എൽ ഡി എഫി ന്റെ രാജ്ഭവൻ മാർച്ച് 2022 നവംബർ 15 നാണ് നടത്തുന്നത്. ഗവർണർ നടത്തുന്നത് വഴിവിട്ട നീക്കങ്ങളാണെന്ന് ആരോപിച്ച് കൊണ്ട് വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് ഇടതുപക്ഷം പ്രതിഷേധം ശക്തമാക്കിയിട്ടുള്ളത്.
സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യും. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധവും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മ സംഘടിപ്പിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേന്ദ്ര സർക്കാരിന് നേരിട്ട് ഇടപെടുന്നതിന് സംസ്ഥാന സർക്കാരുകളുടേയും സർവ്വകലാശാലകളുടേയും അധികാരം തടസം സൃഷ്ടിക്കുന്നുണ്ട്. ഇതിനെ മറികടക്കുന്നതിന് സംഘപരിവാർ കണ്ടെത്തിയ വഴി ഗവർണമാരെ ഉപയോഗപ്പെടുത്തി വിദ്യാഭ്യാസ രംഗത്ത് ഇടപെടുക എന്നതാണെന്നാണ് സി പി എം ആരോപിക്കുന്നത്

